20 August Tuesday

തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിശദീകരിച്ച‌് മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Mar 24, 2019

എൽഡിഎഫ്‌ അഞ്ചരക്കണ്ടി നോർത്ത‌് ലോക്കൽ കുടുംബസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ്യുന്നു

കണ്ണൂർ 

തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വിശദീകരിച്ചും രാജ്യത്തിന്റെ നിലനിൽപിന‌് ബിജെപി ഉയർത്തുന്ന വെല്ലുവിളികൾ പങ്കുവച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. 
കഴിഞ്ഞ പത്തുവർഷം രാജ്യം ഭരിച്ച കോൺഗ്രസ‌്, ബിജെപി സർക്കാരുകൾ നടപ്പാക്കിയ ജനദ്രോഹ നടപടികൾ അക്കമിട്ട‌് അവതരിപ്പിക്കുകയായിരുന്നു എൽഡിഎഫ‌് കുടുംബസംഗമങ്ങളിൽ മുഖ്യമന്ത്രി. കേരളം മുന്നോട്ടുവച്ച ബദൽ രാഷ്ട്രീയ, വികസന സംസ‌്കാരം ഇന്ത്യയാകെ വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ജനങ്ങളെ ബോധ്യപ്പെടുത്തി. ധർമടം, അഞ്ചരക്കണ്ടി നോർത്ത‌് ലോക്കൽ കുടുംബസംഗമങ്ങളായിരുന്നു ശനിയാഴ‌്ച. 
ഇത്തവണ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായി ജനങ്ങൾ ഒറ്റക്കെട്ടായതിന്റെ വിശദീകരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.  ജനവിരുദ്ധ നിലപാടുകളിലൂടെ ജനങ്ങളെയാകെ ദ്രോഹിച്ച ബിജെപി സർക്കാരിന്റെ നടപടികളും രാജ്യംകണ്ട കൊടിയ അഴിമതികളും വിശദീകരിച്ചു. ബിജെപിക്ക‌് അധികാരത്തിലെത്താനുള്ള വഴിയൊരുക്കിയ 2009 ലെ കോൺഗ്രസ‌് സർക്കാരിന്റെ ജനവിരുദ്ധ നടപടികളും ബിജെപിയുടെ റിക്രുട്ടിങ്‌ ഏജൻസിയായി കോൺഗ്രസ‌് മാറിയതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ജനങ്ങൾ്ക്ക‌് മുന്നിൽവച്ചു. 
കഴിഞ്ഞ അഞ്ചുവർഷം എംപിയെന്ന നിലയിൽ പി കെ ശ്രീമതി ടീച്ചർ മണ്ഡലത്തിൽ നടപ്പാക്കിയ വികസനത്തെക്കുറിച്ചും മതനിരപേക്ഷ ഇന്ത്യ നിലനിർത്താൻ മറുകണ്ടം ചാടാത്തവരെയാണ‌് തെരഞ്ഞെടുക്കേണ്ടതെന്ന‌് ഓർമിപ്പിക്കാനും അദ്ദേഹം മറന്നില്ല. 
കുടുംബസംഗമങ്ങളിൽ കെ കെ രാഗേഷ‌് എംപി, സി എൻ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ധർമടം ബീച്ചിൽ നടന്ന ധർമടം സൗത്ത‌് ലോക്കൽ കുടുംബസംഗമത്തിൽ പി കെ കനകരാജ‌് അധ്യക്ഷനായി. പി എം പ്രഭാകരൻ സ്വാഗതം പറഞ്ഞു. മുഴപ്പാലയിൽ നടന്ന അഞ്ചരക്കണ്ടി നോർത്ത‌് കുടുംബസംഗമത്തിൽ പി ഭാസ‌്കരൻ അധ്യക്ഷനായി. കെ പി ലോഹിതാക്ഷൻ സ്വാഗതം പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top