18 February Monday

കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നിയന്ത്രണം: ഉത്തരവിറങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2017
കണ്ണൂര്‍ > സംസ്ഥാനം വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും ഭൂജലം സംരക്ഷിച്ച് നിര്‍ത്തുന്നതിനുമായി സ്വകാര്യ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് 2017 മെയ് 31 വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം 2005 സെക്ഷന്‍ 34(ജെ)പ്രകാരമാണ് ഉത്തരവ്. 
പൊതു കുടിവെള്ള സ്രോതസ്സുകളില്‍നിന്ന് 30 മീറ്ററിനുള്ളില്‍ പുതിയതായി കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ പാടില്ല. കുഴല്‍ക്കിണര്‍ നിര്‍മിക്കുവാന്‍ ഉദ്ദേശിക്കുന്ന സ്ഥലമുടമ പൂര്‍ണമായ മേല്‍വിലാസം, നിര്‍മാണസ്ഥലം, സര്‍വേ നമ്പര്‍, എന്ത് ആവശ്യത്തിനാണ് നിര്‍മിക്കുന്നത് എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച അപേക്ഷ പ്രഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പറേഷന്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കണം.  അപേക്ഷ ലഭിച്ച് രണ്ടുദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറി സ്ഥലം പരിശോധിച്ച് കുടിവെളള ആവശ്യത്തിന് വേണ്ടി മാത്രമാണ് കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതെന്നും അപേക്ഷകന് സ്വന്തമായി കുടിവെളളം ലഭ്യമാകുന്ന കിണറോ വാട്ടര്‍ കണക്ഷനോ പൊതുകുടിവെളള സ്രോതസ്സോ ഇല്ല എന്നും ഉറപ്പുവരുത്തിയശേഷം അനുമതി നല്‍കും.    
കുഴല്‍ക്കിണര്‍ കുഴിക്കുന്ന ഏജന്‍സികള്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ക്ക് തദ്ദേശസ്ഥാപന സെക്രട്ടറിയില്‍നിന്ന് അനുമതി പത്രം ലഭിച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തണം.  കുഴല്‍ക്കിണര്‍ നിര്‍മിച്ച ശേഷം അതിലെ വെളളം കച്ചവടം ചെയ്യപ്പെടുന്നതായോ ദുരുപയോഗമോ, അമിതമായ തോതിലുളള ജല ചൂഷണമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അധികാരമുണ്ടാകും. അനുമതി നല്‍കിയ കുഴല്‍ക്കിണറുകളുടെ എണ്ണം, നിരസിച്ച അപേക്ഷകളുടെ എണ്ണം തുടങ്ങിയ വിശദവിവരങ്ങള്‍ ആഴ്ചതോറും കലക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
നിയന്ത്രിക്കാം ജലോപയോഗം 
* പല്ല് തേക്കാനും മുഖം കഴുകാനും വാട്ടര്‍ ടാപ്പ് ഉപയോഗിക്കുന്നതിനു പകരം ചെറിയ കപ്പ് ഉപയോഗിക്കുക. 
* ഷവര്‍ ഉപയോഗിച്ച് കുളിക്കുന്നതിനു പകരം ബക്കറ്റും കപ്പും ഉപയോഗിക്കുക.
* കുടിവെള്ളമുപയോഗിച്ച് വാഹനങ്ങള്‍ കഴുകുന്നത് ഒഴിവാക്കുക. ഹോസ് പൈപ്പ് ഉപയോഗിക്കുന്നതിനു പകരം തുണി വെള്ളത്തില്‍ മുക്കി വാഹനം തുടച്ചു വൃത്തിയാക്കുക.
* പാത്രങ്ങള്‍ ഓരോന്നായി വാട്ടര്‍ടാപ്പുപയോഗിച്ച് കഴുകുന്നതിന് പകരം വലിയ പാത്രത്തിലിട്ട് കഴുകുക.
* ക്ളോസറ്റ് ഫ്ളഷ് ഉപയോഗിക്കുന്നതിനു പകരം കൈയും മുഖവും കഴുകുന്ന വെള്ളം ബക്കറ്റില്‍ ശേഖരിച്ച് അതുപയോഗിക്കുക.
* അടുക്കള, കുളിമുറി എന്നിവിടങ്ങളില്‍നിന്നുള്ള വെള്ളം ചെടി നനക്കാനോ മറ്റോ ഉപയോഗിക്കുക. 
* കെട്ടിട നിര്‍മാണ വേളയില്‍ ഭിത്തിയും വാര്‍പ്പും നനക്കുന്നതിന് കുടിവെള്ളം ഉപയോഗിക്കാതിരിരിക്കുക. കെട്ടിടനിര്‍മാണം രണ്ടുമാസത്തേക്ക് നിര്‍ത്തിവയ്ക്കുന്നതാണ് അഭികാമ്യം. 
* ഹോസ് പൈപ്പിന് പകരം ബക്കറ്റും കപ്പും ഉപയോഗിച്ച് ചെടികളും മറ്റും നനക്കുന്നതിലൂടെ വെള്ളം പാഴാവുന്നത് ഒഴിവാക്കാം.
* വലിയ ടാങ്കിലേക്ക് ഒറ്റയടിക്ക് വെള്ളമടിച്ചുകയറ്റുന്നതിനു പകരം തവണകളായി ടാങ്ക് നിറക്കുക. കിണറിലെ വെള്ളം ഒറ്റയടിക്ക് താഴേക്ക് പോവുന്നത് നീരുറവയുടെ ചെറുചാലുകള്‍ അടഞ്ഞുപോവും. 
പരിശീലനം നല്‍കി
കണ്ണൂര്‍ > വരള്‍ച്ചയെ നേരിടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജലോപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരിശീലന ശില്‍പശാല സംഘടിപ്പിച്ചു. ജില്ലാ പ്ളാനിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. 
 ജില്ലാ പ്ളാനിങ് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പ്ളാനിങ് ഓഫീസര്‍ കെ പ്രകാശന്‍,  കെ എം രാമകൃഷ്ണന്‍, വി കെ ദിലീപ്,  സുരേഷ് കസ്തൂരി,  രമ്യശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top