25 May Monday

എൽഡിഎഫ്‌ ബഹിഷ്‌കരിച്ചു ഓംബുഡ്‌സ്‌മാൻ തടഞ്ഞിട്ടും കോർപ്പറേഷനിൽ ബജറ്റ്‌ അവതരണം

സ്വന്തം ലേഖകൻUpdated: Friday Mar 20, 2020

ബജറ്റ്‌ അവതരിപ്പിക്കുന്നതിനിടെ എൽഡിഎഫ്‌ കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോകുന്നു

കണ്ണൂർ
ഓംബുഡ്‌സ്‌മാൻ തടഞ്ഞിട്ടും കോർപ്പറേഷനിൽ ബജറ്റ്‌ അവതരിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ് യോഗം ബഹിഷ്‌കരിച്ചു. ധനകാര്യ സ്‌റ്റാൻഡിങ്ങ്‌ കമ്മിറ്റി പരിഗണിക്കാത്തവ ബജറ്റിൽ ഉൾപ്പെടുത്തിയതിനെത്തുടർന്നാണ്‌ തദ്ദേശസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാൻ കണ്ണൂർ കോർപ്പറേഷൻ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌ തടഞ്ഞത്‌. എന്നാൽ കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിനായി വിളിച്ചു ചേർത്ത അടിയന്തരയോഗത്തിന്റെ മറവിൽ ബജറ്റ്‌ അവതരിപ്പിക്കാൻ ശ്രമിച്ചതോടെയാണ്‌ പ്രതിപക്ഷം ബഹിഷ്‌കരിച്ചത്‌. 
18 നാണ്‌ ബജറ്റ്‌ നിശ്‌ചയിച്ചത്‌. ധനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റിയിൽ ചർച്ചചെയ്യാത്ത കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയെന്നുകാണിച്ച്‌ സ്‌റ്റാൻഡിങ്‌ കമ്മിറ്റിയംഗംകൂടിയായ എൽഡിഎഫ്‌ കൗൺസിലർ കെ പി സജിത്താണ്‌ ഓംബുഡ്‌സ്‌മാന്‌ പരാതി നൽകിയത്‌. യോഗം പരിഗണിക്കാത്തതും തീരുമാനമെടുക്കാത്തതുമായ കാര്യങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തിയതും പരാതിയിൽ ഉൾപ്പെടുത്തിയിരുന്നു. സ്ഥിരംസമിതിയിൽ ചർച്ചചെയ്‌ത്‌ തീരുമാനമെടുത്തശേഷം 31നു മുമ്പ്‌ ബജറ്റ്‌ അവതരിപ്പിക്കാനാണ്‌ ഓംബുഡ്‌സ്‌മാൻ നിർദേശം നൽകിയത്‌. എന്നാൽ ഒരുദിവസം മാറ്റിവച്ച ബജറ്റ്‌ അടിയന്തരയോഗത്തിൽ അനുബന്ധമായി തീരുമാനിക്കുകയായിരുന്നു. പകൽ 11 നാണ്‌  മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്‌ നടന്നത്‌. രാവിലെ പത്തിന്‌ യോഗം കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങളുടെ ആലോചനയും നടത്താൻ നിർദേശിച്ചിരുന്നു. ബുധനാഴ്‌ചയാണ്‌ നിർദേശം വന്നതെന്നതിനാൽ രാത്രിയോടെയാണ്‌ പല കൗൺസിലർമാർക്കും വിവരം കിട്ടിയത്‌. പലർക്കും വിവരം കിട്ടിയതുമില്ല. ഈ യോഗത്തിന്റെ കത്തിലാണ്‌ 11.30ന്‌ കോർപ്പറേഷൻ യോഗവും ചേരുമെന്ന്‌ അറിയിപ്പുണ്ടായത്‌. ഇതിൽ ബജറ്റ്‌ സൂചനയും നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും വീഡിയോ കോൺഫറൻസ്‌ അവസാനിക്കുമ്പോഴേക്കും 12.30 ആയി. യോഗം 12.40ന്‌ വീണ്ടും ആരംഭിക്കുമെന്ന്‌ അറിയിച്ച്‌ മേയർ ചേമ്പറിലേക്ക്‌ മടങ്ങി. നിയമവിധേയമല്ലാത്ത രീതിയിൽ ബജറ്റ്‌ അവതരിപ്പിക്കരുതെന്ന്‌ എൽഡിഎഫ്‌ കക്ഷിനേതാവ്‌ എൻ ബാലകൃഷ്‌ണനും മറ്റു കൗൺസിലർമാരും മേയറോടും സെക്രട്ടറിയോടും  ആവശ്യപ്പെട്ടിരുന്നു. എന്നാൽ യോഗം വീണ്ടും ആരംഭിച്ചപ്പോൾ ബജറ്റ്‌ അവതരിപ്പിക്കാൻ ഡെപ്യുട്ടി മേയർ പി കെ രാഗേഷിനെ മേയർ സുമാ ബാലകൃഷ്‌ണൻ ക്ഷണിച്ചതോടെ എൽഡിഎഫ്‌ കൗൺസിലർ വെള്ളോറ രാജൻ ക്രമപ്രശ്‌നം ഉന്നയിച്ചു. നിശ്‌ചയിച്ചതിലും അരമണിക്കൂർ കഴിഞ്ഞ്‌ യോഗം ആരംഭിക്കുന്നത്‌ നിയമം അനുശാസിക്കുന്നില്ലെന്നും ഈ യോഗത്തിന്‌ സാധുതയില്ലെന്നും വെള്ളോറ രാജൻ പറഞ്ഞു. സാധാരണ യോഗങ്ങൾക്ക്‌ മൂന്ന്‌ പ്രവൃത്തിദിവസം മുമ്പ്‌ അംഗങ്ങൾക്ക്‌ നോട്ടീസ്‌ നൽകണമെന്നതും  പാലിച്ചില്ലെന്നും എൽഡിഎഫ്‌ അംഗങ്ങൾ പറഞ്ഞു. എന്നാൽ ക്രമപ്രശ്‌നം അനുവദിക്കാതെ ബജറ്റ്‌ അവതരിപ്പിക്കാൻ തുടങ്ങിയതോടെ  എൽഡിഎഫ്‌ അംഗങ്ങൾ പ്രതിഷേധവുമായി യോഗം ബഹിഷ്‌കരിച്ചു. സംഭവത്തെക്കുറിച്ച്‌ തദ്ദേശഭരണവകുപ്പ്‌ മന്ത്രിയെയും നഗരകാര്യ ഡയരക്ടറെയും അറിയിച്ചതായി എൽഡിഎഫ്‌ കൗൺസിലർമാർ അറിയിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top