31 October Saturday
പ്രതിഷേധിച്ച്‌ കേരളം

കാർഷികമേഖല കോർപ്പറേറ്റുകൾക്ക്‌ തീറെഴുതരുത്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

കാർഷികമേഖല കോർപ്പറേറ്റുകൾക്ക്‌ തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യുന്നു

 തിരുവനന്തപുരം

ഭരണഘടനയെയും പാർലമെന്ററി കീഴ്‌വഴക്കങ്ങളെയും വെല്ലുവിളിച്ച്‌ കാർഷികമേഖല കോർപറേറ്റുകൾക്ക്‌ തീറെഴുതിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായ പ്രതിഷേധത്തിൽ അണിചേർന്ന്‌ കേരളവും. കേന്ദ്ര സർക്കാർ തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ആഹ്വാനംചെയ്‌ത രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്ത്‌ ജില്ലാ കേന്ദ്രങ്ങളിലാണ്‌ ബഹുജന കൂട്ടായ്‌മകൾ സംഘടിപ്പിച്ചത്‌. 
കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ നടത്തിയ പ്രതിഷേധത്തിൽ ഓരോ കേന്ദ്രത്തിലും നൂറിൽ താഴെപേർ അണിചേർന്നു‌. 
ജനദ്രോഹ കർഷക ബിൽ പിൻവലിക്കുക, ആദായനികുതി കൊടുക്കാത്ത എല്ലാ കുടുംബങ്ങൾക്കും 7,500 രൂപവീതം അക്കൗണ്ടിൽ നിക്ഷേപിക്കുക,  ആവശ്യക്കാർക്ക്‌ മാസം 10 കിലോ വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുക,  തൊഴിലുറപ്പിൽ വർഷം 200 തൊഴിൽ ദിനമെങ്കിലും  ലഭ്യമാക്കുക,  നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക,  എല്ലാ തൊഴിൽരഹിതർക്കും തൊഴിലില്ലായ്മ വേതനം നൽകുക, എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള  നീക്കം ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ പ്രതിഷേധം. തിരുവനന്തപുരം ജിപിഒക്ക്‌ മുന്നിൽ പ്രതിഷേധ കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.
കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിന്‌ മുന്നിൽ ബഹുജന കൂട്ടായ്‌മ  കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു.  ജില്ലാ സെക്രട്ടറി എം വി ജയരാജൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്‌ എംഎൽഎ,  എ എൻ ഷംസീർ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗം എൻ സുകന്യ എന്നിവർ സംസാരിച്ചു.   
സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം സുരേന്ദ്രൻ, എൻ ചന്ദ്രൻ, വത്സൻ പനോളി, ടി കെ  ഗോവിന്ദൻ, പി ഹരീന്ദ്രൻ, ടി ഐ മധുസൂദനൻ, പി വി ഗോപിനാഥ്‌  എന്നിവർ നേതൃത്വം നൽകി.
 
മോഡിയുടേത്‌  കോർപ്പറേറ്റ്‌ ശിങ്കിടി സർക്കാർ: പി കെ ശ്രീമതി 
കണ്ണൂർ
രാജ്യം ഭരിക്കുന്നത്‌ കോർപ്പറേറ്റ്‌ ശിങ്കിടി സർക്കാരാണെന്ന്‌ സിപിഐ എം  കേന്ദ്രകമ്മിറ്റി അംഗം പി  കെ ശ്രീമതി. രാജ്യത്തെ ഭൂമി മുഴുവൻ കോർപ്പറേറ്റുകൾക്ക്‌ തീറെഴുതിക്കൊടുക്കുന്ന മോഡി സർക്കാർ കർഷകരെ മൂച്ചൂടും മുടിക്കുകയാണ്‌. കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിനുമുന്നിൽ സിപിഐ എം ബഹുജന കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പി കെ ശ്രീമതി.  
   ജനങ്ങളുടെയും  പാർലമെന്റിൽ പ്രതിപക്ഷത്തിന്റെയും എതിർപ്പുകൾ മറികടന്ന്‌ ജനാധിപത്യവിരുദ്ധ നടപടിയിലൂടെയാണ്‌ കർഷകദ്രോഹ ബില്ലുകൾ പാസാക്കിയത്‌. രാഷ്‌ട്രപതി ഇത്‌ അംഗീകരിക്കാൻ പാടില്ല. ജനാധിപത്യവിരുദ്ധതയും ഫാസിസ്‌റ്റ്‌ ശൈലിയുമാണ്‌ കേന്ദ്ര സർക്കാർ പിന്തുടരുന്നത്‌. ഇന്ത്യൻ പാർലമെന്റിനെ ഹിന്ദു പാർലമെന്റാക്കുകയാണെന്നും  പി കെ ശ്രീമതി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top