25 May Monday

പൂഴ്‌ത്തിവയ്‌പും വിലക്കയറ്റവും തടയാന്‍ പരിശോധന ശക്തം

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

കണ്ണൂർ

ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ അമിതവില ഈടാക്കിയ വ്യാപാരികൾക്കെതിരെ കർശന നടപടികൾ. കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അമിതവില ഈടാക്കിയ വ്യാപാരികൾക്കെതിരെ അവശ്യസാധന നിയമ പ്രകാരം നടപടി സ്വീകരിച്ചു. സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ  താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.  
തളിപ്പറമ്പ്, പയ്യന്നൂർ, രാമന്തളി, പെരുമ്പ എന്നിവിടങ്ങളിലെ 25 വ്യാപാര സ്ഥാപനങ്ങളിലും കണ്ണൂർ താലൂക്കിലെ കണ്ണൂർ ടൗൺ, നാറാത്ത്, പാപ്പിനിശേരി ഭാഗങ്ങളിലെ 32 സ്ഥാപനങ്ങളിലും ഇരിട്ടി, മട്ടന്നൂർ, കേളകം ഭാഗങ്ങളിൽ 12 സ്ഥാപനങ്ങളിലും തലശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ 15 സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ മനോജ് കുമാർ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top