25 May Monday
കോവിഡ്‌ 19

5210 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കൊറോണ ബോധവൽക്കരണത്തിന്റെ ഭാഗമായി കണ്ണൂർ ടൗൺ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ കെഎസ്‌ആർടിസി ബസുകൾ അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുന്നു

കണ്ണൂർ
കോവിഡ്‌ 19 രോഗവുമായി ബന്ധപ്പെട്ട്‌  ജില്ലയിൽ ഐസൊലേഷനിലും വീടുകളിലുമായി 5210 പേർ നിരീക്ഷണത്തിൽ. 19 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എട്ടാളുകൾ  ജില്ലാ ആശുപത്രിയിലും 11 പേർ തലശേരി ജനറൽ ആശുപത്രിയിലും നിരീക്ഷണത്തിലാണ്‌.  5172 പേരാണ്‌ വീടുകളിലുള്ളത്‌.   ഇതുവരെ 143 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതിൽ പുതുതായി മൂന്നെണ്ണം പോസറ്റീവായി. നേരത്തെ പോസറ്റീവായ ഒന്ന്‌ ഇപ്പോൾ നെഗറ്റീവാണ്‌.   125 എണ്ണത്തിന്റേത്‌  നെഗറ്റീവു മാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കഴിഞ്ഞ ദിവസം  കണ്ണൂർ വിമാനത്താവളത്തിൽ 11 വിമാനങ്ങളിലായി എത്തിയ 634 യാത്രക്കാരെ പരിശോധിച്ചു. കണ്ണൂർ, തലശേരി, പയ്യന്നൂർ, പഴയങ്ങാടി, കണ്ണപുരം റെയിൽവേ സ്റ്റേഷനുകളിൽ വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്ന യാത്രക്കാർക്ക് സ്ക്രീനിങ്ങും ലഘുലേഖ വിതരണവും നടത്തി.  4138 യാത്രക്കാരെ സ്ക്രീനിങ്ങിന് വിധേയരാക്കി. ആറുപേരെ ആശുപത്രിയിലേക്ക് റഫർചെയ്തു. 417 പേർക്ക്‌ വീടുകളിൽ ഐസോലേഷന് കഴിയാൻ നിർദേശം നൽകി.  442 പേരോട്‌  ഒഴിച്ചുകൂടാൻപറ്റാത്ത സാഹചര്യങ്ങളിൽമാത്രം യാത്ര ചെയ്താൽ മതിയെന്നും പൊതുചടങ്ങുകളിൽനിന്ന്‌ വിട്ടു നിൽക്കണമെന്നും  നിർദേശം നൽകി.  
കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 1106 വാഹനങ്ങളിലെത്തിയ 3174 യാത്രക്കാരെ സ്ക്രീൻചെയ്തു. ഇതിൽ 13 പേരെ വീടുകളിൽ ഐസോലേഷന് നിർദേശംനൽകി വിട്ടു. ഇരിട്ടി ബസ്‌സ്‌റ്റാൻഡിൽ 91 പേരെ സ്ക്രീനിങ്ങിന്‌ വിധേയരാക്കി. ജില്ലയിൽ സജ്ജമാക്കിയ 1848 ടീമുകൾ  2244 വീടുകൾ സന്ദർശിച്ച്‌ ബോധവൽക്കരണം നടത്തി. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ  ഡോക്ടർമാർ, ആംബുലൻസ് ഡ്രൈവർമാർ,  വ്യാപാരി വ്യവസായി അസോസിയേഷൻ അംഗങ്ങൾ, ബ്യൂട്ടിപാർലർ ജീവനക്കാർ എന്നിവർക്ക് പ്രത്യേക പരിശീലനം നൽകി. 
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി കണ്ണൂർ, തലശേരി, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി താലൂക്കുകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെ  നേതൃത്വത്തിൽ പരിശോധനയും അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവും നടത്തി. ഇതുവരെയായി 6494 സ്ഥാപനങ്ങൾ സന്ദർശിച്ചതിൽ 2787 ഇടങ്ങളിൽ ബ്രേക്ക് ദി ചെയിൻ കിയോസ്ക് സ്ഥാപിച്ചതായി ഉറപ്പുവരുത്തി.  സ്ഥാപനങ്ങളിലുള്ള 307 അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവും ഹിന്ദിയിലുള്ള ലഘുലേഖ വിതരണവും നടത്തി.
പ്രധാന വാർത്തകൾ
 Top