30 May Saturday

നാടിനുവേണ്ടി ഈ ‘ഒറ്റപ്പെടൽ’

എൻ കെ സുജിലേഷ്‌Updated: Friday Mar 20, 2020
കണ്ണൂർ
ആശങ്കകൾക്ക്‌ വിരാമമിട്ട്‌ എട്ടുപേർക്കും വീടുകളിലേക്കുള്ള ‘വിസ’യാണ്‌ ആരോഗ്യവകുപ്പ്‌ നൽകിയത്‌. നെഗറ്റീവ്‌ റിസൽട്ട്‌ അത്രമാത്രം അവരെ ആശ്വസിപ്പിച്ചു. ആധിയോടെ കാത്തിരിക്കുന്നുണ്ട്‌ വീട്ടുകാരെന്ന്‌ അറിയാഞ്ഞിട്ടല്ല. ചങ്ങലയുടെ ഭാഗമാകാതിരിക്കാനുള്ള മുൻകരുതൽ. ആശുപത്രിവിട്ടാലും  സമ്പർക്കവിലക്കായിരുന്നു അവരുടെ തീരുമാനം. കോവിഡ്‌ 19 ആദ്യഘട്ടത്തിൽ സ്ഥിരീകരിച്ചിരുന്ന പെരിങ്ങോം സ്വദേശിയുടെ കൂടെ ദുബായിൽ കഴിഞ്ഞ എട്ടുപേരാണ്‌ ആശുപത്രിയിൽനിന്നിറങ്ങിയിട്ടും ഒരുവീട്ടിൽ ‘പുറംലോകം കാണാതെ’ ജീവിക്കുന്നത്‌.  12ന്‌ രാത്രി പത്തരയോടെയാണ്‌ എട്ടുപേരും കരിപ്പൂരിൽ വിമാനമിറങ്ങിയത്‌. ആരോഗ്യവകുപ്പ്‌ ഏർപ്പെടുത്തിയ ആംബുലൻസിൽ കണ്ണൂരിലേക്ക്‌. രാത്രി ഒന്നരയോടെ  ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ. പിറ്റേന്ന്‌ സാമ്പിൾ പരിശോധനക്ക്‌. രോഗലക്ഷണങ്ങളില്ലെങ്കിലും ആശങ്കയുടെ ദിനങ്ങൾ. മൂന്നുദിവസം കഴിഞ്ഞ്‌ ഫലമെത്തിയപ്പോൾ നെഗറ്റീവ്‌. ആശ്വാസതീരമണഞ്ഞെങ്കിലും  പരീക്ഷണത്തിന്‌ അവർ തയ്യാറല്ലായിരുന്നു. ഒന്നിച്ചൊരിടത്ത്‌ ആരുമായും ബന്ധമില്ലാതെ കഴിയാനുള്ള തീരുമാനമെടുക്കുന്നത്‌ അങ്ങിനെയാണ്‌. 
‘നാടാണ്‌ വലുത്‌’
ജില്ലാ ആശുപത്രിയിൽ തന്നെ പേവാർഡിൽ കഴിയാനാകുമോയെന്ന്‌ അന്വേഷിച്ചെങ്കിലും ഐസൊലേഷനും മറ്റുമായി എത്തുന്നവരുടെ എണ്ണം കൂടുന്നതിനാൽ അത്‌ പ്രയാസമാകുമെന്ന്‌ അധികൃതരുടെ മറുപടി. അടുത്ത സാധ്യതയെക്കുറിച്ചുള്ള ചിന്തയിലാണ്‌ വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന സുഹൃത്ത്‌ തെളിഞ്ഞത്‌. കൂടെയുള്ള അമ്മയെ മറ്റൊരു വീട്ടിലാക്കി എട്ടുപേരും അവിടേക്കു മാറി. അധികൃതരെ അറിയിക്കാതെയും നിയന്ത്രണങ്ങളില്ലാതെയും രോഗവ്യാപനത്തിന്‌ കാരണമാകുന്നവർക്കുമുന്നിൽ ഇവർ തീർത്ത ‘സ്വയം വിലക്കിന്‌’ ഇവർ തന്നെ പറയുന്നതൊന്നുമാത്രം–- ‘നാടാണ്‌ വലുത്‌’.  
‘ലോകത്തെവിടെയുമുണ്ടാകില്ല 
ഈ കരുതൽ’ 
പെരിങ്ങോം സ്വദേശിക്ക്‌ കോവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചതോടെ ഇവർ നാട്ടിലേക്കു വരാനുള്ള വഴികൾ തേടുകയായിരുന്നു. എല്ലാവരും ഒരു കമ്പനിയിൽ. ഒരേ സ്ഥലത്ത്‌ താമസിക്കുന്നവർ. രോഗസാധ്യതകൂടുതലായിരുന്നു. കമ്പനിയിൽനിന്നു പാസ്‌പോർട്ടും മറ്റു രേഖകളും സംഘടിപ്പിക്കാൻ ഏറെ പണിപ്പെട്ടു. 
ചെറിയ സമയത്തിനുള്ളിൽ എല്ലാം തരപ്പെടുത്തി ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി  പി സന്തോഷുമായി ബന്ധപ്പെട്ടു. ഇവിടെ എല്ലാ സൗകര്യങ്ങളുമൊരുക്കാമെന്ന്‌ ഉറപ്പ്‌. 12ന്‌ വൈകിട്ട്‌ എയർ ഇന്ത്യാ എക്‌സ്‌പ്രസിൽ നാട്ടിലേക്ക്‌ പുറപ്പെട്ടു. മുൻകരുതലെല്ലാം പാലിച്ചായിരുന്നു യാത്ര. വിമാനത്തിൽനിന്ന്‌ ആരും ഭക്ഷണംപോലും കഴിച്ചില്ല. നാട്ടിലെത്തിയെങ്കിലും വീടണയാൻ ഇവർ ഇനിയും കാത്തിരിക്കും. ആരോഗ്യപ്രവർത്തകരുടെ കരുതലിലാണിവർ ദിവസങ്ങൾ നീക്കുന്നത്‌.  ഭക്ഷണമെത്തിക്കാനും ആരോഗ്യ പരിശോധന നടത്താനുമായി ആരോഗ്യപ്രവർത്തകർ കൃത്യസമയത്തെത്തുന്നു. ‘ലോകത്തെവിടെയുമുണ്ടാകില്ല ഇങ്ങനെയൊരു കരുതൽ’ –- ആരോഗ്യ വകുപ്പിനും മന്ത്രിക്കും സർക്കാരിനും അനുഭവത്തിൽനിന്നാണ്‌ ഇവരുടെ ബിഗ്‌ സല്യൂട്ട്‌.
പ്രധാന വാർത്തകൾ
 Top