21 October Monday

കൂണിന്‌ പിറകെ കണ്ണൂരും

പ്രത്യേക ലേഖകൻUpdated: Saturday Aug 24, 2019

കണ്ണൂർ

കൂൺകൃഷിയിലേക്ക്‌ കണ്ണൂരും ചുവടുവയ്‌ക്കുന്നു. വീടിനകത്ത്‌ ചെയ്യാൻപറ്റുന്ന അപൂർവകൃഷിയാണ്‌ കൂൺ. കാര്യമായ വിപണിയില്ലാത്തതും വേഗത്തിൽ വിറ്റഴിക്കേണ്ടതിനാലും കൂൺ കൃഷിയിലേക്ക്‌ വരുന്നവരുടെ എണ്ണം പരിമിതമായിരുന്നു.  ജില്ലാ കൃഷി വിജ്ഞാൻ കേന്ദ്രവും മഷ്‌റൂം ഗ്രോവേഴ്‌സ്‌ അസോസിയേഷനും പരിശീലന ക്ലാസുമായി രംഗത്തിറങ്ങിയതോടെ ഇതിന്‌ മാറ്റംവരാൻ തുടങ്ങി. വളപ്രയോഗം വേണ്ടാത്ത കൃഷിയെന്നതാണ്‌ കൂണിനെ വേറിട്ട്‌ നിർത്തുന്നത്‌. വൈക്കോൽ, ഈർക്കിൽ ഒഴിവാക്കിയ ഉണങ്ങിയ തെങ്ങോല, കവുങ്ങിൻപാള, ചകിരിച്ചോറ്‌ ഉണക്കിയത്‌, അടയ്‌ക്കാത്തോട്‌, ഈർച്ചപ്പൊടി, കരിമ്പിൻ ചണ്ടി എന്നിവയാണ്‌ ഉപയോഗിക്കുന്നത്‌. ഫംഗസ്‌ കയറാതിരിക്കാൻ ഓർഗാനിക്‌, കെമിക്കൽ രീതികളിൽ ഇവ ഉണക്കിയെടുത്ത്‌ പോളിപ്രോപറിൻ കവറിൽ നിക്ഷേപിക്കും. രണ്ടിഞ്ച്‌ കനത്തിൽ വൈക്കോലുംമറ്റും ഇട്ടതിനുശേഷം അരികിലൂടെ കൂൺ വിത്തിടും. അതിന്‌ മുകളിൽ മൂന്നിഞ്ച്‌ കനത്തിൽ വീണ്ടും വൈക്കോലും തുടർന്ന്‌ കൂൺ വിത്തുമിടും. ഇത്‌ 15 ദിവസത്തോളം ഇരുട്ടുള്ള സ്ഥലത്ത്‌ ഉറിയിലും തുടർന്ന്‌ വെളിച്ചവും വായുവും കിട്ടുന്നിടത്ത്‌ തൂക്കിയിടണം. മൂന്നാംദിവസം ബക്കറ്റ്‌ വെള്ളത്തിൽ അൽപസമയം മുക്കിവെക്കുക. അഞ്ച്‌ മുതൽ പത്ത്‌ ദിവസത്തിനുള്ളിൽ കൂൺ മുളച്ച്‌ വരും. 60 മുതൽ 72 മണിക്കൂറിനുള്ളിൽ  വിളവെടുക്കണം. മുളച്ചുതീരാൻ രണ്ട്‌ ദിവസമെടുക്കും. ഒരു കവറിൽനിന്ന്‌  മൂന്നുതവണ വിളവെടുക്കാം. ചിപ്പി കൂണാണ്‌ ഇങ്ങനെ ഉൽപാദിപ്പിക്കുന്നത്‌.    
 സംസ്ഥാനത്ത്‌ 700 പേർ വാണിജ്യാടിസ്ഥാനത്തിൽ കൂൺകൃഷി ചെയ്യുന്നുണ്ട്‌. പതിനായിരത്തോളംപേർ സ്വന്തം ആവശ്യത്തിനുള്ള കൃഷി നടത്തുന്നുണ്ട്‌. ഒരു കവറിൽനിന്ന്‌ ശരാശരി ഒന്നരകിലോ കൂൺ ലഭിക്കും. ഇതിനുള്ള വിത്തിന്‌ 35 രൂപ നൽകണം. കവർ അടക്കമാണെങ്കിൽ 50 രൂപ കൊടുക്കണം. ചിപ്പി കൂണിന്‌ കിലോയ്‌ക്ക്‌ 400 രൂപ വരെയുണ്ട്‌.  എന്നാൽ കർഷകർക്ക്‌ 200 രൂപ മാത്രമാണ്‌ ലഭിക്കുന്നത്‌.

 

പ്രധാന വാർത്തകൾ
 Top