05 April Sunday

വീൽചെയറിൽ വിജയപ്പടികടന്ന്‌ ഐശ്വര്യ

സ്വന്തം ലേഖികUpdated: Friday Feb 21, 2020

പത്താംതരം തുല്യതാ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കെ സി ഐശ്വര്യ

 കണ്ണൂർ

രോഗം തളർത്തിയ ശരീരത്തോട്‌  പോരാടി കെ സി ഐശ്വര്യ പത്താംക്ലാസ് തുല്യതാ പരീക്ഷയിൽ ജില്ലയിൽ ഒന്നാം സ്ഥാനം കൈപ്പിടിയിലൊതുക്കി.  അതിജീവനത്തിന്റെ  പ്രതീകമായ ഐശ്വര്യ ഇരിക്കൂർ നായാട്ടുപാറയിലെ രജിതാലയത്തിൽ എത്തുന്നവരെ ആത്മവിശ്വാസത്തോടെയാണ്‌ സ്വീകരിക്കുന്നത്‌.  നട്ടെല്ല്‌ വളയുന്ന സ്‌കോളിയോസിസ്‌ രോഗം ഐശ്വര്യയുടെ ഏഴാമത്തെ വയസ്സിലാണ്‌ ബാധിക്കുന്നത്‌. രോഗം തിരിച്ചറിയാൻ വൈകി.  സുഷുമ്‌ന നാഡിയെ രോഗം ബാധിച്ചപ്പോൾ മരുന്നുകൾമാത്രമായി കൂട്ട്.  
തളരാതെ പിടിച്ചുനിൽക്കാൻ കുടുംബാംഗങ്ങൾ ധൈര്യം നൽകി. ഏഴാംതരം പരീക്ഷ കഴിഞ്ഞ് അവധിക്കാലം ആഘോഷിക്കുന്ന സമയത്താണ്‌ കാലിന്റെ സ്പർശനശേഷി നഷ്ടപ്പെട്ടത്‌. പിന്നീട് വീൽചെയറിലായി ജീവിതം. സ്‌കൂളിൽ പോവാതെ എട്ടാംതരം പൂർത്തിയാക്കി. പിന്നീട് പഠനത്തെക്കുറിച്ച്  ചിന്തിച്ചിട്ടില്ലെന്ന് ചെറുപുഞ്ചിരിയോടെ ഐശ്വര്യ പറയുന്നു. 
പാതിവഴിയിലായ ആഗ്രഹങ്ങൾക്കും സ്വപ്‌നങ്ങൾക്കും വീണ്ടും നിറം പകർന്നത് തന്നെപ്പോലെ ചക്രക്കസേരയിൽ ജീവിതം തള്ളി നീക്കുന്നവരുടെ കൂട്ടായ്മയാണ്‌. ജീവിതത്തിൽ തന്നെക്കാൾ ദുരിതങ്ങൾ പേറുന്നവർ ഉയരങ്ങൾ കീഴടക്കുന്നത്‌ അറിഞ്ഞപ്പോൾ ഐശ്വര്യയും വീണ്ടും പഠിക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. സാക്ഷരത മിഷന്റെ ക്ലാസുകൾ ഏറെ ഗുണം ചെയ്തു. ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഞായറാഴ്ച ക്ലാസുകളും തുണയായി.  കരകൗശല വസ്തുക്കളും പേപ്പർ പേനകളും നിർമിക്കുന്ന ഐശ്വര്യ പന്ത്രണ്ടാംതരം പരീക്ഷയിൽ കൂടുതൽ മികച്ച വിജയം നേടാനുള്ള പരിശ്രമത്തിലാണ്‌.
 
 
പ്രധാന വാർത്തകൾ
 Top