എടക്കാട്
വായനശാലയിൽ കോൺഗ്രസ് ക്രിമിനലുകളുടെ ആക്രമണം. നടാൽ കുറ്റിക്കകം വിജ്ഞാനദായിനി വായനശാല ആൻഡ് ഗ്രന്ഥാലയത്തിൽ കയറിയാണ് കോൺഗ്രസുകാർ അക്രമം നടത്തിയത്. വായനശാലയുടെ ഏണിപ്പടിയിൽനിന്ന് പ്രസിഡന്റ് എ രവീന്ദ്രനെ വലിച്ചു താഴെയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ബോർഡ് എഴുതുന്ന കലാകാരനെ ചുവന്ന അക്ഷരങ്ങളിൽ എഴുതരുതെന്ന് പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. കെ സുധാകരന്റെ മരുമകൻ കെ നിഷാന്ത്, ഷാജി എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെയാണ് അതിക്രമം.
രവീന്ദ്രനെ നേരത്തെ രണ്ട് തവണ കോൺഗ്രസുകാർ ആക്രമിച്ചിരുന്നു. വായനശാലയുടെ മുകൾനിലയിൽ നിർമാണപ്രവൃത്തി നടക്കുമ്പോഴും ഇതേ സംഘം തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.
വായനശാല തകർക്കാനും ശ്രമുണ്ടായി. സംഭവത്തിൽ വായനശാല കമ്മിറ്റി എടക്കാട് പൊലീസിൽ പരാതി നൽകി.
വായനശാലയിൽ അതിക്രമം നടത്തിയതിൽ സിപിഐ എം എടക്കാട് ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സാംസ്കാരിക സ്ഥാപനങ്ങൾക്കുനേരെയുള്ള ഇത്തരം അതിക്രമങ്ങൾ തടയാൻ അധികൃതർ നടപടിയെടുക്കണം.
സമാധാനം നിലനിൽക്കുന്ന പ്രദേശത്ത് കുഴപ്പം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം. ഏരിയാ സെക്രട്ടറി എം കെ മുരളി പ്രസ്താവനയിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..