24 May Friday

ചരിത്ര ഭൂരിപക്ഷം നേടും

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
ഇത്തവണ കാസർകോട‌് പാർലമെന്റ‌് മണ്ഡലത്തിൽ എൽഡിഎഫിന‌് ജനങ്ങൾ സമ്മാനിക്കുന്നത‌് ചരിത്ര ഭൂരിപക്ഷത്തോടെയുള്ള വിജയമായിരിക്കും. ഇതുവരെ നടത്തിയ ചിട്ടയായ പ്രവർത്തനം മണ്ഡലത്തിന്റെ മനസ‌് കൂടുതൽ ചുവപ്പിച്ചിട്ടുണ്ട‌്. എൽഡിഎഫ‌് ഉയർത്തിപ്പിടിക്കുന്ന ജനപക്ഷ ബദൽ രാഷ്ട്രീയനയത്തിന്റെ അംഗീകാരമായി ഈ നാട‌് എൽഡിഎഫ‌് സ്ഥാനാർഥി കെ പി സതീഷ‌്ചന്ദ്രനെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്ന‌്  ടി വി രാജേഷ‌്  പറഞ്ഞു.
3500 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾക്കാണ‌് ഓരോ മണ്ഡലത്തിലും എൽഡിഎഫ‌് സർക്കാർ അംഗീകാരം നൽകിയത‌്.  ലെവൽക്രോസില്ലാത്ത മണ്ഡലമായ മാറ്റാനുള്ള പി കരുണാകരൻ എംപിയുടെ  പ്രവർത്തനങ്ങളുടെ ഭാഗമായി മേൽപ്പാലങ്ങൾ യാഥാർഥ്യമാകുകയാണ‌്. കാഞ്ഞങ്ങാട‌് –- കാണിയൂർ റെയിൽവേ പാതയ‌്ക്ക‌് തത്വത്തിൽ അംഗീകാരം ലഭിച്ചതും എംപിയുടെ ഇടപെടലിന്റെ ഭാഗമായാണ‌്. എൻഡോസൾഫാൻ മേഖലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ആശ്വാസകരമായ നടപടികളുണ്ടായി.  ഈ വിധത്തിൽ  മണ്ഡലത്തിന‌് വികസനക്കുതിപ്പാണ‌് പി കരുണാകരൻ സമ്മാനിച്ചത‌്.  മലയോര ഹൈവേ, തീരദേശപാത, ഉൾനാടൻ ജലപാത എന്നിങ്ങനെ എൽഡിഎഫ‌് സർക്കാരിന്റെ  പദ്ധതികൾ നിരവധി. ഈ പശ‌്ചാത്തലത്തിലാണ‌് വികസന രാഷ്ട്രീയം ഉയർത്തപ്പിടിച്ച‌് എൽഡിഎഫ‌് വോട്ടുതേടുന്നത‌്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ എൽഡിഎഫ‌് ബഹുദൂരം മുമ്പിലാണ‌്. ഇതുപോലെ മണ്ഡലത്തിൽ ഉണർവും ചലനവുമുണ്ടാക്കിയ പ്രചാരണ മുന്നേറ്റം അടുത്തിടെയുണ്ടായിട്ടില്ല. വീടുകളിൽ നാല‌് തവണയെങ്കിലും  പ്രവർത്തകർ എത്തി. പരമാവധി പേരെ നേരിൽ കണ്ട‌് വോട്ട‌് അഭ്യർഥിച്ചു.   മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രവർത്തനം ഏറ്റക്കുറച്ചിലില്ലാതെ സജീവമാക്കാൻ സാധിച്ചതാണ‌് ഏറ്റവും പ്രധാന നേട്ടം. ഇതിന്റെ ഭാഗമായി ജനങ്ങൾക്കിടയിലുണ്ടായ ഉണർവ‌് ഇടതുമുന്നണിക്ക‌് അനുകൂലമാകും. സർവേഫലങ്ങളെ തള്ളിക്കളയുന്ന ഫലമാണ‌് വരാൻ പോകുന്നത‌്. 
മതന്യൂനപക്ഷങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ട‌്. ശബരിമലയെ പോലും വിവാദമാക്കി വോട്ടുനേടാൻ ശ്രമിക്കുന്ന കോൺഗ്രസിന്റെയും ലീഗിന്റെയും ശ്രമം ഈ ഭീതിക്ക‌് ആക്കം കൂട്ടുന്നു. ബാബറി മസ‌്ജിദ‌് തകർത്തപ്പോൾ കോൺഗ്രസായിരുന്നു കേന്ദ്രം ഭരിച്ചത‌്. പ്രതികൾക്കെതിരെ കാര്യമായ നടപടി സ്വീകരിക്കാൻ കോൺഗ്രസിന‌് സാധിച്ചില്ല. അതിനാൽ ഞങ്ങളാണ‌് ന്യൂനപക്ഷങ്ങളുടെ സംരക്ഷകർ എന്ന കോൺഗ്രസിന്റെ വാദം പൊള്ളയാണെന്ന‌് തിരിച്ചറിയപ്പെട്ടിട്ടുണ്ട‌്. മറ്റൊരു ബിജെപിയാകാൻ അവർ നടത്തുന്ന ശ്രമം തിരിച്ചറിഞ്ഞ മതന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിന‌് അനുകൂലമായ നിലപാട‌് സ്വീകരിക്കും. ശബരിമല പാക്കേജിലൂടെ ശബരിമല വികസനത്തിന‌് സർക്കാർ സ്വീകരിച്ച നടപടി വിശ്വാസികൾ വിലയിരുത്തുന്നുണ്ട‌്. വിശ്വാസികളെ സംരക്ഷിക്കുന്നത‌് ഇടതുപക്ഷമാണെന്ന തിരിച്ചറിവും വോട്ടർമാരിലുണ്ട‌്. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും മികച്ച പ്രതിഛായയുള്ള സ്ഥാനാർഥി എന്നത‌് എൽഡിഎഫിന്റെ സാധ്യത പൊലിപ്പിക്കുന്ന  പ്രധാന ഘടകമാണ‌്.
വിദ്യാർഥികൾ, വർഗ ബഹുജന സംഘടനകൾ, യുവജനങ്ങൾ എന്നിവരുടെ കൂട്ടായ‌്മ ബഹുവിധ പ്രവർത്തനങ്ങളിലൂടെ  പ്രചരണരംഗത്ത‌് സജീവമായിരുന്നു. 2004ൽ   മണ്ഡലത്തിലുണ്ടായ ഉജ്വല വിജയം ഈ  തെരഞ്ഞെടുപ്പിലും ആവർത്തിക്കും. അതിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾക്കാണ‌് മണ്ഡലം കമ്മിറ്റി നേതൃത്വം നൽകിയത‌്. എൽഡിഎഫിന്റെ പ്രവർത്തനങ്ങൾക്കും വിശ്വാസ്യതയ‌്ക്കുമുള്ള അംഗീകാരമായി കെ പി സതീഷ‌് ചന്ദ്രൻ അഭിമാനാർഹമായ ചരിത്രവിജയം നേടുമെന്നും അദ്ദേഹം ദേശാഭിമാനിയോട‌് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top