12 December Thursday

ബാങ്ക്‌ വിളയിക്കും വിഭവങ്ങളെല്ലാം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019
പിലാത്തറ
നാടിനു വേണ്ട വിഭവങ്ങളെല്ലാം വിളയുകയാണിവിടെ.  കൂട്ടായ്മയുടെ കരുത്തിൽ ഒരു കാർഷിക വിപ്ലവമാണിത്‌. ഈ സ്വപ്നത്തിലേക്ക് നാടിനെ നയിച്ചത് ഒരു സഹകരണ ബാങ്കാണ്-. ചെറുതാഴം ബാങ്ക്. സഹകരണ ബാങ്കുകൾ പണമിടപാട് കേന്ദ്രങ്ങളായി മാത്രം പ്രവർത്തിക്കുമ്പോൾ, കർഷകർക്കും പ്രദേശവാസികൾക്കും കൈത്താങ്ങാകുകയാണ് ഈ ബാങ്ക്. മഴക്കാല പച്ചക്കറി കൃഷി തിരികെകൊണ്ടുവരാൻ ചെറുതാഴം സർവീസ്‌ സഹകരണ ബാങ്ക് നടപ്പാക്കിയ പദ്ധതിക്ക്‌ നൂറിൽ നൂറ് മാർക്കാണ്‌. സഹകാരികളും ജീവനക്കാരുമെല്ലാം നല്ല കർഷകരായി. 
പണ്ട്‌ പറമ്പുകളിൽ സമൃദ്ധമായി ലഭിച്ച  വെള്ളരിയും കുമ്പളവും മത്തനും  ഉൾപ്പെടെ പച്ചക്കറി കൃഷി  ക്രമേണെ ഇല്ലാതായി. സൂര്യപ്രകാശം കുറഞ്ഞതും കീടബാധയും വിള ലഭ്യത  കുറഞ്ഞതിനാലും കർഷകർ  പച്ചക്കറികൃഷിയിൽനിന്നും  പിന്തിരിഞ്ഞു. എന്നാൽ, കൂട്ടായ്മയിൽ സമ്പൂർണമായി വിജയിക്കാമെന്ന് ചെറുതാഴം ബാങ്കിന്റെ പ്രവർത്തകർ തെളിയിക്കുകയായിരുന്നു. ബാങ്കിന്റെ അധീനതയിൽ നരീക്കാംവള്ളി പയിച്ചിയിലുള്ള മൂന്നേക്കറിലാണ്‌ പച്ചക്കറി കൃഷി നടത്തിയത്. പാവയ്ക്ക, താലോലി, പയർ, വെള്ളരി, മത്തൻ, കുമ്പളം, പച്ചമുളക് എന്നിവ ഉൾപ്പെടെയായിരുന്നു ശാസ്ത്രീയ രീതിയിൽ കൃഷിചെയ്തത്.  ചെറുതാഴം കൃഷിഭവനിൽനിന്ന് ശേഖരിച്ച വിത്തുകളും കൃഷിഭവൻ ഉദ്യോഗസ്ഥരുടെ നിരന്തര മേൽനോട്ടവും നൂറുമേനിക്ക്‌ സഹായിച്ചു.   പിലാത്തറയിലുള്ള വിപണനകേന്ദ്രം വഴിയും ചെറുതാഴം പഴം-–-പച്ചക്കറി സൊസൈറ്റി മുഖേനയും ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ ന്യായവിലയ്‌ക്ക് ലഭിക്കും. കഴിഞ്ഞ തവണ ബാങ്കിന്റെ അധീനതയിലുള്ള നരീക്കാംവള്ളിയിലെ നേന്ത്രവാഴ കൃഷി ചെയ്‌ത്‌ വൻ വിജയമാക്കി. 
അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലുമാണ് ബാങ്കിന്റെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും കൃഷിക്ക്‌ സമയം കണ്ടെത്തുന്നത്.  ഇത്തവണ ചെറുതാഴം പഞ്ചായത്തിലെ 250 ഏക്കർ നെൽകൃഷിയും ഏറ്റെടുത്തു. പച്ചക്കറി കൃഷി വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ്‌ സി എം വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം കെ സി തമ്പാൻ അധ്യക്ഷനായി .

 

പ്രധാന വാർത്തകൾ
 Top