18 October Friday

കാനായി കാനത്ത‌് കാറുകൾ തകർത്ത‌് കവർച്ച

സ്വന്തം ലേഖകൻUpdated: Sunday Sep 22, 2019

കാനായി കാനത്ത‌് കവർച്ചക്കാർ കാറിന്റെ ചില്ല‌് തകർത്ത‌ നിലയിൽ

പയ്യന്നൂർ
കാനായി കാനത്ത‌് വിവാഹശേഷമുള്ള ചിത്രീകരണത്തിനെത്തിയ സംഘത്തിന്റെ രണ്ട‌് കാറുകളുടെ ചില്ലുകൾ തകർത്ത‌് സ്വർണാഭരണങ്ങളും പണവും വീഡിയോ ക്യാമറയും ലെൻസും കവർന്നു. പയ്യാവൂരിലെ ആൽബ സ്‌റ്റുഡിയോ ഉടമ പി വി ശ്രീജിത്തിന്റെ 80ഡി കാനൻ വീഡിയോ ക്യാമറ, 85 ലെൻസ‌്, മെമ്മറി കാർഡ‌് ഇവ അടങ്ങിയ ബാഗ‌്, രണ്ട‌് ഫ്ലാഷ‌് എന്നിവയും വിവാഹ പാർടിയുടെ നാല‌് പവനിലധികം വരുന്ന സ്വർണാഭരണങ്ങൾ,15,000 രൂപ, വസ‌്ത്രങ്ങൾ എന്നിവ അടങ്ങിയ ബാഗ‌ുമാണ‌് നഷ്ടമായത‌്. 
ഇരിട്ടി കൂട്ടുപുഴയിലെ ചാൾസ‌് കുര്യന്റെ വിവാഹശേഷം ഔട്ട‌്ഡോർ ഷൂട്ടിങ്ങിനായി രണ്ട‌് കാറുകളിലായി എത്തിയതായിരുന്നു സംഘം. ഒരു കാറിൽ ദമ്പതികളും മറ്റേതിൽ ക്യാമറാസംഘവുമായിരുന്നു. കാനായി കാനം വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ആൽബം ചിത്രീകരിക്കാനാണ‌് എത്തിയത‌്. ശനിയാഴ‌്ച പകൽ 1.30ഓടെ റോഡരികിൽ കാർ നിർത്തിയിട്ടശേഷം  താഴെയുള്ള വെള്ളച്ചാട്ടത്തിനരികിലേക്ക‌് പോകുകയായിരുന്നു. ഒന്നര മണിക്കൂറിന്‌ശേഷം ചിത്രീകരണം കഴിഞ്ഞ‌് തിരിച്ചെത്തിയപ്പോഴാണ‌് കവർച്ച ശ്രദ്ധയിൽപെട്ടത്‌. ക്യാമറാസംഘത്തിന്റെ ലാപ‌്ടോപ്‌ മോഷണം പോയില്ല. ശ്രീജിത്തിന്റെ ക്യാമറയിൽ കഴിഞ്ഞദിവസം വിവാഹം ചിത്രീകരിച്ച മെമ്മറി കാർഡും ഉണ്ടായിരുന്നു. കാർ പാർക്ക‌് ചെയ‌്ത‌് പോകുന്ന സമയം രണ്ട‌്  ബൈക്കുകളിലായി നാല‌് ചെറുപ്പക്കാർ ഉണ്ടായിരുന്നതായി ശ്രീജിത്ത‌് പറഞ്ഞു. പൊലീസ‌് സ്ഥലത്തെത്തി കാറുകൾ  സ‌്റ്റേഷനിലേക്ക‌് മാറ്റി. ചാൾസ‌് കുര്യന്റെയും ശ്രീജിത്തിന്റെയും പരാതിയിൽ കേസെടുത്ത‌് അന്വേഷണം തുടങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top