26 May Sunday

നാടിന്റെ തുടിപ്പറിഞ്ഞ‌്

സ്വന്തം ലേഖകൻUpdated: Friday Apr 19, 2019
കുറ്റ്യാടി
ആശുപത്രിയിലെ പ്രശ‌്നങ്ങൾ, രോഗത്തിന്റെ അവസ്ഥകൾ... വിഷയങ്ങൾ ചോദിച്ചറിഞ്ഞ‌്, സുഖവിവരങ്ങൾ തിരക്കി പി ജയരാജൻ.  മലയോര മേഖലയിലെ ജനങ്ങളുടെ ആതുരാലയമായ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ വ്യാഴാഴ‌്ച രാവിലെയാണ‌് എൽഡിഎഫ‌് സ്ഥാനാർഥി പി ജയരാജനെത്തിയത‌്. രോഗികൾക്കൊപ്പമുള്ളവരും ആശുപത്രി ഒപിയിലും പരിസരത്തും വാർഡുകളിലുമുള്ളവർ  സ്വീകരിച്ചു. ജനങ്ങൾക്കിടയിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാതെ അവരിൽ ഒരുവനായി പരാതിയും പരിഭവവും പറഞ്ഞവരെ ചേർത്തുപിടിച്ച‌് സാന്ത്വന വാക്കുകളോടെ ആശ്വാസം പകർന്ന് കുശലാന്വേഷണം. വാർഡുകളിൽ രോഗികളോടും കൂട്ടിരിപ്പുകാരോടും വിവരങ്ങളന്വേഷിച്ചു.  പോകാനിറങ്ങുമ്പോൾ പ്രായാധിക്യംകൊണ്ട് ചികിത്സ തേടിയെത്തിയ മാതുവമ്മയോട്  സുഖമല്ലേ എന്ന‌് ചോദിച്ചപ്പോൾ "പോരേലേക്കാളും സുഖാ ഇവിടെ. - മരുന്നിന് മരുന്ന്,  സ്നേഹമുള്ള ഡോക്ടർമാരും സിസ്റ്റർമാരും ഈലും ജാസ്തി ഇനിയെന്താ മേണ്ടേ’ മാതുവമ്മയുടെ മറുപടി.n ജനകീയ സംരംഭത്തിൽ പ്രവർത്തനമാരംഭിച്ച കുറ്റ്യാടിയിലെ സ്നേഹസ്പർശം ഡയാലിസിസ് സെന്ററിലെത്തി രോഗികളോടും ബന്ധുക്കളോടും സ്നേഹാന്വേഷണവും ജീവനക്കാരോടും സെന്ററിന്റെ കോ–-ഓഡിനേറ്റർ കെ പി കുഞ്ഞമ്മദ്കുട്ടിയോടും കെ കെ ലതികയോടും സ്ഥാപന നടത്തിപ്പിനെപ്പറ്റി അന്വേഷിച്ചു. മീത്തലെ വടയത്തെ കുടുംബസംഗമത്തിലും പങ്കെടുത്തു.  കാച്ചിക്കുറുക്കിയ വാക്കുകളിൽ എന്തിന് എൽഡിഎഫിനെ വിജയിപ്പിക്കണമെന്ന് വിശദീകരിച്ച് അടുത്ത കേന്ദ്രത്തിലേക്ക്. കുന്നുമ്മൽ പഞ്ചായത്തിലെ മധുകുന്നിലെ കുടുംബസംഗമത്തിലെത്തുമ്പോൾ  യുവാക്കളും യുവതികളും സ്ത്രീകളും അടങ്ങിയ വൻ ജനാവലി  മുദ്രാവാക്യം വിളിച്ചാണ്  പ്രിയസാരഥിയെ സ്വീകരിച്ചത്. അടുത്ത  കുടുംബസംഗമം  പുറമേരി പഞ്ചായത്തിലെ നടേമ്മലായിരുന്നു. ആർഎസ‌്എസ്സുകാർ  വെട്ടിയരിഞ്ഞ ശരീരത്തിന്റെ വേദനയെല്ലാം മറന്ന് ജനഹൃദയങ്ങൾ കീഴടക്കി ജനങ്ങളുടെ സ‌്നേഹപ്രകടനത്തിൽ ആഹ്ലാദഭരിതനായി വടകരയുടെ സ്വന്തം ജയരാജൻ പര്യടനം തുടർന്നു.
 
 
പ്രധാന വാർത്തകൾ
 Top