05 June Monday

റോഡുകൾ തുറന്നു 
തലശേരിക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

തലശേരി എംജി റോഡിലൂടെ വാഹനങ്ങൾ കടന്നുപോവുന്നു

 തലശേരി

കോൺക്രീറ്റ്‌ ചെയ്‌ത്‌ നവീകരിച്ച എം ജി റോഡും ആശുപത്രി റോഡും തുറന്നു. റോഡുകൾ അടച്ചതിനാൽ സ്‌തംഭിച്ച നഗരത്തിലെ വ്യാപാരമേഖലക്കും ജനങ്ങൾക്കും ആശ്വാസം പകരുന്നതാണിത്‌. റോഡ്‌ തുറന്നില്ലെങ്കിൽ തിങ്കളാഴ്‌ച മുതൽ അനിശ്‌ചിതകാല കടയടപ്പ്‌ സമരം വ്യാപാരി വ്യവസായി സമിതി പ്രഖ്യാപിച്ചിരുന്നു. 
   ഹാർബർ എൻജിനിയറിങ്‌ വകുപ്പും നഗരസഭയും അടിയന്തര യോഗം ചേർന്നാണ്‌ റോഡുകൾ തുറക്കാൻ തീരുമാനിച്ചത്‌. എം ജി റോഡിൽ നഗരസഭാ ഓഫീസിന്‌ സമീപം പൈപ്പ്‌ ലൈൻ കടന്നുപോകുന്ന ഭാഗത്ത്‌ കോൺക്രീറ്റ്‌ ചെയ്‌തിരുന്നില്ല. ഇവിടെ കോൺക്രീറ്റ്‌ കട്ടകൾ പാകൽ മാത്രമാണിനി ബാക്കി. താൽക്കാലികമായി മെറ്റലിട്ടാണ്‌ ഗതാഗതത്തിന്‌ തുറന്നത്‌. റോഡ്‌ തുറന്നശേഷം ഇത്‌ പൂർത്തിയാക്കാനാണ്‌ ധാരണ. 
   പൊടിശല്യം രൂക്ഷമായതിനാൽ വെള്ളം പമ്പ്‌ ചെയ്‌താണ്‌ വാഹനങ്ങൾ കടത്തിവിട്ടത്‌. ആയിരത്തോളം വ്യാപാരസ്ഥാപനങ്ങളും വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും ജനറൽ ആശുപത്രിയുമുള്ള പ്രധാന കേന്ദ്രമാണ്‌ പഴയസ്‌റ്റാൻഡ്‌. കോൺക്രീറ്റ്‌ ചെയ്‌ത്‌ റോഡ്‌ നവീകരിക്കുന്നതിനായി ജനുവരി രണ്ടിനാണ്‌ ആശുപത്രി റോഡ്‌ അടച്ച്‌ പ്രവൃത്തി തുടങ്ങിയത്‌. തുറമുഖ വകുപ്പിന്റെ സഹകരണത്തോടെ രണ്ടരക്കോടി രൂപ ചെലവിലാണ്‌ റോഡ്‌ നവീകരിച്ചത്‌. 
     ജനറൽ ആശുപത്രി ജങ്‌ഷൻ മുതൽ ഓട്ടോസ്‌റ്റാൻഡ്‌ വരെയുള്ള ആദ്യഘട്ട പ്രവൃത്തി പൂർത്തിയായതാണ്‌. ഇതുവഴി വാഹനവും കടത്തിവിട്ടിരുന്നു. രണ്ടാംഘട്ടത്തിൽ ശരദാ കൃഷ്‌ണയ്യർ ഓഡിറ്റോറിയംമുതൽ പഴയ സ്‌റ്റാൻഡുവരെയാണ്‌ കോൺക്രീറ്റ്‌ ചെയ്‌തത്‌. 25 ലക്ഷം രൂപ ചെലവിൽ പഴയ കുടിവെള്ള പൈപ്പ്‌ ലൈനും മാറ്റി സ്ഥാപിച്ചു. നടപ്പാതയിൽ ടൈൽസ്‌ പാകാനും കൈവരി സ്ഥാപിക്കാനും 1.6 കോടി രൂപയുടെ പദ്ധതിയുമുണ്ട്‌. കരാറുകാരുടെ മെല്ലെപ്പോക്കിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top