20 October Tuesday

കണ്ണൂർ വിമാനത്താവളം നായനാർ അക്കാദമിയുടെ സൗജന്യ ഭക്ഷണ വിതരണം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
മട്ടന്നൂർ 
കോവിഡ് പശ്ചാത്തലത്തിൽ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന പ്രവാസികൾക്കായി കണ്ണൂർ നായനാർ അക്കാദമിയുടെ നേതൃത്വത്തിലുള്ള സൗജന്യ ഭക്ഷണ വിതരണം ഒന്നര മാസത്തിനുശേഷം സമാപിച്ചു. വന്ദേഭാരത് മിഷനിലും ചാർട്ടഡ് വിമാനങ്ങളിലുമായി കണ്ണൂരിൽ ഇറങ്ങിയ മുഴുവൻ പ്രവാസികൾക്കും സാന്ത്വനമായാണ് നായനാർ അക്കാദമി തുടർച്ചയായി 51 ദിവസം സൗജന്യമായി ഭക്ഷണം നൽകിയത്. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ, ഐആർപിസി, കേരള പ്രവാസി സംഘം വളണ്ടിയർമാരാണ്  ദിവസവും രാപ്പകൽ ഭേദമില്ലാതെ പ്രവാസികൾക്ക് ഭക്ഷണമെത്തിച്ചത്. കരിപ്പൂരിൽ വിമാനം അപകടത്തിൽപെട്ടപ്പോൾ കരിപ്പൂരിനുപകരം കണ്ണൂരിലിറങ്ങിയ മുഴുവൻ   വിമാനങ്ങളിലെയും യാത്രക്കാർക്കും വെള്ളവും ഭക്ഷണവും നൽകി നായനാർ അക്കാദമി ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. വിദേശ രാജ്യങ്ങളിൽനിന്ന്‌ കോവിഡ് പശ്ചാത്തലത്തിൽ പ്രവാസികൾ തിരിച്ചെത്തുന്നതിന്റെ  എണ്ണം കുറഞ്ഞതോടെയാണ് നായനാർ അക്കാദമിയുടെ  സൗജന്യ ഭക്ഷണ വിതരണം അവസാനിപ്പിച്ചത്. 
കണ്ണൂർ എയർപോർട്ട് ഏരിയാ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയുടെ കീഴിലുള്ള എയർപോർട്ട് സ്റ്റാഫ് ക്യാന്റീനായ ടെയ്സ്റ്റ് ഓഫ് മലബാറിൽനിന്നാണ് ഭക്ഷണം പാകം ചെയ്ത് വിമാനത്താവള ടെർമിനിലിൽ എത്തിച്ച് വിതരണം ചെയ്തത്. ഇരുപതിനായിരത്തിൽ പരം പ്രവാസികൾ ഇതിനകം ഇതിന്റെ ഗുണഭോക്താക്കളായി. സമാപന ദിവസമായ ഞായറാഴ്ച സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിമാനത്താവളത്തിലെത്തി ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top