18 September Wednesday

ഉത്തര മലബാർ ടൂറിസം വികസനം വിദേശ ടൂർ ഓപ്പറേറ്റർമാർ എത്തുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കാസർകോട്‌
ഉത്തര മലബാറിലെ  ടൂറിസം വികസനത്തിന്‌ കുതിപ്പേകാൻ  വിദേശ രാജ്യങ്ങളിൽനിന്നുള്ള അറുപതോളം ടൂർ ഓപ്പറേറ്റർമാർ കാസർകോട്‌, കണ്ണൂർ ജില്ലകളിലെത്തും.  ബേക്കൽ റിസോർട്‌സ്‌ ഡെവലപ്‌മെന്റ് കോർപറേഷൻ (ബിആർഡിസി) ഇവരെ പങ്കെടുപ്പിച്ച്‌  പരിപാടികൾ സംഘടിപ്പിക്കും.
 ഉത്തര മലബാറിലെ വിനോദസഞ്ചാര സാധ്യതകൾ അറിയുന്നതിനും ബിസിനസ്‌ കൂട്ടാളികളെ കണ്ടെത്തുന്നതിനും ജർമനി, ഫ്രാൻസ്, യുഎസ്, ഇറ്റലി, ജപ്പാൻ, ഓസ്ട്രിയ, ബൾഗേറിയ, ഡെൻമാർക്ക്, ഹംഗറി, പോളണ്ട്, റഷ്യ, മലേഷ്യ, സൗദി അറേബ്യ, യുഎഇ, ദക്ഷിണാഫ്രിക്ക, സ്വീഡൻ, തായ്‌ലൻഡ്‌, തായ്‌വാൻ  തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് എത്തുന്നത്. ഒക്ടോബർ 24ന് കണ്ണൂർ വിമാനത്താവളംവഴി എത്തുന്ന പ്രതിനിധികൾ 26 വരെ ഉത്തര മലബാറിൽ ചെലവഴിക്കും.
   ആയുർവേദ പ്രൊമോഷൻ സൊസൈറ്റി നടത്തുന്ന ആയുർവേദ അംബാസഡേഴ്‌സ് ടൂറിന്റെ ഭാഗമായാണ്‌ ബിആർഡിസിയുമായി ചേർന്ന്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്.  ബേക്കൽ താജ്, ലളിത് റിസോർട്ടുകൾ, വിവിധ സ്‌മൈൽ  സംരംഭങ്ങൾ, കണ്ണൂർ കൈരളി ഹെറിറ്റേജ് എന്നിവയുടെയും സഹകരണമുണ്ട്‌. ഒക്ടോബർ 25ന് ബേക്കലിൽ ബിസിനസ്‌ - ടു -ബിസിനസ്‌ (ബി-ടു-ബി) മീറ്റ് നടക്കും.  ഉത്തര മലബാറിൽ  പ്രവർത്തിക്കുന്ന ആയുർവേദ സ്ഥാപനങ്ങൾ (ആശുപത്രികൾ, ക്ലിനിക്കുകൾ, പരിശീലന കേന്ദ്രങ്ങൾ) , ടൂറിസം അധിഷ്ഠിതമായ ഹോട്ടലുകൾ, റിസോർട്ടുകൾ,  ഹൗസ്‌ ബോട്ടുകൾ, ഫാമുകൾ തുടങ്ങിവയ്‌ക്ക്‌ രജിസ്റ്റർ ചെയ്യാം.  brdc@bekaltourism.com   ഇ- മെയിൽ വിലാസത്തിൽ 31-നുമുമ്പ് രജിസ്റ്റർചെയ്യണം.
പ്രധാന വാർത്തകൾ
 Top