02 July Saturday
വ്യവസായങ്ങൾക്ക്‌ നിലമൊരുക്കാൻ 5000 ഏക്കർ

ഉയരുന്നു വ്യവസായ നഗരം

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
കണ്ണൂർ
കണ്ണൂരിൽ വ്യവസായ നഗരം പദ്ധതിയും യാഥാർഥ്യത്തിലേക്ക്‌. ജില്ലയിൽ 5000 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിന് എൽഡിഎഫ് സർക്കാർ 12,000 കോടി രൂപയാണ്‌ ബജറ്റിൽ വകയിരുത്തിയത്‌. മംഗളൂരു–-- കൊച്ചി വ്യവസായ ഇടനാഴിയുടെ ഭാഗമായാണിത്‌. മട്ടന്നൂർ മണ്ഡലത്തിലെ പട്ടാന്നൂർ, കീഴല്ലൂർ, കൂടാളി, കോളാരി,  പടിയൂർ, കല്യാട്,  ധർമടത്തെ പിണറായി, അഞ്ചരക്കണ്ടി, പടുവിലായി, കൂത്തുപറമ്പിലെ  ചെറുവാഞ്ചേരി, പുത്തൂർ, മൊകേരി, പേരാവൂരിലെ ചാവശേരി വില്ലേജുകളിലാണ് 4896.30 ഏക്കർ സ്ഥലം കിൻഫ്ര കണ്ടെത്തിയത്.  
കൂടാളി, പട്ടാന്നൂർ, കീഴല്ലൂർ വില്ലേജുകളിലായി 313.81 ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പൂർത്തിയായി. ഇവിടെ ഭൂവുടമകളിൽനിന്ന് തെളിവെടുത്ത് സാമൂഹ്യാഘാത പഠനം പൂർത്തിയാക്കി സ്ഥലം വ്യവസായ സംരംഭങ്ങൾക്ക് അനുയോജ്യമായ ഭൂമിയാണെന്ന്  കണ്ടെത്തിയിരുന്നു. നിലവിൽ വെള്ളിയാംപറമ്പിൽ കിൻഫ്രയുടെ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.  
അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ  സാധ്യതകൾ പരിഗണിച്ചാണ്‌ സമീപ പ്രദേശങ്ങൾ വ്യവസായ മേഖലയാക്കുന്നത്‌. ഇത് ജില്ലയിൽ വൻ വികസനക്കുതിപ്പാണ്‌ സൃഷ്ടിക്കുക.  കിഫ്‌ബി ഫണ്ടിൽ  ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി  കിൻഫ്ര ഊർജിതമാക്കി. ഇതിന്‌ ചാലോട്‌ ലാൻഡ്‌ അക്വിസിഷൻ സ്‌പെഷ്യൽ തഹസിൽദാരുടെ ഓഫീസും ആരംഭിച്ചു. 
കീഴല്ലൂരും കൂടാളിയിലും 
വൻ സംരംഭങ്ങൾ 
വിമാനത്താവളം സ്ഥിതിചെയ്യുന്ന പഞ്ചായത്തായ കീഴല്ലൂരും തൊട്ടടുത്ത പഞ്ചായത്തായ കൂടാളിയും വ്യവസായ കേന്ദ്രമാകും. നിലവിൽ വലിയ വ്യവസായ സംരംഭങ്ങളൊന്നും ഇവിടെയില്ല. ഇരുപഞ്ചായത്തുകളിലുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് കിൻഫ്ര കണ്ടത്തിയത്. ജനവാസ കേന്ദ്രങ്ങളല്ലാത്തതിനാൽ കുടിയൊഴിപ്പിക്കലിന്റെ പേരിലുള്ള പ്രശ്നങ്ങളും പ്രതിസന്ധിയുമൊന്നുമില്ലാത്തതിനാൽ സ്ഥലം വേഗത്തിൽ ഏറ്റെടുക്കാനാവും. എടയന്നൂർ, തെരൂർ, കുന്നോത്ത്, കൊടോളിപ്രം പ്രദേശങ്ങളിൽ 313.81 ഏക്കർ ഏറ്റെടുക്കുന്നതിന് സാമൂഹ്യാഘാത പഠനം പൂർത്തിയായി. മുട്ടന്നൂർ, നായാട്ടുപാറ, കോവൂർ, ചോല, പട്ടാന്നൂർ പ്രദേശങ്ങളിൽ 1030 ഏക്കറാണ്‌ ഏറ്റെടുക്കുന്നത്‌. 
സംരംഭങ്ങളും 
തൊഴിലവസരവും 
വിമാനത്താവളത്തിന് തൊട്ടടുത്ത പ്രദേശങ്ങളിൽ  കയറ്റുമതി, ഇറക്കുമതി ലക്ഷ്യമിട്ടുള്ള ആധുനിക വ്യവസായശാലകൾക്കാണ് വഴിതുറക്കുന്നത്. വെള്ളിയാംപറമ്പിലെ വ്യവസായ പാർക്ക് നിർമാണം പൂർത്തിയാകുന്നതോടെ വൻകിട, ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് സ്ഥലം പാട്ടത്തിന് നൽകും.
കണ്ണൂരിൽ മെഡിസിറ്റി എന്നതാണ്  വലിയ ആശയം. ഔഷധ പാർക്ക്, ഫുഡ് പാർക്ക്, റബർ പാർക്ക്, പ്ലാസ്റ്റിക് പാർക്ക്, കോൾഡ് സ്റ്റോറേജ് തുടങ്ങിയ വൻ സംരംഭങ്ങളും അതിവിദൂരമല്ലാതെ ജില്ലയിൽ യാഥാർഥ്യമാകും. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ വ്യവസായം ആരംഭിക്കാനാവില്ലെന്ന പരാതിക്ക് പരിഹാരമായാണ് സംരംഭകർക്ക് സ്ഥലവും വെള്ളവും വൈദ്യുതിയും ഒരുക്കി നൽകാൻ എൽഡിഎഫ് സർക്കാർ  കിൻഫ്രയെ ചുമതലപ്പെടുത്തിയത്. 
വ്യവസായ, അനുബന്ധ സംരംഭങ്ങൾ തുറക്കപ്പെടുന്നതോടെ സാങ്കേതിക പരിജ്ഞാനമുള്ളവർക്കുൾപ്പെടെ ആയിരങ്ങൾക്ക് തൊഴിൽ ലഭ്യമാകുമെന്നതും വലിയ നേട്ടമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top