25 July Sunday

ജ്വാലയായ്‌ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച്‌ പുല്യോട്‌ സി എച്ച്‌ നഗറിൽ സമ്പൂർണ ഗ്രാമസംഗമവും ആയിരം പന്തം ജ്വലിപ്പിക്കലും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ദീപംകൊളുത്തി ഉദ്‌ഘാടനംചെയ്യുന്നു.

തലശേരി

അനീതിയുടെ ഇരുളകറ്റാൻ പ്രതിഷേധത്തിന്റെ ആയിരം പന്തങ്ങൾ ജ്വലിച്ചു. പതിനായിരം ഹൃദയങ്ങൾ ആ പ്രതിഷേധ ജ്വാല ഏറ്റുവാങ്ങി. നാടുകടത്തലിന്റെ ഒമ്പതാം വാർഷികദിനത്തിൽ കാരായി രാജനും കാരായി ചന്ദ്രശേഖരനും മോചനം ആവശ്യപ്പെട്ട്‌  വിവിധ കേന്ദ്രങ്ങളിൽ ‘നീതിജ്വാല’ തെളിച്ചു. 
     സത്യം ജയിക്കാനും നിരപരാധികളുടെ മോചനത്തിനുമായി പുല്യോട്‌ സി എച്ച്‌ നഗറിൽ സമ്പൂർണ ഗ്രാമസംഗമവും ആയിരം പന്തം ജ്വലിപ്പിക്കലും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ദീപംകൊളുത്തി ഉദ്‌ഘാടനംചെയ്‌തു. എം സി പവിത്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, പൊന്ന്യം ചന്ദ്രൻ, പുത്തലത്ത്‌ സുരേഷ്‌ബാബു എന്നിവർ സംസാരിച്ചു. 
    കാരായി രാജന്റെ ജന്മനാടായ പുല്യോട്ടെ വീടുകളിലും സി എച്ച്‌ കണാരൻ സ്‌മാരക വായനശാലക്കുമുന്നിലും ഇടവഴികളിലുമായാണ്‌ പ്രതിഷേധദീപങ്ങൾ ജ്വലിപ്പിച്ചത്‌. സഖാക്കളുടെ സഹനജീവിതത്തിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള  പ്രതിജ്ഞയുമുണ്ടായി. എ കെ സുരേഷ്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
    ഡിവൈഎഫ്‌ഐ തിരുവങ്ങാട്‌ ഈസ്‌റ്റ്‌ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരം വീടുകളിലും  പ്രതിഷേധദീപം തെളിച്ചു. കാരായി ചന്ദ്രശേഖരന്റെ നാടായ കുട്ടിമാക്കൂലിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്‌തു. പൊന്ന്യത്ത്‌ സാംസ്‌കാരിക കേന്ദ്രങ്ങൾക്കുമുന്നിൽ ദശദീപം തെളിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top