04 August Wednesday

"രാഷ്‌ട്രീയ യയാതി'

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021
കണ്ണൂർ
‘‘യുവാക്കളെ ആവേശംകൊള്ളിച്ച് അക്രമത്തിന് പ്രോത്സാഹനം നൽകുക. എതിരാളികളുടെ ക്ഷമയുടെ നെല്ലിപ്പടി തകർക്കുക. അവരുടെ പ്രതിരോധത്തിൽ സ്വന്തം പ്രവർത്തകരെ കൊലയ്‌ക്ക് കൊടുക്കുക. എന്നിട്ട്  ഉളുപ്പില്ലാതെ  സന്ധിയില്ല എന്ന ശൈലീപ്രയോഗവും.  കൂടെനിന്ന അന്നത്തെ യുവാക്കൾക്ക് കിട്ടിയത് മരണവും അവശേഷിച്ചവർക്ക് കടുത്ത നിരാശയും. കെ സുധാകരന്‌  നിറയെ സ്ഥാനമാനങ്ങളും സമ്പത്തും പെരുമയും’’–- ജവഹർ ബാലജനവേദി ജില്ലാ ചെയർമാനും ഡിസിസി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവുമായിരുന്ന  എ വി ജിതേഷിന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിലെ വാചകങ്ങളാണിത്‌. 
    പുത്രന്റെ യൗവനം സ്വീകരിച്ച് പകരം തന്റെ വാർധക്യം നൽകിയ യയാതിയോടാണ്‌  കെ സുധാകരനെ ജിതേഷ്‌ ഉപമിക്കുന്നത്‌. ഗാന്ധിയന്മാരായ എസ്‌ ആർ  ആന്റണിയും പി രാമകൃഷ്ണനും ഡിസിസി  പ്രസിഡന്റായപ്പോൾ യുഡിഎഫിന്  കണ്ണൂരിൽ നാലും അഞ്ചും എംഎൽഎമാരുണ്ടായിരുന്നു. മറ്റുള്ളവരെ നോക്കുകുത്തികളാക്കി വീരശൂര പരാക്രമി നേതൃത്വം കൊടുത്ത കാലം മൂന്നും ഇപ്പോൾ രണ്ടും. അടിപൊളി വളർച്ച. ഈ വളർച്ച ഇനി കേരളം  കാണാൻ പോകുന്നതേയുള്ളൂ. ബ്രണ്ണൻ കോളേജിൽ  കെഎസ്‌യുക്കാർ വിത്തിനുപോലും ഇല്ലാതായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. പഴംപുരാണം പറഞ്ഞ് മേനിനടിക്കുമ്പോൾ ‘രാഷ്‌ട്രീയ യയാതി’ ഇക്കാര്യവും ഓർക്കണമെന്നും  ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിൽ പറയുന്നു.
    കെപിസിസി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗവും യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റുമായിരുന്ന വി ഒ ശ്രീധരന്റെ മകനാണ്‌ ജിതേഷ്‌.  കോൺഗ്രസിനായി ആയിരത്തിലേറെ വേദികളിൽ  പ്രസംഗിച്ച്‌ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയടക്കം  പ്രശംസ ഏറ്റുവാങ്ങിയ അനാമിക എസ്‌ ജിതേഷ്‌ മകളാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top