18 February Monday

തെയ്യാട്ടക്കാലം നിറയുന്നു നിലത്തെഴുത്തില്‍

സ്വന്തം ലേഖകന്‍Updated: Monday Feb 22, 2016

ധനരാജും ഡയാനയും നിലത്തെഴുത്തില്‍

കണ്ണൂര്‍> ചാണകം മെഴുകി കളംതല്ലിയ മുറ്റത്ത് വരഞ്ഞിട്ട ചിത്രങ്ങളില്‍ ഒരു തെയ്യാട്ടക്കാലത്തിന്റെ ആരവങ്ങളത്രയുമുണ്ട്. മുഖത്തെഴുത്തിന് മീതെ ഉരുണ്ടുകൂടിയ വിയര്‍പ്പുമുത്തുകള്‍ ഈ വരയില്‍ തെളിയുന്നുണ്ട്. തെയ്യാട്ടപ്പറമ്പില്‍ നാടൊന്നാകെ കൂടിക്കലരുമ്പോഴുണ്ടാകുണ്ടാകുന്ന നിറങ്ങളും നന്മയും നിറയുന്നുണ്ട് ചിത്രങ്ങളില്‍. ധനരാജ് കീഴറയും സംഗീതജ്ഞയായ ന്യൂയോര്‍ക്കുകാരി ഡയാന ചെസ്റ്ററും ചേര്‍ന്ന് ഒരുക്കിയ 'എവരിഡേ ലൈഫ്' എന്ന പ്രൊജക്ടിന്റെ തുടര്‍ച്ചയായാണ് ഈ 'നിലത്തെഴുത്ത്'. കീഴറ കൂലോം കളിയാട്ടത്തിന്റെ ഭാഗമായാണ് ധനരാജിന്റെ 15 അടി വീതിയും 70 അടി നീളവുമുള്ള വീട്ടുമുറ്റത്ത് നിലത്തെഴുത്ത് ഒരുക്കിയത്. 
തെയ്യം മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറങ്ങളായ വെളളയും നീലയും ചുവപ്പും മഞ്ഞയിലുമാണ് ചിത്രങ്ങളത്രയും. കീഴറ കൂലോത്ത്് കെട്ടിയാടുന്ന തായ്പരദേവതയും ക്ഷേത്രപാലകനും തൊണ്ടച്ചന്‍ തെയ്യവും വേട്ടക്കൊരുമകനും ഉള്‍പ്പെടെയുള്ള തെയ്യങ്ങളും പ്രകൃതിയും വരയില്‍ തെളിയുന്നു. പരമ്പരാഗത രീതിയില്‍ കളംചായ്ച നിലത്തായിരുന്നു ചിത്രരചന. നേരത്തെ ഇരുവരും ചേര്‍ന്ന് തെയ്യങ്ങളുമായി ബന്ധപ്പെട്ട സൂക്ഷ്മമായ ശബ്ദങ്ങള്‍ പകര്‍ത്തിയിരുന്നു. പകര്‍ത്തിയ ശബ്ദവും ധനരാജ് വരച്ച തെയ്യങ്ങളുടെ ചിത്രങ്ങളും സമന്വയിപ്പിച്ച് കഴിഞ്ഞ വര്‍ഷം ഇരുവരും കണ്ണൂരില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചു. ഇവയുടെ തുടര്‍ച്ചയായാണ് നിലത്തെഴുത്തും ഒരുക്കിയത്. 
ഫോട്ടോഗ്രഫി, ശില്‍പം, നാടന്‍കലകള്‍ തുടങ്ങിയ കലാരംഗത്ത് സജീവമാണ് ഡയാന. ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ അക്കാദമിക് ടെക്നോളജിയില്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ഇപ്പോള്‍ സര്‍വകലാശാലയുടെ അബുദാബി ആര്‍ട് വിഭാഗത്തില്‍ ഫാക്കല്‍റ്റിയാണ്. കണ്ണപുരം കീഴറ സ്വദേശിയാണ് ധനരാജ്. ബംഗളൂരു ക്രിസ്റ്റല്‍ ഹൌസ് ഇന്ത്യ ആര്‍ട് ആന്‍ഡ് വിഷ്വല്‍ മീഡിയ വിഭാഗം തലവനാണ്. 'ട്രൂത്ത് ഫ്രം ദ മാര്‍ജിന്‍സ്', 'മൈന്‍ഡ് റെയ്നിങ്', 'സ്റ്റിറിങ് സൈലന്‍സ്' തുടങ്ങി നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top