28 November Saturday
ട്രോമാ കെയര്‍ യൂണിറ്റ് തുടങ്ങി

ജില്ലാ ആശുപത്രിക്ക്‌ 100 കോടിയുടെ മാസ്‌റ്റർ പ്ലാൻ: മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020

കണ്ണൂർ ജില്ലാ ആശുപത്രി ട്രോമാ കെയർ യൂണിറ്റ് മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്യുന്നു

കണ്ണൂർ
ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന്‌ 100 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ.  ആദ്യഘട്ടമായി  56 കോടിയുടെ പ്രവൃത്തി തുടങ്ങി. കാഷ്വാലിറ്റി നവീകരിച്ചു. 2.57 ലക്ഷം കോടി രൂപയുടെ മെറ്റേണിറ്റി ബ്ലോക്കും അത്യാധുനിക സൗകര്യങ്ങളോടെ  ഒപി   മെച്ചപ്പെടുത്താനുള്ള പ്രവർത്തനവും ആരംഭിച്ചു. 
കാർഡിയോ വിഭാഗവും സ്‌ട്രോക്ക് ചികിത്സയും  കാത്ത്‌ലാബും ആരംഭിക്കുന്നുണ്ട്. ബ്ലഡ് ബാങ്കും കുട്ടികളുടെ ബ്ലോക്കും മോർച്ചറിയും നവീകരിച്ചതായും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ട്രോമ കെയർ യൂണിറ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
ട്രോമാ കെയർ സെന്ററിൽ പ്രവേശിപ്പിക്കുന്നയാളുടെ അപകടനില  അനുസരിച്ച് റെഡ്, യെല്ലോ, ഗ്രീൻ എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ്  അടിയന്തര വൈദ്യസഹായം നൽകുന്നത്.  15 ബെഡാണ് യൂണിറ്റിലുള്ളത്. റെഡ് സോണിൽ വെന്റിലേറ്റർ സൗകര്യത്തോടെയുള്ള രണ്ട് ബെഡും ഗുരുതര സ്വഭാവമില്ലാത്ത കേസുകൾക്കായുള്ള യെല്ലോ സോണിൽ നാല് ബെഡും നിരീക്ഷണത്തിൽ കഴിയുന്നവർക്കായുള്ള ഗ്രീൻ സോണിൽ ഒമ്പത് ബെഡുമാണ് ഒരുക്കിയത്. 
യൂണിറ്റിൽ പ്രവേശിപ്പിക്കുന്ന സ്ഥലത്ത് പൊലീസ് എയ്ഡ് പോസ്റ്റ് സംവിധാനവുമുണ്ട്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ഹൗസ് സർജൻ, എന്നിവർക്കായി പ്രത്യേകം മുറിയും ഇവിടെയുണ്ട്. കോവിഡ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ലഭ്യമാക്കിയ മാരുതി ഇഇസിഒ 25 ആംബുലൻസിന്റെ സമർപ്പണവും മന്ത്രി നിർവഹിച്ചു. 
90 കോടി രൂപ ചെലവിലാണ് ട്രോമ കെയർ യൂണിറ്റ് സജ്ജമാക്കിയത്. ഒരു കോടിയോളം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെയുള്ളത്. ജില്ലാ പഞ്ചായത്ത് ആശുപത്രി വികസന സമിതിയിൽനിന്ന്‌ അനുവദിച്ച 15 ലക്ഷം രൂപ ഉൾപ്പെടെയാണിത്.
 മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌  കെ വി സുമേഷ്, വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്ഥിരംസമിതി അധ്യക്ഷൻ കെ പി ജയബാലൻ, ജില്ലാ പഞ്ചായത്തംഗം അജിത് മാട്ടൂൽ, ജില്ലാ മെഡിക്കൽ ഓഫീസർ  നാരായണ നായിക്, കാന്റോൺമെന്റ് വൈസ് പ്രസിഡന്റ് കേണൽ പദ്മനാഭൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് വി കെ രാജീവൻ എന്നിവർ  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top