09 December Monday

ബിജെപിക്കും കോൺഗ്രസിനും ബദലെന്തെന്നതിന‌ുള്ള ഉത്തരമാണ‌് കേരളത്തിലെ സർക്കാർ: കോടിയേരി

സ്വന്തം ലേഖകൻUpdated: Monday May 20, 2019
വെള്ളോറ
ബിജെപിക്കും കോൺഗ്രസിനും ബദലെന്തെന്നതിന‌ുള്ള ഉത്തരമാണ‌് കേരളത്തിൽ എൽഡിഎഫ‌് നേതൃത്വത്തിലുള്ള സർക്കാരെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. വെള്ളൊറയിൽ സിപിഐ എം എടോളി ബ്രാഞ്ചിനായി നിർമിച്ച എൻ സുബ്രഹ്മണ്യഷേണായി സ‌്മാരക മന്ദിരം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ബിജെപിയുടെ കേന്ദ്രഭരണത്തിനും കോൺഗ്രസിന്റെ ഉദാരവൽക്കരണ നയങ്ങൾക്കും ബദൽ അന്വേഷിക്കുന്ന രാജ്യത്തെ ജനങ്ങൾക്കുള്ള ഉത്തരമാണ‌് കേരളം. കഴിഞ്ഞ മൂന്ന‌് വർഷങ്ങളിലായി കേര‌ളത്തിൽ നടപ്പാക്കുന്ന വികസനസംസ‌്കാരമാണ‌് ഇതിന‌് അടിസ്ഥാനം. സാമൂഹ്യ നീതിയിലധിഷ‌്ഠിതമായ സർവതല സ‌്പർശിയായ വികസനമാണ‌് എൽഡിഎഫ‌് നടപ്പാക്കുന്നത‌്. ഇത്‌ പ്രഖ്യാപനത്തിലൊതുങ്ങുന്നില്ല എന്നതാണ‌് സർക്കാരിന്റെ പ്രത്യേകത. എല്ലാക്കാര്യങ്ങളും കൃത്യമായി നടക്കുന്നുിവെന്ന‌് ഉറപ്പാക്കുന്നതിനുള്ള ഇടപെടലാണ‌് അതിൽ പ്രധാനപ്പെട്ടത‌്. 
പതിറ്റാണ്ടുക‌ളായി മുടങ്ങിക്കിടക്കുന്ന പദ്ധതികൾപോലും അതിവേഗം ലക്ഷ്യത്തിലേക്ക‌് അടുക്കുന്ന സാഹചര്യമാണ‌് സർക്കാർ ഇടപെടലിലൂടെ സാധ്യമാകുന്നത‌്. എല്ലാ മേഖലയുടെയും ഉന്നമനത്തിനായി ഇടപെടുന്നുവെന്നതാണ‌് എൽഡിഎഫ‌് സർക്കാരിനെ വ്യത്യസ‌്തമാക്കുന്നത‌്. സാധാരണ ജനസംഖ്യാനുപാതത്തെ  അടിസ്ഥാനപ്പെടുത്തിയാണ‌് വിവിധ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ബജറ്റിൽ തുക നീക്കിവയ‌്ക്കുന്നതെങ്കിൽ എൽഡിഎഫ‌് സർക്കാർ അതിൽ ചില മാറ്റം വരുത്തി. 
പിന്നോക്കം നിൽക്കുന്ന  ചില പ്രത്യേക വിഭാഗങ്ങളുടെ  ഉന്നമനത്തിനായി കൂടുതൽ തുക നീക്കിവയ‌്ക്കുന്നതിന‌് പ്രത്യേകം ശ്രദ്ധിച്ചതിന്റെ ഫലം കണ്ടുതുടങ്ങിയതായും കോടിയേരി പറഞ്ഞു. പെരിങ്ങോം ഏരിയാ സെക്രട്ടറി സി സത്യപാലൻ ചടങ്ങിൽ അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top