കണ്ണൂർ
ജീവിതത്തിന്റെ നല്ല കാലം മുഴുവൻ സ്‌പിന്നിങ് മില്ലിൽ തൊഴിലെടുത്തവർ ഇന്ന് ജീവിക്കാൻ നെട്ടോട്ടത്തിൽ. നാഷണൽ ടെക്സ്റ്റൈൽ കോർപറേഷന് കീഴിലുള്ള കണ്ണൂർ കക്കാടെ സ്‌പിന്നിങ് ആൻഡ് വീവിങ് മിൽ അടച്ചുപൂട്ടിയിട്ട് 23ന് മൂന്ന് വർഷമാകുമ്പോൾ അറനൂറോളം തൊഴിലാളികൾ ജീവിക്കാൻ വഴിയില്ലാതെ പ്രതിസന്ധിയിൽ. വിരമിച്ചശേഷം ഗ്രാറ്റുവിറ്റി അടക്കമുള്ള ആനുകൂല്യത്തിനായി അലയുന്നവരും ഏറെ.
ആധുനിക യന്ത്രസംവിധാനങ്ങളുള്ള രാജ്യത്തെ പ്രധാന മില്ലുകളിലൊന്നാണ് കണ്ണൂർ സ്‌പിന്നിങ് മിൽ. പോളിസ്‌റ്ററും കോട്ടണുമായി രണ്ട് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. 607 പേർ ജോലി ചെയ്യുന്നു.
1957ൽ കരിയാത്ത് ദാമോദരൻ ആരംഭിച്ച മിൽ ദേശസാൽക്കരണത്തിന്റെ ഭാഗമായി 76ൽ കേന്ദ്രസർക്കാരിന്റെ കീഴിലായി. ആദ്യഘട്ടത്തിൽ ലാഭത്തിലായിരുന്നുവെങ്കിലും 1990 കളിൽ ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കിയതോടെ തകർച്ചനേരിട്ടു. രാജ്യത്തെ 23 മില്ലുകൾ കോവിഡ് വ്യാപനഘട്ടത്തിൽ അടച്ചുപൂട്ടി. ലോക്‌ഡൗണിൽ ഇളവ് വന്നിട്ടും തുറന്നില്ല. തുടർന്ന് സംയുക്ത യൂണിയൻ നേതൃത്വത്തിൽ മിൽ ഗേറ്റിനു മുന്നിൽ 117 ദിവസത്തെ സമരത്തിനുശേഷം 2021 ജനുവരി നാലിനാണ് ഭാഗികമായി തുറന്നത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവിന്റെ പേരിൽ ജനുവരി അവസാനത്തോടെ ആദ്യ യൂണിറ്റ് ലേ ഓഫ് ചെയ്‌തു. ഏപ്രിൽ അവസാനത്തോടെ രണ്ടാം യൂണിറ്റും ലേ- ഓഫിലേക്ക് നീങ്ങി. സേവ് എൻടിസി സമിതി രൂപീകരിച്ച് നിരവധി സമരപരിപാടി സംഘടിപ്പിച്ചു. 12 ഏക്കർ സ്ഥലമാണ് സ്‌പിന്നിങ് മില്ലിനുള്ളത്. ഇവ കുത്തക കമ്പനികൾക്ക് കൈമാറാനുള്ള ശ്രമത്തിലാണ് കേന്ദ്രം. സ്ഥിരം തൊഴിലാളികൾക്ക് ലേ ഓഫ് ഘട്ടത്തിൽ വേതനത്തിന്റെ അമ്പതുശതമാനം തുക നൽകണമെന്നാണ് നിയമം. എന്നാൽ ഇവിടെ 35 ശതമാനമാണ് നൽകിയത്. ആറ് മാസമായി ഇതും ലഭിക്കുന്നില്ല.
സേവ് എൻടിസി
സംയുക്തസമരസമിതി
മാർച്ച് 24ന്
കണ്ണൂർ
കക്കാട്ടെ കേനന്നൂർ സ്‌പിന്നിങ് ആൻഡ് വീവിങ് മില്ലുൾപ്പെടെ രാജ്യത്തെ 23 സ്‌പിന്നിങ് മില്ലുകൾ തുറക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്‌ച കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്ന് സേവ് എൻടിസി സംയുക്തസമരസമിതി ചെയർമാൻ കെ പി സഹദേവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകിട്ട് അഞ്ചിന് കണ്ണൂർ സ്‌റ്റേഡിയം കോർണറിൽനിന്നാരംഭിക്കുന്ന മാർച്ചിൽ തൊഴിലാളികളും കുടുംബങ്ങളും വർഗ–- ബഹുജന സംഘടനകളും പങ്കെടുക്കും.
കോവിഡിന്റെ പേരിൽ 2020 മാർച്ച് 24നാണ് കേന്ദ്രസർക്കാരിന്റെ നാഷണൽ ടെക്‌സ്‌റ്റൈൽ കോർപറേഷൻ 23 മില്ലുകൾ അടച്ചുപൂട്ടിയത്. പതിനായിരത്തിൽപരം തൊഴിലാളികളും കുടുംബാംഗങ്ങളും മൂന്ന് വർഷമായി കൊടുംപട്ടിണിയിലാണ്. മിൽ തുറക്കണമെന്നാവശ്യപ്പെട്ട് മിൽ ഗെയിറ്റിനു മുന്നിൽ ഇരുന്നൂറ് ദിവസത്തെ സത്യഗ്രഹവും രാജ്‌ഭവനിലേക്കും കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ചും സംഘടിപ്പിച്ചു. എംപിമാർ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ചർച്ചയ്‌ക്ക് പോലും കേന്ദ്രസർക്കാരും ടെക്‌സ്‌റ്റൈൽ മന്ത്രാലയവും തയ്യാറായില്ല. അടച്ചുപൂട്ടിയ കാലയളവിൽ വിരമിച്ചവർക്കും മരിച്ചവരുടെ കുടംബത്തിനുമുള്ള ആനുകൂല്യം നൽകിയില്ല. തൊഴിലാളികൾക്ക് നൽകിയിരുന്ന സമാശ്വാസ ശമ്പളവും കഴിഞ്ഞ ആറുമാസമായി മുടങ്ങി. ഭവന, വിദ്യാഭ്യാസ വായ്‌പകളെടുത്ത തൊഴിലാളികൾ ജപ്‌തി ഭീഷണിയിലാണ്. എഴുപതിനായിരം കോടി രൂപയുടെ ആസ്തിയുള്ള പൊതുമേഖലയിലെ സ്‌പിന്നിങ് മില്ലുകൾ തുറക്കാൻ 600 കോടി ചെലവിടുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും കെ പി സഹദേവൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സമരസഹായ സമിതി കൺവീനർ വി വി ശശീന്ദ്രൻ, എം വേണുഗോപാലൻ, താവം ബാലകൃഷ്‌ണൻ, കെ പി അശോകൻ, കെ മണീശൻ, അബ്‌ദുൾ വഹാബ് കണ്ണാടിപ്പറമ്പ് എന്നിവർ പങ്കെടുത്തു.
കുടുംബം പുലർത്തുന്നത്
മറ്റ് ജോലി ചെയ്‌ത്
ആറുവർഷമായി താൽക്കാലികമായി ജോലി ചെയ്യുന്നു. സ്ഥിരമാകാനുള്ള ട്രെയിനിങ് ഉൾപ്പെടെ കഴിഞ്ഞ് പ്രതീക്ഷയോടെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് മിൽ അടച്ചുപൂട്ടിയത്. മറ്റുജോലിക്ക് പോയാണ് കുടുംബം പുലർത്തുന്നത്. അതും കിട്ടാതെ ബുദ്ധിമുട്ടുന്നവരും ഏറെയാണ്.
സന്ധ്യ, ഓട്ടോകോൺ വിഭാഗം
താൽക്കാലിക തൊഴിലാളി, നാറാത്ത്
വായ്‌പാ തിരിച്ചടവ്
പ്രതിസന്ധിയിൽ
പതിനെട്ട് വർഷമായി താൽക്കാലിക ജോലിക്കാരനായിരുന്നു. ഇപ്പോൾ കൂലിപ്പണിയാണ്. ഭാര്യ ശ്രീന അടച്ചുപൂട്ടുന്നതിന് തൊട്ടുമുമ്പാണ് സ്ഥിരം തൊഴിലാളിയായത്. തുടർന്ന് വായ്‌പയെടുത്ത് വീടിന്റെ ബാക്കി പണിയെല്ലാം പൂർത്തിയാക്കി. മൂന്നു വർഷമായി തൊഴിലില്ലാതായതോടെ വായ്‌പയടക്കാനുൾപ്പെടെ ബുദ്ധിമുട്ടിലാണ്. പിഎഫ് പോലുള്ള ആനുകൂല്യങ്ങളുമെല്ലാം മുടങ്ങി.
എം പ്രതീശൻ, സ്‌പിന്നിങ് വിഭാഗം, കൊറ്റാളി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..