30 May Saturday

വോട്ടെടുപ്പ്‌ മാറ്റിവയ്‌പിക്കാൻ സമ്മർദ തന്ത്രം; നാടകീയ രംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
കണ്ണൂർ
കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയചർച്ചയ്‌ക്കിടെ നാടകീയ രംഗങ്ങൾ. ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടിനിട്ട് പാസാക്കിയത് അഞ്ചുമണിക്കൂറോളം നീണ്ട ചർച്ചയ്‌ക്കുശേഷം. ഇതിനിടെ ബഹളവും ഇറങ്ങിപ്പോക്കും. വെള്ളിയാഴ്‌ച രാവിലെ ഒമ്പതിനാണ്‌ കൗൺസിൽ യോഗം വിളിച്ചുചേർത്തത്. കൃത്യം എട്ടരയോടെ എൽഡിഎഫ് അംഗങ്ങൾ ഹാളിലെത്തി. ജില്ലാ കൺവീനർ കെ പി സഹദേവൻ, സിപിഐ ജില്ലാ സെക്രട്ടറി പി സന്തോഷ്‌ കുമാർ എന്നിവർക്കൊപ്പമാണ് എൽഡിഎഫ് കൗൺസിലർമാർ എത്തിയത്. ഒമ്പതിനുമുമ്പുതന്നെ യുഡിഎഫ് കൗൺസിലർമാരുമെത്തി. ചർച്ചയിൽ സംസാരിച്ച എൽഡിഎഫ്  അംഗം അപമാനിച്ചുവെന്ന്‌ ആരോപിച്ചായിരുന്നു യുഡിഎഫ്‌ അംഗങ്ങൾ ബഹളംവച്ചത്‌.  അംഗത്തെ അയോഗ്യനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ വനിതാ അംഗങ്ങൾ യോഗത്തിൽനിന്നിറങ്ങിപ്പോയി. പിന്നീട് വോട്ടെടുപ്പിൽ പങ്കെടുക്കാനാണ് അവർ ഹാജരായത്. വോട്ടെടുപ്പ്‌ മാറ്റിവയ്‌പിക്കാനുള്ള സമ്മർദ തന്ത്രമായിരുന്നു ബഹളം. 
ചർച്ചയ്‌ക്കുശേഷം വോട്ടെടുപ്പും കഴിഞ്ഞ് ഒന്നരയോടെയാണ് ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം പാസായതായി കലക്ടർ ടി വി സുഭാഷ് പ്രഖ്യാപിച്ചത്. തുടർന്ന് എൽഡിഎഫ് അംഗങ്ങൾ   അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച കെ പി എ സലീമിനെയും ആനയിച്ച് പ്രകടനമായി പുറത്തേക്ക് നീങ്ങി. 
ഓഫീസ് പരിസരത്ത്  സിപിഐ എം ജില്ലാ സെക്രട്ടറി  എം വി ജയരാജൻ, കെ പി സഹദേവൻ, എൻ ചന്ദ്രൻ, ടി ഐ മധുസൂധനൻ എന്നിവരുടെ നേതൃത്വത്തിൽ  സ്വീകരിച്ചു. ടൗൺ എസ്ഐ ബി എസ്‌ ബാവിഷിന്റെ നേതൃത്വത്തിൽ വൻ പോലിസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top