14 December Saturday

സിപിഐ എം ഗൃഹസന്ദർശനം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കണ്ണൂർ
ജില്ലയിൽ സിപിഐ എം ഗൃഹസന്ദർശന പരിപാടിക്ക‌് ഞായറാഴ‌്ച തുടക്കമാകും. പാർടിയും ജനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ‌് ഗൃഹസന്ദർശനം. 
പാർടിയെക്കുറിച്ച‌് ജനങ്ങൾ പറയുന്നത‌് കേൾക്കുകയും പാർടി നയങ്ങളും നിലപാടുകളും ജനങ്ങളോട‌് വിശദീകരിക്കുകയും ചെയ്യും. 28 വരെ തുടരുന്ന അതിവിപുലമായ  ജനസമ്പർക്ക പരിപാടിയിൽ പാർടിയുടെ എല്ലാ തലങ്ങളിലെയും പ്രവർത്തകരും നേതാക്കളും അണിനിരക്കും. 
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വർഗീയ അസ്വാസ്ഥ്യങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ഗ്രസിക്കുമ്പോൾ കേരളം മാനവമൈത്രിയുടെയും മതസാഹോദര്യത്തിന്റെയും പച്ചത്തുരുത്തായി നിലനിൽക്കുന്നത‌് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കരുത്തുകൊണ്ടണെന്ന്‌ ജനങ്ങൾക്ക‌് ബോധ്യമുണ്ട‌്. ഈയൊരു മനസ്സ‌് ശക്തിപ്പെടുത്തുകയാണ‌് ഗൃഹസന്ദർശനത്തിലൂടെ  ലക്ഷ്യമാക്കുന്നത‌്.
ജനങ്ങളുമായി നേരിട്ട‌് സംവദിക്കാനും അവരുടെ വിമർശനങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവികൊടുക്കാനും കഴിയുന്നതിലൂടെ അകന്നുപോയ ജനവിഭാഗങ്ങളെ തിരികെകൊണ്ടുവരാൻ കഴിയുമെന്ന‌് പാർടി കണക്കുകൂട്ടുന്നു.  ഇതിലേക്കുള്ള വലിയൊരു ചുവടുവയ‌്പാണ‌് ഒരാഴ‌്ച നീളുന്ന ഗൃഹസന്ദർശനം.
ഞായറാഴ‌്ച സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കണ്ണൂരിലും സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ കൂത്തുപറമ്പ‌് കിഴക്കേ കതിരൂരിലും  വീടുകൾ കയറും. മറ്റുസംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയറ്റ‌്–- ജില്ലാ കമ്മിറ്റി അംഗങ്ങളും വിവിധ സ്ഥലങ്ങളിൽ പങ്കെടുക്കും.  സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ അടക്കമുള്ള നേതാക്കളും തുടർന്നുള്ള ദിവസങ്ങളിൽ ജില്ലയിൽ ഗൃഹസന്ദർശനത്തിൽ പങ്കെടുക്കും.
സംസ്ഥാന നേതാക്കളുടെ പരിപാടി: കോടിയേരി ബാലകൃഷ്ണൻ–- 27ന‌് തലശേരി, ഇ പി ജയരാജൻ–- 27 മട്ടന്നൂർ, 28 പാപ്പിനിശേരി. പി കെ ശ്രീമതി–-  22 കണ്ണൂർ(മുക്കടവ്), 23 മാടായി, 24 പെരിങ്ങോം,  25 മയ്യിൽ, 28 മട്ടന്നൂർ. എം വി ഗോവിന്ദൻ–- 22 തളിപ്പറമ്പ്, 23 ആലക്കോട്, 24 പയ്യന്നൂർ, 25 ശ്രീകണ്ഠപുരം. കെ കെ ശൈലജ–- മട്ടന്നൂർ, 27 കൂത്തുപറമ്പ്, 28 പാനൂർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top