01 June Monday

ചക്കപ്രേമികളേ.. തലശേരി വിളിക്കുന്നു

സ്വന്തം ലേഖികUpdated: Sunday Oct 20, 2019

തലശേരിയിൽ ചക്ക വിഭവമേള ന​ഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

തലശേരി
ചക്ക ഹൽവയും ചക്കക്കുരു –-ചെമ്മീൻ ചമ്മന്തിയും രുചിക്കാൻ കൊതിയുള്ളവർ നേരെ തലശേരിയിലേക്ക്‌ വിട്ടോളൂ. ചക്കയുടെ വെെവിധ്യമാര്‍ന്ന രുചിക്കൂട്ടുകളുമായി മേള തുടങ്ങി. മലബാര്‍ മാവ് കര്‍ഷക സമിതിയും ഓള്‍ കേരള ജാക്ഫ്രൂട്ട് പ്രമോഷന്‍ അസോസിയേഷനും ചേർന്ന്‌ തലശേരി പുതിയ ബസ്‌സ്റ്റാൻഡിലെ പച്ചക്കറി മാര്‍ക്കറ്റിന് സമീപമാണ്‌ മേള ആരംഭിച്ചത്‌. ചക്ക കൊണ്ടുണ്ടാക്കിയ ഹല്‍വ, കട്‌ലറ്റ്, സ്ക്വാഷ്, പായസം, ചക്കക്കുരു–-ചെമ്മീന്‍ ചമ്മന്തിപ്പൊടി, ചക്ക ഉപ്പേരി തുടങ്ങി അറുപതിലധികം ചക്ക വിഭവങ്ങളുണ്ട്‌. 15 തരം മാങ്ങ അച്ചാറുകളും ജാതിക്ക, നെല്ലിക്ക, ഇഞ്ചി, പച്ചമുളക്, കാന്താരി എന്നിവയുടെ ഇരുപതിലേറെ അച്ചാറുകളുമുണ്ട്. നെല്ലിക്കയുടെയും തേനിന്റെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളാണ് മറ്റൊരു പ്രത്യേകത. ഖാദി ബോര്‍ഡിന്റെ സാങ്കേതിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളും കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ ഉല്‍പന്നങ്ങളും മേളയിലുണ്ട്.
കെെത്തറി ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരവും  ഒരുക്കിയിട്ടുണ്ട്. ഖാദി കുര്‍ത്തകള്‍, ലേഡീസ് ടോപ്പുകള്‍, രാജസ്ഥാന്‍ ബെഡ്ഷീറ്റുകള്‍, മേശവിരികള്‍, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയവയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. ന​ഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ മേള ഉദ്ഘാടനംചെയ്തു. വെെസ്‌ ചെയര്‍പേഴ്സന്‍ നജ്മ ഹാഷിം ആദ്യവില്‍പന നടത്തി. കെ വിനയരാജ്, ടി രാഘവന്‍, എബി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top