20 November Wednesday

50 തികയുന്ന കണ്ണൂർ വിജിലൻസിന്‌ ഇനി സ്വന്തം ഓഫീസ്‌ കെട്ടിടം

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കണ്ണൂർ
അമ്പതാണ്ടു തികയുന്ന വേളയിൽ കണ്ണൂർ വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ യൂണിറ്റിന്‌ സ്വന്തമായി ആസ്ഥാന മന്ദിരം. താവക്കരയിൽ പണിപൂർത്തിയാക്കിയ കെട്ടിടം ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
1969 മെയ്‌ 14നാണ്‌ കണ്ണൂരിൽ വിജിലൻസ്‌ യൂണിറ്റ്‌ ആരംഭിച്ചത്‌. ചെട്ടിയാർ കുളത്തിനു സമീപം വാടകക്കെട്ടിടത്തിലായിരുന്നു ഓഫീസ്‌. എക്‌സ്‌ ബ്രാഞ്ച്‌ പൊലീസ്‌ എന്നാണ്‌ അന്ന്‌ അറിയപ്പെട്ടത്‌.  പിന്നീട്‌ എക്‌സ്‌ ബ്രാഞ്ച്‌ വിജിലൻസ്‌ ഡിവിഷനായും വിജിലൻസ്‌ ആൻഡ്‌ ആന്റി കറപ്‌ഷൻ ബ്യൂറോയായും പേര്‌ മാറി. താവക്കരയിലെ വാടകക്കെട്ടിടത്തിലാണ്‌ കുറേക്കാലമായി വിജിലൻസ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌. 
2003 ലാണ്‌ സ്വന്തം കെട്ടിടത്തിന്‌ നടപടിയാരംഭിച്ചത്‌. സ്ഥലം കോടതി വ്യവഹാരങ്ങളിൽപ്പെട്ടതിനാൽ ഇഴഞ്ഞു. 
എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വന്നശേഷം പദ്ധതിക്ക്‌ ഗതിവേഗം വന്നു. 2017 ഡിസംബർ 31ന്‌ പ്രവൃത്തി ടെൻഡർ ചെയ്‌തു.  ജനുവരിയിൽ പ്രവൃത്തി ആരംഭിച്ചു.  മേയിൽ പൂർത്തിയായി. 
ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നാല്‌ ഇൻസ്‌പെക്ടർമാർ, മൂന്ന്‌ അസി. സബ്‌ ഇൻസ്‌പെക്ടർമാർ, ആറ്‌ സീനിയർ സിവിൽ പൊലീസ്‌ ഓഫീസർമാർ, 14 സിവിൽ പൊലീസ്‌ ഓഫീസർമാർ എന്നിവരും അനുബന്ധ ജീവനക്കാരും അടങ്ങിയതാണ്‌  വിജിലൻസ്‌ യൂണിറ്റ്‌. 
രാവിലെ പത്തിനു നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. 
മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, എംപിമാരായ കെ സുധാകരൻ, കെ കെ രാഗേഷ്‌ തുടങ്ങിയവരും സംബന്ധിക്കും.
പ്രധാന വാർത്തകൾ
 Top