28 May Thursday
കോവിഡ്‌ രോഗിയുടെ വാട്‌സ്‌ആപ്‌ കുറിപ്പ്‌ വൈറൽ

‘നമ്മുടെ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിതുറക്കാതിരിക്കട്ടെ '

സ്വന്തം ലേഖികUpdated: Tuesday Mar 24, 2020

കണ്ണൂർ

കഴിഞ്ഞ ദിവസം കോവിഡ് –-19 സ്ഥിരീകരിച്ച കുഞ്ഞിമംഗലം സ്വദേശിയുടെ വാട്‌സ്‌ആപ് കുറിപ്പ്‌ വൈറലാകുന്നു. ‘ആരോഗ്യവകുപ്പ് നിർദേശം കർശനമായി പാലിച്ചതിനാൽ നാട്ടുകാർ ഭയപ്പെടേണ്ട’ എന്ന ആമുഖത്തോടെയാണ് കുറിപ്പ്‌ ആളുകൾ കോപ്പിചെയ്ത് പ്രചരിപ്പിക്കുന്നത്.
പോസിറ്റീവ്‌ പരിശോധനാഫലം വന്ന് മണിക്കൂറുകൾക്കകം യുവാവ്‌ ഇട്ട വാട്‌സ്‌ആപ് സ്റ്റാറ്റസ് ഇങ്ങനെ: ‘‘മാർച്ച് 17ന് ദുബായിൽനിന്ന്‌ പുറപ്പെട്ട് 18ന് നാട്ടിൽ എത്തിച്ചേർന്നു. എയർപോർട്ടിൽ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കാണാൻ സാധിച്ചില്ല. എന്നാലും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അവർ കർശന നിർദേശം നൽകി.
     19ന് പനി തുടങ്ങിയതിനാൽ ഞാൻ ഹെൽപ്‌ ലൈനിലേക്ക് വിളിച്ചു.  കാർ സ്വയം ഡ്രൈവ് ചെയ്‌ത് പരിയാരം മെഡിക്കൽ കോളേജിലെത്തി അഡ്മിറ്റായി.  22ന് എനിക്ക് കോവിഡ്‌ –-19 ബാധിച്ചു എന്ന്‌ റിപ്പോർട്ട്‌ കിട്ടി. നിലവിൽ എന്റെ ആരോഗ്യനില തീർത്തും തൃപ്തികരമാണ്. ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിർദേശങ്ങൾ കൃത്യമായി അനുസരിച്ചു പ്രവർത്തിച്ചതുകൊണ്ട് എന്നിൽനിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ സൂക്ഷിക്കാൻ സാധിച്ചെന്ന് എനിക്ക് ബോധ്യമുണ്ട്. കുറച്ചുദിവസംകൂടി മെഡിക്കൽ കോളേജിൽ കഴിയേണ്ടി വന്നേക്കാം. പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എനിക്ക് നല്ല പരിചരണമാണ് ലഭിക്കുന്നത്. ഈ സന്ദിഗ്ധഘട്ടത്തിൽ സ്വന്തം ആരോഗ്യം പോലും അവഗണിച്ച്‌  രോഗബാധിതരെ ശ്രദ്ധാപൂർവം പരിചരിക്കുന്ന പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും നേഴ്സുമാർക്കും മറ്റു സ്റ്റാഫുകൾക്കും ആരോഗ്യവകുപ്പ് ജീവനക്കാർക്കും മാർഗനിർദേശങ്ങൾ നൽകി മുന്നിൽനിൽക്കുന്ന ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും എന്റെ ആയിരം നന്ദി. 
ആരോഗ്യവകുപ്പ്  നിർദേശങ്ങൾ അനുസരിച്ചില്ലായിരുന്നെങ്കിൽ ഈ രോഗം ഞാൻ കാരണം അനേകം പേരിലേക്ക് പകരുമായിരുന്നു. എന്റെ പ്രവാസി സഹോദരങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങൾ നാട്ടിൽ എത്തിയാൽ 14 ദിവസം  വീട്ടുകാരുമായി അകലം പാലിച്ചു നിർബന്ധമായും വീട്ടിൽ കഴിയണമെന്നാണ്. പ്രവാസികളിൽ ചിലർ ഇത്തരം നിർദേശങ്ങൾക്ക് വേണ്ടത്ര വില കല്പിച്ചു കാണുന്നില്ല. നമ്മുടെ അശ്രദ്ധ നമ്മുടെയും  കുടുംബത്തിന്റെയും നാട്ടുകാരുടെയും ദുരന്തത്തിന് വഴി തുറക്കാതിരിക്കട്ടെ.’’
 വ്യാജപ്രചാരണവും അനാവശ്യ ഭീതികളും ഇല്ലാതാക്കാനാണ് കുറിപ്പിട്ടതെന്ന് ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ  ഐസൊലേഷനിൽ കഴിയുന്ന യുവാവ്‌ ഫോണിൽ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. നാടിന്‌ പുറത്തുനിന്ന് നമ്മൾ കൊണ്ടുവന്ന അസുഖമാണിത്. ഇവിടെയുള്ളവർക്ക് വരാതിരിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്‌–- അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top