02 December Wednesday

സ്‌മൈൽ പ്ലീസ്‌ പറയാൻ ഓർഡർ വേണ്ടേ....’

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 തലശേരി

കോവിഡിൽ വിവാഹം കുടുങ്ങുമ്പോൾ ഒരുപാടുപേരുടെ കണക്കുകൂട്ടലാണ‌് തെറ്റുന്നത‌്. ഫോട്ടോ–-വീഡിയോഗ്രാഫർമാർമുതൽ ലൈറ്റ‌്ബോയ‌്സ‌് വരെയുള്ളവരുടെ ജീവിതമാർഗത്തിലാണ‌് വൈറസ്‌ പ്രതിസന്ധിതീർത്തത‌്. വിവാഹംമാറ്റുകയോ ലളിതമാക്കുകയോ ചെയ‌്തതോടെ പലരുടെയും തൊഴിലും നഷ്ടപ്പെട്ടു. ‘സ‌്മൈൽ പ്ലീസ‌്’ എന്ന‌് പറയാൻ തൽകാലം ഫോട്ടോഗ്രാഫർമാർക്കാവില്ല. ‘ഏൽപിച്ച കല്യാണജോലികളെല്ലാം ക്യാൻസൽ ചെയ‌്തു. സീസൺ കാലത്തെയാണ‌് മഹാമാരി പിടിച്ചത‌്’. ഫോട്ടോഗ്രാഫർമാരായ തലശേരിയിലെ പ്രശാന്ത‌് പട്ടനും മാഗി സ‌്റ്റുഡിയോവിലെ ടെറൻസ‌് ഫെർണാണ്ടസും പറഞ്ഞു. എഡിറ്റിങ്‌, ഡിസൈനിങ് തുടങ്ങിയ മേഖലയിലും പ്രതിസന്ധിയുണ്ട്‌.  താലി കെട്ടേണ്ട സമയം തീരുമാനിക്കുന്നത‌് ക്യാമറമാന്മാരാണെന്ന‌് തമാശയായി പറയാറുണ്ട‌്. പഴയത‌ുപോലെ വധുവിനെയും ബന്ധുക്കളെയും കാണിക്കുന്ന പടമെടുപ്പിൽ മാത്രമായി കല്യാണം ഒതുങ്ങുന്നില്ല. ‘സേവ‌് ദ ഡേറ്റി’നായി വാട‌്സ‌്ആപ്പിലും ഫെയ്‌സ‌്ബുക്കിലുമായി പാറിനടക്കാൻ ഒരുപടം ആദ്യമേ വേണം. കല്യാണം കഴിഞ്ഞാലും പടമെടുപ്പ‌് തുടരും. ഒരിടവേളക്കുശേഷം പഴയനിലയിലേക്ക‌് മടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ‌് മറ്റുള്ളവരുടെ സുന്ദരനിമിഷങ്ങൾക്ക‌് ജീവൻ നൽകുന്നവർ.
ഓസ്‌ട്രേലിയക്കാരിക്ക‌് എത്താൻ സാധിക്കാത്തതിനാൽ കഴിഞ്ഞദിവസം വിവാഹം മാറ്റിയപ്പോൾ പ്രസാദ്‌ പേരോടിന്റെ പണിയാണ‌് നഷ്ടപ്പെട്ടത‌്. റിയാസ‌് തലശേരിക്കും പള്ളൂരിലെ എം ദിനേശനും ‘ചിത്രസാഗറി’ലെ സുധീഷിനുമെല്ലാം തൊഴിൽ നഷ്ടത്തിന്റെ അനുഭവം പറയാനുണ്ട‌്. ജീവിതമാർഗത്തെ ബാധിച്ച രോഗ വ്യാപനം തടയാൻ നാടിനൊപ്പം ഇവരുമുണ്ട‌്. മാർച്ച‌്, ഏപ്രിൽ, മെയ‌് മാസത്തെ വിവാഹ സീസണാണ‌് ഫോട്ടോഗ്രാഫർമാരുടെ ബെസ്‌റ്റ്‌ സമയം. ആളുകൾ പുറത്തിറങ്ങുന്നത‌് കുറഞ്ഞതോടെ സ‌്റ്റുഡിയോകളിലും പണിയില്ലെന്ന‌് തലശേരി ശ്യാംഫോട്ടോസിലെ ശ്യാംസുന്ദർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top