07 July Tuesday

ലോക്ക് ഡൗണില്ല പ്രകൃതിയിലെ കാഴ്ചകൾക്ക്

സുപ്രിയ സുധാകർUpdated: Thursday Mar 26, 2020

അഭിനന്ദ്

കണ്ണൂർ

ഇര തേടുന്ന ഓന്ത്, വല നെയ്യുന്ന ചിലന്തി, പക്ഷിക്കൂട്ടിലെ മുട്ട തുടങ്ങി പ്രകൃതിയുടെ മടിത്തട്ടിലെ കൗതുകങ്ങൾതേടിയാണ് പിണറായിയിലെ വി കെ അഭിനന്ദിന്റെ യാത്ര. കോവിഡ്‌ വ്യാപനത്തിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ പുറംയാത്ര പറ്റില്ലെങ്കിലും പരീക്ഷണത്തിലെ പുതുവഴി ഈ പത്താംക്ലാസുകാരനെ ഹരംകൊള്ളിക്കുന്നു. അമ്മയുടെ മൊബൈൽഫോണുമായി രാവിലെ പറമ്പിലിറങ്ങുന്ന അഭിനന്ദ് സൂക്ഷ്മമായ കാഴ്ചകളും ജീവജാലങ്ങളുടെ ജീവിതവുമാണ് പകർത്തുന്നത്. വെളിച്ചത്തിന്റെയും നിറങ്ങളുടെയും അപൂർവവും സുന്ദരവുമായ മിശ്രണം ചിത്രങ്ങളിൽ പതിയുന്നു.
     കോവിഡ് –-19 വ്യാപനം ഒഴിവാക്കുന്നതിനായി രാജ്യം മുഴുവൻ അടച്ചിട്ടതോടെ മൊബൈൽ ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യത തേടുകയാണ് അഭിനന്ദ്. ജാഗ്രതക്കാലത്ത് സമൂഹ്യ അകലം പാലിച്ച്  എങ്ങനെ അവധിക്കാലം ആഘോഷിക്കാമെന്ന് ചിന്തിക്കുമ്പോഴാണ് അഭിനന്ദിന്റെ ചിന്തയിൽ മൊബൈൽ ഫോൺ തെളിഞ്ഞത്. അമ്മ അഞ്ചരക്കണ്ടി ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരി വി കെ രേഖയും അവധിയിലായതോടെയാണ് അമ്മയുടെ മൊബൈൽഫോൺ കൈയിൽ കിട്ടിയത്. അതോടെ  ഫോട്ടോഗ്രഫിയിൽ പരീക്ഷണങ്ങളും തുടങ്ങി. ഫോട്ടോകൾ കണ്ടവർ മികച്ച അഭിപ്രായം പറഞ്ഞതോടെ ഇവയുടെ പ്രദർശനം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അച്ഛൻ  വനിതാ കോ–- ഓപ്പറേറ്റീവ് കോളേജ്  ചെയർമാൻകൂടിയായ അഡ്വ. വി പ്രദീപൻ. പിണറായി എ കെ ജി എംഎച്ച്എസ്എസിൽ പഠിക്കുന്ന അഭിനന്ദ് ബാലസംഘം പാറപ്രം വില്ലേജ് ജോ. സെക്രട്ടറിയാണ്.
പ്രധാന വാർത്തകൾ
 Top