17 June Monday

മനം കവർന്ന് പി ജെ

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

വടകര ലോക‌്സഭാ മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജന‌് പേരാമ്പ്രയിൽ നൽകിയ സ്വീകരണത്തിൽ യൂത്ത‌് ബ്രിഗേഡ‌് പ്രവർത്തകർക്കൊപ്പം.

പേരാമ്പ്ര
ആവേശം വാനോളമുയർത്തി പേരാമ്പ്രയുടെ മനം കവർന്ന് പി ജയരാജന്റെ മണ്ഡലം പര്യടനം. മീനച്ചൂടിനെ അപ്രസക്തമാക്കി സ്ഥാനാർഥിയെ വരവേൽക്കാനെത്തിയത് ആയിരങ്ങൾ. വെട്ടിയരിഞ്ഞും വേട്ടയാടിയും ഇല്ലാതാക്കാനുള്ള നീക്കം അതിജീവിച്ച ജയരാജൻ ഇതിനകം ജനഹൃദയങ്ങളിൽ ചേക്കേറിക്കഴിഞ്ഞു.  സ്വീകരണ കേന്ദ്രങ്ങളിൽ ഉയരുന്നത് നേരിന്റെ കടലിരമ്പം. ശനിയാഴ്ച രാവിലെ ഒമ്പതിന് വോട്ടഭ്യർഥനക്കൊപ്പം ജന സേവനവുമെന്ന മുദ്രാവാക്യവുമായി പേരാമ്പ്ര ടാക്സി സ്റ്റാൻഡിൽ അണിനിരന്ന എൽഡിഎഫ് യുവജന സംഘടനകളുടെ നേതൃത്വത്തിലുള്ള  ആയിരത്തോളം യൂത്ത് ബ്രിഗേഡിന്റെ ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. പാസിങ‌് ഔട്ട് പരേഡിൽ കേരളത്തിൽ സാന്ത്വന പരിചരണരംഗത്ത് പ്രശസ്തമായ കണ്ണൂർ ഐആർപിസിയുടെ ചെയർമാൻകൂടിയായ സ്ഥാനാർഥി പി ജയരാജൻ അഭിവാദ്യം സ്വീകരിച്ചു. എൽജെഡി നേതാക്കളായ കെ പി മോഹനൻ, മനയത്ത് ചന്ദ്രൻ, സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ  തുടങ്ങിയവർ സന്നിഹിതരായി. സി സുജിത്ത് അധ്യക്ഷനായി. എസ് കെ സജീഷ് സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് വാല്യക്കോട് നിന്നാരംഭിച്ച പര്യടന പരിപാടി മുൻ മന്ത്രിയും എൽജെഡി സംസ്ഥാന നേതാവുമായ കെ പി മോഹനൻ ഉദ്ഘാടനംചെയ്തു. നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന‌് കുരുടിമുക്ക്, അരിക്കുളം പഞ്ചായത്ത് മുക്ക്, കീഴരിയൂരിലെ കുന്നോത്ത് മുക്ക്, നരക്കോട് എന്നിവിടങ്ങളിലെ ഉജ്വല സ്വീകരണങ്ങൾ  പിന്നിട്ട് മേപ്പയൂരിനടുത്ത ട്രാൻസ‌്ഫോർമർ    മുക്കിലെത്തുമ്പോൾ സമയം 12 കഴിഞ്ഞിരുന്നു. മേപ്പയൂർ ടൗണിലെ നൂറിൽ പരം ഓട്ടോകളുടെയും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ സ്ഥാനാർഥിയെ മേപ്പയൂർ ടൗണിലേക്ക് ആനയിച്ചു. മുത്തുക്കുടകളും ബാനറുകളും സ്ഥാനാർഥിയുടെ ചിത്രംപതിച്ച ബോർഡുകളുമായി വൻ ജനാവലിയാണ‌് ടൗണിൽ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത‌്.മേപ്പയൂരിൽ മുസ്ലിംലീഗിന്റെ പ്രമുഖ നേതാക്കളായ അഞ്ചുപേർ രാജിവച്ച് പി ജയരാജനെ സ്വീകരിക്കാനെത്തിയത് ആവേശം പകർന്നു. കണ്ണൂരിൽ നിന്നെത്തിയ അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ പ്രവർത്തക സമിതി അംഗം മണികണ്ഠൻ നായർ, ഐആർപിസി കൺവീനർ പി വി സതീശ് കുമാർ, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രീദിപ് എന്നിവരും ജയരാജനെ പൊന്നാടയണിയിച്ചു.തുടർന്ന് എൽഡിഎഫ്    മേപ്പയൂർ നോർത്ത് മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ പി പി രാധാകൃഷ്ണന്റെ വീട്ടിൽ ഉച്ചഭക്ഷണം. വൈകിട്ട‌്  തുറയൂർ, മുയിപ്പോത്ത്, കക്കറമുക്ക്, എരവട്ടൂർ കനാൽ മുക്ക്, കൂത്താളി, പാലേരി, പന്തിരിക്കര, മുതുകാട്, പിള്ളപ്പെരുവണ്ണ, കോടേരിച്ചാൽ എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണങ്ങൾക്ക് ശേഷം വെള്ളിയൂരിൽ സമാപിച്ചു. കേന്ദ്രങ്ങൾ അലങ്കരിച്ചും വാദ്യമേളങ്ങളൊരുക്കിയും പടക്കം പൊട്ടിച്ചും സ്വീകരണങ്ങൾ അവിസ്മരണീയമാക്കി. മുന്നണി നേതാക്കളായ എൻ കെ വത്സൻ, കെ കുഞ്ഞമ്മത്, എ കെ പത്മനാഭൻ, എ കെ ബാലൻ, എൻ കെ രാധ, എ കെ ചന്ദ്രൻ, കിഴക്കയിൽ ബാലൻ, ഇ കുഞ്ഞിക്കണ്ണൻ, എൻ പി ബാബു, കെ സജീവൻ, കെ ലോഹ്യ, കെ പി ആലിക്കുട്ടി, എം കുഞ്ഞിരാമുണ്ണി, കെ പ്രദീപ് കുമാർ, എം കുഞ്ഞമ്മത്, എസ് കെ സജീഷ്, ഇ കുഞ്ഞിരാമൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, എൻ എസ് കുമാർ, കെ കെ ഭാസ്കരൻ, കെ കുഞ്ഞിരാമൻ, എ ടി സി അമ്മത്, കെ നാരായണൻ, കെ ടി രാജൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. സ്ഥാനാർഥിക്ക് പുറമെ ആർ ശശി, കെ സുനിൽ, കെ കെ ഹനീഫ, ജെ പ്രേംഭാസിൻ, വി കെ പ്രമോദ്, സി വി രജീഷ്, പി സി സന്തോഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ മുക്കം മുഹമ്മദ് പന്തിരിക്കരയിലും സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ കോടേരിച്ചാലിലും  മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ‌് ഒ കെ വാസു വെള്ളിയൂരിലെ സമാപന സമ്മേളനത്തിലും സംസാരിച്ചു. കമ്യുണിസ്റ്റ് കാരണവരായ കെ കെ രാഘവൻ മേപ്പയൂരിലും എം കെ ചെക്കോട്ടി വെള്ളിയൂരിലും പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top