20 August Tuesday

ഉറപ്പുവേണം ജീവിതത്തിനും വീടിനും

സി പ്രകാശൻUpdated: Friday Jul 19, 2019

ഇരിണാവ് പുത്തരിപ്പുറത്ത് വെള്ളക്കെട്ടിന് നടുവിൽ തകർന്നു വീഴാറായ മുമ്മിണിയൻ വിജയന്റെ വീട്‌

ഇരിണാവ്
എന്തെങ്കിലും സഹായം ചെയ്യാന്‍ പറ്റുമോ?. വെള്ളക്കെട്ടിന് നടുവിൽ ഇടിഞ്ഞുവീഴാറായ വീട്ടിൽ ജീവൻ പണയപ്പെടുത്തി ജീവിക്കുന്ന ഇരിണാവ് പുത്തരിപ്പുറത്തെ മുമ്മിണിയൻ വിജയന്റെയും  കുടുംബത്തിന്റെയും ചോദ്യമാണിത‌്. ഭാര്യയും വിദ്യാർഥികളായ മക്കളും ഉൾപ്പെടുന്ന നാലംഗ നിർധന കുടുംബം തകരാറായ വീട്ടിൽ ജീവൻ കൈയിൽപിടിച്ച‌് ജീവിതം തള്ളിനീക്കുകയാണ‌്. ചേറ്റുമണൽ കൊണ്ട് കെട്ടിയുണ്ടാക്കിയ വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ചുമരുകൾ ഇടിഞ്ഞുവീഴുന്ന സ്ഥിതിയാണ്. മുറികൾ ചതുപ്പ് നിലത്തിന് സമാനമായ അവസ്ഥയിൽ. മേൽക്കൂര ദ്രവിച്ച് ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നു. ഓടുകൾ ഇളകി നീങ്ങിയതിനാൽ മഴ പെയ്താൽ ഒരു തുള്ളിപോലും പുറത്തുപോകാറില്ല. ഇതൊഴിവാക്കാൻ നാട്ടുകാരുടെ സഹായത്തോടെ മേൽക്കൂരക്ക് മേൽ പ്ലാസ്റ്റിക് ഷീറ്റ് ഇട്ടിരിക്കുകയാണിപ്പോൾ.വീടിനോട് ചേർന്ന കിണറ്റിലെ വെള്ളവും മലിനമായി.ഏറെക്കാലമായി കുടുംബം ഇവിടെ താമസിക്കുന്നുണ്ടെങ്കിലും സ്വന്തമായി ഭൂമി ഇല്ലാത്തതാണ് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് മേൽ കരിനിഴലായത്. അടുത്തിടെയാണ്  വീട് ഉൾപ്പെടുന്ന അഞ്ചര സെന്റ‌് സ്ഥലം രജിസ്റ്റർ ചെയ്ത് ലഭിച്ചത്. സ്ഥലം സ്വന്തമായി ലഭിച്ചതോടെ അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ്  കുടുംബം. ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതിനാൽ വിജയനും ഭാര്യയും നിത്യവൃത്തിക്കും മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള ചെലവ് കണ്ടെത്താൻ പോലുമാകാതെ ദുരിതത്തിലാണ്. ഇതിനിടെ വീട് നിർമിക്കാനും വെള്ളക്കെട്ട് കൊണ്ട് മൂടിയ പറമ്പും പാകപ്പെടുത്താനും സുമനസ്സുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഒരു നേരത്തെ അന്നത്തിനുവേണ്ടി പാടുപെടുന്ന ഈ കുടുംബത്തിന് ലഭിച്ചത് എപിഎൽ റേഷൻ കാർഡാണ് . മുമ്പ്  ബിപിഎൽ കാർഡായിരുന്നു. പല തവണ അപേക്ഷിച്ചെങ്കിലും കൂടിക്കാഴ്ചയ‌്ക്ക‌് ഹാജരാവുകയും ചെയ്തെങ്കിലും പരിഗണിക്കപ്പെട്ടില്ല. 
 
പ്രധാന വാർത്തകൾ
 Top