20 February Wednesday

നൃത്തം ചവിട്ടിയും ആർപ്പ‌് വിളിച്ചും...

സ്വന്തം ലേഖകൻUpdated: Monday Jan 21, 2019

ദേശാഭിമാനിയും പയ്യന്നൂർ ദൃശ്യയും ചേർന്ന‌് പയ്യന്നൂർ ബോയ‌്സ‌് ഹൈസ‌്കൂൾ സ‌്റ്റേഡിയത്തിൽ സംഘടിപ്പിപ്പിച്ച തൈക്കുടം ബ്രിഡ‌്ജിന്റെ കലാപരിപാടി ആസ്വദിക്കാനെത്തിയ ജനക്കൂട്ടം

പയ്യന്നൂർ
‘അപ്പോളെ പറഞ്ഞില്ലെ പോരണ്ടാ പോരണ്ടാന്ന‌്’ എന്ന സിനിമാഗാനം  
കണ്ണഞ്ചിപ്പിക്കുന്ന  ലൈറ്റ‌് ഷോയുടെയും  പാശ‌്ചാത്യസംഗീത  ഉപകരണങ്ങളുടെ അകമ്പടിയോടെയും  പാടിയപ്പോൾ ആസ്വാദകർ താളമിട്ട‌് നൃത്തം  ചവിട്ടി.  തമിഴ‌്ഗാനമായ ‘കാതലെ കാതലെ’  പാടിയപ്പോൾ  യുവത ഒന്നടങ്കം നൃത്തമാടി കൂടെ പാടി.  ദേശാഭിമാനിയും പയ്യന്നൂർ ദൃശ്യയും ചേർന്ന‌് പയ്യന്നൂർ ബോയ‌്സ‌് ഹൈസ‌്കൂൾ സ‌്റ്റേഡിയത്തിൽ സംഘടിപ്പിപ്പിച്ച  തൈക്കുടം ബ്രിഡ‌്ജിന്റെ സംഗീതരാവാണ‌്  പയ്യന്നൂരിന്റെ സംഗീതലോകത്ത‌്  പുതിയ ചരിത്രമായത‌്.  സംഗീതത്തിന്റെ മാസ‌്മരിക താളങ്ങൾ ആവാഹിച്ച‌്  തലമുടി ചുഴറ്റിയും കൈകൾ  മേലോട്ടുയർത്തിയും  മറ്റുമുള്ള കായിക പ്രകടനത്തോടെയുള്ള  യുവഗായകരുടെ  സംഗീതാലാപനം   ഗ്രൗണ്ടിൽ തിങ്ങി നിറഞ്ഞ ആയിരങ്ങൾ കരഘോഷത്തോടെയാണ‌് നെഞ്ചേറ്റിയത‌്.  
സംഗീതാസ്വാദകരെ ആവേശത്തിന്റെ   കൊടുമുടിയിലെത്തിച്ച  തൈക്കുടം ബ്രിഡ‌്ജ‌് ബാന്റിന്റെ ഗോഡ‌്ഫാദർ  പീതാംബര മേനോനാണ‌്.  മകൻ ഗോവിന്ദ‌് വസദയാണ‌്  പ്രധാന ഗായകനും വയലിനിസ‌്റ്റും . മിഥുനാണ‌് ഗിതാറിസ‌്റ്റ‌്.   വിയാൻ ഫെർണാണ്ടസാണ‌് റിഥം ഗിത്താറിസ‌്റ്റ‌്.  
ടി എൻ അനീഷാണ‌് ഡ്രമ്മർ. റുഥിനാണ‌്  കീബോർഡ‌്. ക്രിസ‌്റ്റി, അനീഷ‌് കൃഷ‌്ണൻ, വിപിൻലാൽ, കൃഷ‌്ണ മേഗാശ്വരി, നിലാമാധവ‌്  മോഹസത്ര  എന്നിവരാണ‌് ഗാനങ്ങൾ ആലപിച്ചത‌്. 
പയ്യന്നൂർ  അടുത്തക്കാലത്തൊന്നും കണ്ടിട്ടില്ലാത്ത ജനസഞ്ചയമാണ‌് പരിപാടിക്കെത്തിയത‌്.  യുവാക്കളെല്ലാം ഒരു പോലെ നൃത്തം ചവിട്ടിയും ആർപ്പ‌് വിളിച്ചും പരിപാടി കൊഴുപ്പിച്ചപ്പോഴും   അച്ചടക്കം സൂക്ഷിക്കാൻ  കഴിഞ്ഞതും  ടി ഐ മധുസൂദനൻ ചെയർമാനും കെ ശിവകുമാർ കൺവീനറുമായുള്ള കമ്മിറ്റിയുടെ സംഘാടന മികവായി.
പ്രതിഭകളെ ആദരിച്ചു
പയ്യന്നൂർ
ദേശാഭിമാനി ﹣ദൃശ്യ പയ്യന്നൂർ മെഗാ ഷോയുടെ ഭാഗമായി പയ്യന്നൂരിന്റെ  കല ﹣-ശാസ‌്ത്ര, നൃത്ത, സാമൂഹിക, സാംസ‌്കാരിക രംഗത്തെ തെരഞ്ഞെടുത്ത വ്യക്തിത്വങ്ങളെ  "പയ്യന്നൂർ പെരുമ'  ആദരിച്ചു.   പ്രശസ‌്ത കലാകാരന്മാരെ പങ്കെടുപ്പിച്ച‌് ശ്രദ്ധേയമായ  കലാപരിപാടികൾ പയ്യന്നൂരിന‌് പരിചയപ്പെടുത്തുന്ന സംഗീതോത്സവമായ തുരീയത്തിന്റെ മുഖ്യ സംഘാടകൻ സ്വാമി കൃഷ‌്ണാനന്ദ ഭാരതി,  ശാസ‌്ത്ര ലോകത്തെ പ്രഗത്ഭരായ വി പി ബാലഗംഗാധരൻ, കാന എം  സുരേശൻ, ഭാരത‌്ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ‌് പയ്യന്നൂർ, അഡ്വ. കെ വിജയകുമാർ,  നൃത്ത രംഗത്തെ അതുല്യ പ്രതിഭകളായ എൻ വി കൃഷ‌്ണൻ, കലാമണ്ഡലം ലത, സീതാ ശശിധരൻ,  മാപ്പിളപ്പാട്ട‌് കുലപതി അസീസ‌് തായിനേരി, സിനിമാ രംഗത്തെ മോഹൻ കുപ്ലേരി, സുരേഷ‌് പൊതുവാൾ,  സുബീഷ‌് സുധി, ആനന്ദ‌് പയ്യന്നൂർ,  ജനകീയ ഡോക്ടർ കെ കുഞ്ഞിക്കണ്ണൻ, സംഗീത സംവിധായകൻ എം പി രാഘവൻ, ഓട്ടൻതുള്ളൽ കലാകാരൻ കൃഷ‌്ണൻകുട്ടി, നാടക രംഗത്തെ സജ‌ീവ സാന്നിധ്യങ്ങളായ കെ സി കൃഷ‌്ണൻ, കെ പി കൃഷ‌്ണൻ എന്നിവരെയാണ‌് ആദരിച്ചത്. 
തൈക്കുടം മെഗാ ഷോയുമായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള ഉപഹാരങ്ങളും മന്ത്രി നൽകി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top