17 July Wednesday

തലശേരി–- -മാഹി ബൈപാസ് സ്വപ‌്ന പാതയിൽ മെക്കാഡം ടാറിങ്ങ് തുടങ്ങി

സ്വന്തം ലേഖകൻUpdated: Friday Jun 21, 2019
തലശേരി
തലശേരി –- -മാഹി ബൈപാസിൽ രണ്ട് കിലോമീറ്ററിൽ നാലുവരി മെക്കാഡം ടാറിങ്ങ് പൂർത്തിയായി. നാല‌് കിലോമീറ്റർ നീളത്തിൽ ഒരുഭാഗത്തെ മെക്കാഡം ടാറിങ്ങും നടത്തി. മാഹി ഈസ്റ്റ് പള്ളൂർ,  കൊളശേരി ബാലം എന്നിവിടങ്ങളിലാണ് ആദ്യഘട്ടം മെക്കാഡം ടാറിങ്ങ് നടത്തിയത്. മഴ തുടങ്ങിയതിനാൽ പ്രവൃത്തി മന്ദഗതിയിലാണിപ്പോൾ. വാഹനങ്ങൾ കടന്നുപോകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണിത്. വാഹനമെത്താൻ പ്രയാസമില്ലാത്ത സ്ഥലത്ത് ഇപ്പോഴും പ്രവൃത്തി തുടരുന്നുണ്ട്. 
പുഴകൾക്ക് കുറുകെയുള്ള നാല‌് പാലങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. അഞ്ചരക്കണ്ടി പുഴക്ക് കുറുകെയുള്ള പാലത്തിന്റെ സ്ലാബ് നിർമാണത്തിലേക്ക് കടന്നിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ എക്‌സൈസ് ചെക്ക്‌പോസ്റ്റ് വരെ 18.6 കിലോമീറ്ററാണ് തലശേരി- മാഹി–- ബൈപാസ്. 1181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാത മുപ്പത‌് മാസംകൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ വ്യവസ്ഥ. 
മുഴപ്പിലങ്ങാട് മുതൽ പാറാൽവരെയുള്ള ഒന്നാംഘട്ട പ്രവൃത്തി 2017 ഡിസംബർ നാലിനാണ് ആരംഭിച്ചത്. 2018 ഒക്ടോബർ 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. കാലവർഷം കഴിയുന്നതോടെ നേരത്തെയുള്ള വേഗത്തിൽ പ്രവൃത്തി അതിവേഗത്തിൽ മുന്നോട്ട് പോകുമെന്നാണ് കരാറുകാർ പറയുന്നത്. തലശേരി, മാഹി ടൗണുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി ദേശീയപാതയിലൂടെ അതിവേഗം വാഹനങ്ങൾക്ക് കടന്നുപോകുന്ന സ്വപ്നപാതയാണ് തലശേരി- മാഹി–- ബൈപാസ്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top