27 September Monday
പൊതുജനാരോഗ്യ മേഖല 


മലയാളികള്‍ക്ക്‌ 
അഭിമാനം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021

ജില്ലാ ടിബി ആൻഡ്‌ എയ്ഡ്സ് കൺട്രോൾ സെന്റർ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കുന്നു

കണ്ണൂർ
കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം ലോകമെങ്ങുമുള്ള മലയാളികൾക്ക്‌ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃകാപ്രവർത്തനങ്ങളാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്നത്‌.  നിപാ, പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ നേരിട്ട് ആരോഗ്യമേഖലയിൽ സമഗ്ര പുരോഗതി കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.  കണ്ണൂർ പള്ളിക്കുന്നിൽ ജില്ലാ ടിബി ആൻഡ്‌ എയ്ഡ്സ് കൺട്രോൾ സെന്ററിന്റെ നവീകരിച്ച കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യന്ത്രി.  
 മാതൃകാപരമായ തയ്യാറെടുപ്പുകളിലൂടെ നടത്തിയ പ്രവർത്തനത്തിലൂടെയാണ്‌  കേരളത്തിന്റെ നേട്ടം.  856  പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. ഇവയിൽ 474 എണ്ണം പൂർത്തിയായി.  നിർമാണം പൂർത്തിയായ ആറ് സ്ഥാപനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
നവീകരിച്ച ടിബി സെന്റർ  
തുറന്നു
ജില്ലാ ടിബി ആൻഡ്‌ എയ്ഡ്സ് കൺട്രോൾ സെന്ററിന്റെ നവീകരിച്ച കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. ജില്ലയിലെ ടിബി, എയ്ഡ്സ് കൺട്രോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്‌  സെന്ററാണ്‌.  75 ലക്ഷം രൂപ ചെലവിലാണ്‌  പള്ളിക്കുന്നിൽ ടിബി സെന്റർ കെട്ടിടം നവീകരിച്ചത്. ക്ഷയം –-നെഞ്ച് രോഗ പരിശോധന ഒപി വിഭാഗം, എക്സ് റേ, ലബോറട്ടറി, ഇസിജി സൗകര്യം, സൗജന്യ ടിബി മോളിക്യുലാർ പരിശോധന, എൻടി ഇപി, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സേവനങ്ങൾ, പരിശീലനങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്.   ജില്ലയിലെ 16 സ്വകാര്യ ആശുപത്രികളുമായി ചേർന്ന് സ്റ്റെപ് സെന്ററുകളും പ്രവർത്തിക്കുന്നു. പരിമിതമായ സൗകര്യങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ച സെന്റർ പള്ളിക്കുന്നിലെ ജെപിഎച്ച്എൻ ട്രെയിനിങ്‌ സെന്റർ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. 
സെൻട്രൽ ടിബി ഡിവിഷൻ നൽകിയ ഡിജിറ്റൽ എക്സ്റേ മെഷീനിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. ശിലാഫലകം കെ വി സുമേഷ് എംഎൽഎ അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ ടിബി ട്രൈബൽ ന്യൂട്രീഷൻ പദ്ധതി  പ്രസിഡന്റ്‌  പി പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു. ആദിവാസി വിഭാഗത്തിലെ ടിബി ബാധിതർക്കാണ് പ്രതിമാസം 1600 രൂപയുടെ പോഷക ഭക്ഷ്യകിറ്റ് നൽകുക.  
ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. ആരോഗ്യ കുടുംബക്ഷേമ  പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ പങ്കെടുത്തു.  പള്ളിക്കുന്നിൽ നടന്ന ചടങ്ങിൽ മേയർ അഡ്വ.  ടി ഒ മോഹനൻ,  അഡ്വ. പി ഇന്ദിര,  വി കെ സുരേഷ് ബാബു,  ഡോക്ടർമാരായ  പി കെ അനിൽകുമാർ,  എം കെ ഷാജ്,   ജി അശ്വിൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top