24 October Thursday

കരാറുകാരന്റെ മരണം വഞ്ചനക്കേസിൽ അറസ്‌റ്റിലായവർ ആത്മഹത്യാപ്രേരണക്കേസിലും പ്രതികളായേക്കും

പ്രത്യേക ലേഖകൻUpdated: Saturday Sep 21, 2019
കണ്ണൂർ
കെ കരുണാകരന്റെപേരിൽ ട്രസ്‌റ്റ്‌ രൂപീകരിച്ച്‌ വിശ്വാസവഞ്ചന നടത്തിയ കേസിൽ അറസ്‌റ്റിലായ ചെറുപുഴയിലെ കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾ കരാറുകാരൻ ജോസഫ്‌ മുതുപാറക്കുന്നേൽ ആത്മഹത്യചെയ്‌ത കേസിലും പ്രതികളായേക്കും. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ മതിയായ കാരണങ്ങളുണ്ടെന്നാണ്‌ ജില്ലാ ഗവൺമെന്റ്‌ പ്ലീഡറുടെ നിയമോപദേശമന്നറിയുന്നു. 
ഒരാളുടെ മരണവുമായി ബന്ധപ്പെട്ട്‌ ആർക്കെങ്കിലുമെതിരെ ഇന്ത്യൻ ശിക്ഷാനിയമം 306 പ്രകാരം ആത്മഹത്യാ പ്രേരണയ്‌ക്ക്‌ കേസെടുക്കണമെങ്കിൽ  മരണം ആത്മഹത്യയാണെന്നു തെളിയണം. അതിനൊരു കാരണമുണ്ടാകണം. ആ  കാരണമുണ്ടാക്കുന്നതിൽ ആരോപണവിധേയർക്ക്‌ കൃത്യമായ പങ്കുണ്ടാകണം. ചെറുപുഴ സംഭവത്തിൽ ഇതെല്ലാമുണ്ടെന്ന്‌  നിയമോപദേശത്തിൽ വ്യക്തമാക്കിയതായാണ്‌ സൂചന. 
  ജോസഫിന്റെ മരണം ആത്മഹത്യയാണെന്ന്‌ അന്വേഷകസംഘത്തിന്‌  ശാസ്‌ത്രീയ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്‌.  കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെയും ചെറുപുഴ ഡവലപ്പേഴ്‌സിന്റെയും ഭാരവാഹികളായ കെ കുഞ്ഞികൃഷ്‌ണൻ നായർ, റോഷി ജോസ്‌, അബ്ദുൾസലീം  തുടങ്ങിയവർ ജോസഫിന്‌ പണം നൽകാനുണ്ടെന്ന്‌ ഇതിനകം തെളിഞ്ഞതാണ്‌. 
ജോസഫ്‌ ഇവരെക്കണ്ട്‌ പണം ആവശ്യപ്പെട്ടപ്പോഴെല്ലാം, തരാമെന്നു പറഞ്ഞെങ്കിലും കൊടുക്കാതെ നീട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന്‌ ഭാര്യയും മറ്റു ബന്ധുക്കളും രണ്ടു ജോലിക്കാരും പൊലിീസിന്‌ മൊഴിനൽകിയിട്ടുണ്ട്‌. 
   ഏറ്റവുമൊടുവിൽ സെപ്‌തംബർ നാലിന്‌, അബ്ദുൾസലീം വരുന്നുണ്ടെന്നും നിങ്ങൾ കണക്കുകളുമായി വരൂവെന്നും ട്രസ്‌റ്റ്‌ ഭാരവാഹികൾ പറഞ്ഞതു പ്രകാരമാണ്‌ ജോസഫ്‌ ആശുപത്രിയിലേക്കു പോയതെന്നാണ്‌ ഭാര്യ മിനി സെബാസ്‌റ്റ്യൻ അടക്കമുള്ളവരുടെ മൊഴി. വൈകിട്ട്‌ ചെറുപുഴയിൽ പൈസ വാങ്ങാൻ പോകണമെന്നും പറഞ്ഞതായി മകളും പൊലീസിനു മൊഴി നൽയിട്ടുണ്ട്‌.  15 ലക്ഷം രൂപയെങ്കിലും അന്നു നൽകാമെന്ന്‌ ട്രസ്‌റ്റ്‌ ഭാരവാഹികൾ  പറഞ്ഞതായാണ്‌ പൊലീസിനു ലഭിച്ച മൊഴി. 
എന്നാൽ അന്ന്‌ ഒരു രൂപ പോലും നൽകിയില്ലെന്ന്‌  അന്വേഷണത്തിൽ വ്യക്തമായതാണ്‌.  വൻ കടക്കെണിയിലായിരുന്ന ജോസഫ്‌ അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ടതിന്റെ മനോവേദനയിൽ ആത്മഹത്യ ചെയ്‌തുവെന്നാണ്‌ കരുതേണ്ടതെന്ന്‌ സുപ്രീംകോടതി വിധികളടക്കം ഉദ്ധരിച്ച്‌ നിയമോപദേശത്തിൽ ചൂണ്ടക്കാട്ടിയതായാണ്‌ വിവരം. 
ഇത്തരം കേസുകളിൽ പൊലീസ്‌ ഇരയ്‌ക്കൊപ്പമാണ്‌ നിൽക്കേണ്ടത്‌. പ്രഥമദൃഷ്ട്യാ കേസ്‌ ഉണ്ടോ എന്നു മാത്രമേ കണക്കിലെടുക്കേണ്ടതുള്ളൂ.  ബാക്കിയെല്ലാം കോടതി നോക്കേണ്ട കാര്യമാണെന്നും  അഡ്വ. ബി പി ശശീന്ദ്രൻ നിയമോപദേശത്തിൽ പറഞ്ഞതായാണ്‌ അറിയുന്നത്‌.
 
 

 

പ്രധാന വാർത്തകൾ
 Top