19 April Friday

ഇതാ കാരുണ്യം 'ടോപ്ഗിയറിൽ'

സ്വന്തം ലേഖകൻUpdated: Wednesday Aug 22, 2018

കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ ഹരിശ്രീ ബസ്സിന്റെ ഫ്ളാഗ് ഓഫ് പി കെ ശ്രീമതി എംപി നിർവഹിക്കുന്നു.

കണ്ണൂർ

'ഹരിശ്രീ'യും 'മയൂര'വും 'സിറ്റിസോണിക്കു'മെല്ലാം ചൊവ്വാഴ്ച മത്സരിച്ചോടുകയായിരുന്നു. വരുമാനം വർധിപ്പിക്കാനുള്ള തിടുക്കമായിരുന്നില്ല അത്. മറിച്ച് കെടുതിയിൽപെട്ടുപോയ സഹജീവികൾക്കായുള്ള കാരുണ്യവഴിയിലായിരുന്നു ആ സഞ്ചാരം. നന്മയുടെ വഴി വെട്ടി കുതിച്ചോടുകയാണ് ജില്ലയിൽ സ്വകാര്യബസ്സുകൾ. കാസറ്റിൽ റെക്കോഡ് ചെയ്ത സഹായാഭ്യർഥനയാണ് ബസ്സുകളിൽ പാട്ടിന് പകരം. ക്ലീനറും കണ്ടക്ടറും അടക്കം ബക്കറ്റുമായി യാത്രക്കാരെ സമീപിക്കും. ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. ജില്ലയിൽ ചൊവ്വാഴ്ച ഇരുനൂറിലധികം  ബസ്സുകളാണ് കാരുണ്യയാത്ര നടത്തിയത്.
രോഗികളെയും മറ്റും സഹായിക്കാൻ കാരുണ്യയാത്ര നടത്തി പണം സ്വരൂപിക്കുന്നതിൽ മുമ്പിലായിരുന്നു കണ്ണൂരിലെ സ്വകാര്യബസ്സുകൾ. ബസ് ഉടമസ്ഥരും തൊഴിലാളികളും ഇത്തരം പ്രവർത്തനങ്ങൾക്കായി തോളോടുതോൾ ചേർന്നപ്പോൾ നാട്ടുകാരും കൈയയച്ച് സംഭാവനയുമായെത്തി. ഈ വിജയമാതൃക പിൻതുടർന്നാണ് ദുരിതാശ്വാസഫണ്ടിലേക്ക് പണം തേടിയുള്ള സ്വകാര്യബസ്സുകളുടെ യാത്ര. ഒരു യാത്രക്കാരൻതന്നെ പല ബസുകളിൽ സംഭാവന നൽകുന്നുണ്ട്. ഒരുമടിയും കൂടാതെയാണ് ആളുകൾ ബസ്സുകളിൽ പണസഞ്ചി തുറക്കുന്നത്. മലയോരപ്രദേശങ്ങളിൽ ഉൾപ്പെടെ ബസ്സുകളും ഓട്ടോറിക്ഷകളും ടാക്സികളും കാരുണ്യയാത്ര നടത്തുന്നത് ആവേശകരമാണ്. ബസ്സുകളുടെ ഒരുദിവസത്തെ കലക്ഷൻ തുകയും തൊഴിലാളികളുടെ വേതനവുമാണ് ഫണ്ടിലേക്ക് കൈമാറുന്നത്. 
കണ്ണൂർ‐ കൂത്തുപറമ്പ് റൂട്ടിലെ 53  ബസ‌്കാരുണ്യയാത്ര നടത്തി. ഒരു ദിവസത്തെ കലക്ഷനും തൊഴിലാളികളുടെ വേതനവുമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നത്. രാവിലെ കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഹരിശ്രീ ബസ്സിന്റെ ഫ്ളാഗ് ഓഫ് പി കെ ശ്രീമതി എംപി നിർവഹിച്ചു. കണ്ണൂർ‐ഇരിട്ടി റൂട്ടിലാണ് ഹരിശ്രീയുടെ ഏഴ് ബസ‌് ഓടുന്നത്. കണ്ണൂർ‐ കൂത്തുപറമ്പ് റൂട്ടിലോടുന്ന അറുപതിൽപരം ബസ്സും ചൊവ്വാഴ്ച കാരുണ്യപാതയിലാരുന്നു. ബിഒടി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മേയർ ഇ പി ലത ഫ്ളാഗ് ഓഫ് നിർവഹിച്ചു. സിപിഐ എം എടക്കാട് ഏരിയാസെക്രട്ടറി കെ വി ബാലൻ, ഏരിയാകമ്മിറ്റിയംഗം കെ വി ബിജു, മോട്ടോർ ട്രാൻസ്പോർട് എംപ്ലോയീസ് യൂണിയൻ  ജില്ലാസെക്രട്ടറി കെ ജയരാജൻ, ടി രാധാകൃഷ്ണൻ,  എ സുരേശൻ, കെ വി അനീഷ്, അഷറഫ്, കെ കെ സ്റ്റാൻഡ് മാനേജർ കെ രാജീവൻ തുടങ്ങിയവർ സംസാരിച്ചു. 
തലശേരിയിൽ തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ 250 ബസ‌് കാരുണ്യയാത്ര നടത്തി. പേരാവൂരിൽനിന്ന് മാലൂർ വഴി തലശേരിയിലേക്ക് സർവീസ് നടത്തുന്ന ബസ്സുകളും ചൊവ്വാഴ്ച കാരുണ്യവഴിയിലാണ് സഞ്ചരിച്ചത്. മാലൂർ എസ്ഐ പി ഷിജു ഫ്ളാഗ് ഓഫ് ചെയ്തു. കണ്ണൂർ ആശുപത്രി‐ കണ്ണാടിപ്പറമ്പ്  റൂട്ടിലോടുന്ന ജാനകീറാം ബസ്സിന്റെ ഫ്ളാഗ് ഓഫ് സിഐടിയു ജില്ലാ പ്രസിഡന്റ് എം രാമകൃഷ്ണൻ നിർവഹിച്ചു.ഓൾ കേരള ഓട്ടോ കൺസൾട്ടന്റ് അസോസിയേഷൻ (സിഐടിയു) ജില്ലകമ്മിറ്റിയഗം പി വിജയന്റെ ഉടമസ്ഥതയിലുള്ള ബസാണ് ഇത്. 
പാളിയത്ത് വളപ്പിലെ കൽപ്പക ഗ്രൂപ്പിന്റെ 5 ബസ‌്ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്തി കാർത്തിക, കനിഷ്ക, വിനായക ബസ്സുകളാണ് ചെറുകുന്ന് തറ,  തെക്കുമ്പാട്, കച്ചേരി തറ, കൊയ്യം, തളിപ്പറമ്പ‌്, കണ്ണൂർ,  താനിക്കുന്ന്‌, മഴൂർ, പഴയങ്ങാടി  റൂട്ടിൽ കാരുണ്യയാത്ര നടത്തിയത്
മുഴുവൻ വരുമാനവും  തൊഴിലാളികളുടെ മുഴുവൻ വേതനവും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പാളിയത്ത് വളപ്പിലെ കെ പ്രദീപ് കുമാറിന്റേതും കെ രാജേഷിന്റേതുമാണ് ബസ്സുകൾ,
രാവിലെ ഏഴിന് ചെറുകുന്ന് തറയിൽ കണ്ണപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ വി രാമകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്തു, സിപിഐ എം ഏരിയാ കമ്മിറ്റി അംഗം എൻ ശ്രീധരൻ,   ടി വി ലക്ഷ്മണൻ,  പി വി ബാബുരാജേന്ദ്രൻ, കെ വി ശ്രീധരൻ, പി സജീവൻ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top