16 October Saturday

മാറുന്നു, പുഴയും പരിസരവും

എൻ കെ സുജിലേഷ്Updated: Monday Sep 27, 2021
കണ്ണൂർ
പുഴ സംരക്ഷണമെന്നതിൽ തുടങ്ങി വിപുലമായ വഴികളിലേക്കൊഴുകുകയാണ്‌ കാനാമ്പുഴ അതീജീവനപദ്ധതി. ഭാവനാപൂർണമായ ഇടപെടലുകളിലൂടെ ഒരു പുഴയെയും അതിനുപരിസരത്തെയും എങ്ങനെ മാറ്റാമെന്നു തെളിയിക്കുകയാണ്‌ ജനകീയ സമിതി. പുഴയരികുകൾ സംരക്ഷിക്കുകയും തെളിനീരുറവയായി കാനാമ്പുഴയെ മാറ്റുകയും ചെയ്യുന്നതിനൊപ്പം വിശാലമായ തരിശിടങ്ങളെ ആരോഗ്യകരമായ പച്ചപ്പിലേക്കും നിലവിലുള്ള സാധ്യതകളെ ടൂറിസമടക്കമുള്ള പുതുമേഖലകളിലേക്കും വഴിതിരിച്ചുവിടുകയുമാണ്‌ ലക്ഷ്യം. 
പദ്ധതികൾ പലവിധം
വിവിധ വകുപ്പുകളുടെ ഫണ്ടിനൊപ്പം എംഎൽഎ ഫണ്ടും ഉപയോഗപ്പെടുത്തിയാണ്‌ അതീജീവന പദ്ധതി പുരോഗമിക്കുന്നത്‌. ഒരുപദ്ധതിക്കായി ഒരു ഫണ്ട്‌ എന്നത്‌ പ്രായോഗികമായ തടസ്സങ്ങൾക്കും കാലതാമസത്തിനും ഇടയാക്കുമെന്നതിൽനിന്നാണ്‌ പല പദ്ധതികളാക്കി ഒരുമാസ്‌റ്റർ പ്ലാനിൽപുഴ അതിജീവിച്ചത്‌. ഹരിതകേരളം മിഷനും നബാർഡും ജലവിഭവവകുപ്പും അമൃതും രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എംഎൽഎ ഫണ്ടും എല്ലാം ചേർന്ന്‌ പത്തുകോടിയോളം രൂപയുടെ പ്രവർത്തനമാണ്‌ പുരോഗമിക്കുന്നത്‌.  കാനാമ്പുഴയിൽ  ചെറുതടയണകളുടെ നിർമാണവും അരിക്‌ സംരക്ഷണവും  ഏറെക്കുറെ പൂർത്തിയായി. അനുബന്ധ തോടുകളുടെ അരികുകൾ കയർഭൂവസ്‌ത്രം പുതപ്പിച്ചും സംരക്ഷിക്കുന്നു. ഇതുവഴി കാനാമ്പുഴയിലേക്ക്‌ ചെളിയും മറ്റും എത്തുന്നത്‌ തടയാനാകുമെന്നതാണ്‌ പ്രത്യേകത. പലയിടത്തും പുഴയുടെ ഒഴുക്ക്‌ തടസ്സപ്പെടുത്തിയിരുന്നത്‌ ചെളിയും മറ്റുമാലിന്യങ്ങളും കെട്ടിനിന്ന്‌ തിട്ടകൾ രൂപപ്പെട്ടതിനാലായിരുന്നു. ഇത്‌ പരിഹരിക്കുന്നതിന്‌ പുഴയുടെ തുടക്കം മുതൽ ഒടുക്കം വരെ കെട്ടിനിന്ന മണ്ണൺ തിട്ടകൾ ആദ്യഘട്ടത്തിൽ തന്നെ നീക്കംചെയ്‌തു. ഒഴുക്ക്‌ തടയുന്ന പായലുകളും നീക്കിയിരുന്നു. അനുബന്ധതോടുകളും ആവാസവ്യവസ്ഥയ്‌ക്ക്‌ ഒരു കോട്ടവും തട്ടാതെയാണ്‌ നവീകരിച്ചത്‌. കാനാമ്പുഴയുടെ അരികുകളിലെ വയലുകളിൽ അനുബന്ധതോടുകളിൽനിന്ന്‌ വെള്ളം കയറുന്നതും തടഞ്ഞു. നീർത്തട സംരക്ഷണ പ്രവർത്തനങ്ങളാണ്‌ കാനാമ്പുഴ അതീജീവന പദ്ധതിയെ വേറിട്ടതാക്കിയത്‌. രണ്ടുകോടിയോളം രൂപ നീർത്തടസംരക്ഷണപ്രവർത്തനങ്ങൾക്കുമാത്രമായാണ്‌ ചെലവഴിക്കുന്നത്‌. പുഴ സംരക്ഷണത്തിന്റെ ഭാഗമായി നടന്ന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതും ഇതുതന്നെ. ദൂരക്കാഴ്‌ചയോടെയുള്ള ആസൂത്രണമാണ്‌ ഇക്കാര്യത്തിൽ നടന്നത്‌. മഴവെള്ളം ഉപയോഗശൂന്യമാകുന്നതിന്‌ തടയിടുന്നതിനും ശാസ്‌ത്രീയ രീതികൾ പ്രവർത്തികമാക്കി. 
കൃഷി വളരും, ടൂറിസവും
പുഴ കടന്നുപോകുന്ന പ്രദേശങ്ങളിൽ കൃഷി വ്യാപിപ്പിക്കുന്നതിനു ലക്ഷ്യമിട്ടാണ്‌ പലവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തത്‌. വയലുകളിലും പരിസരത്തെ കരപ്രദേശങ്ങളിലും കൃഷിചെയ്യുന്നതിന്‌ അതിജീവനപദ്ധതിയുടെ ആദ്യഘട്ടം മുതൽ തന്നെ പ്രോത്സാഹനം നൽകിയിരുന്നു. 165 ഏക്കറിലധികം കൃഷിയോഗ്യമായ ഭൂമിയാണ്‌ ഇരുകരകളിലുമായി ഉള്ളത്‌.  കൃഷി പുനരുജ്ജീവനത്തിനൊപ്പം പരിസരവാസികൾക്ക്‌ പുതിയ വരുമാനമാർഗംകൂടി തുറന്നുകൊടുക്കുന്നതാകുമിതെന്ന്‌ അതിജീവനസമിതി കൺവീനർ എൻ ചന്ദ്രൻ പറഞ്ഞു. പലയിടത്തും ഏക്കറുകളോളം പരന്നുകിടക്കുന്ന വയലുകൾക്ക്‌ നടുവിലൂടെയാണ്‌ കാനാമ്പുഴ കടന്നുപോകുന്നത്‌. ഇവിടങ്ങളിൽ അരികുസംരക്ഷണത്തിന്‌ കെട്ടിയ ഭിത്തികൾ നടപ്പാതയായും ഉപയോഗിക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top