04 June Thursday

കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾക്കെതിരെ ഡെപ്യൂട്ടി മേയർ ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 19, 2020
കണ്ണൂർ
യുഡിഎഫുമായുള്ള ധാരണ കാറ്റിൽ പറത്തി കണ്ണൂർ കോർപറേഷൻ ഡപ്യൂട്ടി  മേയർ  പി കെ രാഗേഷ്‌ കോൺഗ്രസ്, മുസ്ലിംലീഗ്‌ നേതാക്കളെ വേട്ടയാടുന്നു.  പള്ളിക്കുന്ന്‌ ബാങ്കുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കുമെന്നും ബാങ്കിൽനിന്ന്‌ പിരിച്ചുവിട്ട കോൺഗ്രസ്‌, ലീഗ്‌  പ്രവർത്തകരായ ജീവനക്കാരെ  തിരിച്ചെടുക്കുമെന്നുമായിരുന്നു കെ  സുധാകരൻ എംപിയുടെ സാന്നിധ്യത്തിൽ യുഡിഎഫ്‌  നേതാക്കളും രാഗേഷുമുണ്ടാക്കിയ  ധാരണ. പള്ളിക്കുന്ന്‌ ബാങ്ക്‌ പിരിച്ചുവിട്ട്‌ അഡ്‌മിനിസ്‌ട്രേറ്റർ ഭരണം ഏറ്റെടുക്കുന്നതിനിടയിൽ  രാഗേഷിനെ ആക്രമിച്ചുവെന്നായിരുന്നു കേസ്‌. 
ബാങ്കിന്റെ അന്നത്തെ സെക്രട്ടറിയും ദളിത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റുമായ വസന്ത്‌ പള്ളിയാന്മൂല, ലീഗ്‌ ജില്ലാ കൗൺസിൽ അംഗം കെ പി റാസിഖ്‌, യൂത്ത്‌ ലീഗ്‌ പള്ളിക്കുന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി എം കെ ഫൈസൽ, കെ വി ഷിഹാബ്‌  തുടങ്ങിയവരാണ്‌ പ്രതികൾ. മജിസ്‌ട്രേട്ട്‌, സെഷൻസ്‌ കോടതികൾ ഈ കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന്‌ കണ്ട്‌ തള്ളി. 
എന്നാൽ രാഗേഷ്‌ കേസിൽനിന്ന്‌ പിൻവാങ്ങാൻ തയ്യാറായില്ല.  ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി പ്രതികൾക്ക്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. ആഗസ്‌തിലാണ്‌ യുഡിഎഫ്‌ കരാർ പ്രകാരം രാഗേഷ്‌ കോൺഗ്രസിൽ തിരിച്ചെത്തുന്നതും  ഡപ്യൂട്ടി മേയറാവുന്നതും. ഒക്ടോബറിലാണ്‌ രാഗേഷ്‌ ധാരണ തെറ്റിച്ച്‌  കോൺഗ്രസ്‌, ലീഗ്‌ നേതാക്കൾക്കെതിരെ  ഹൈക്കോടതിയെ സമീപിച്ചത്‌.
പള്ളിക്കുന്ന്‌ ബാങ്കിൽനിന്ന്‌ പിരിച്ചുവിട്ട വസന്ത്‌ പള്ളിയാന്മൂല, കെ പി റാസിഖ്‌, കോർപറേഷൻ കൗൺസിലർ ചാത്തോത്ത്‌ നസ്‌റത്തിന്റെ   ഭർത്താവ്‌ പി കെ ഹാരീസ്‌, കെ സുധാകരൻ എംപിയുടെ ഡ്രൈവർ ടി കെ നിനിൽ, മുൻ കോൺഗ്രസ്‌ പള്ളിക്കുന്ന്‌   മണ്ഡലം പ്രസിഡന്റ്‌ കെ രൂപേഷ്‌ എന്നിവരെ  ഇതുവരെ തിരിച്ചെടുക്കാൻ തയ്യാറായിട്ടില്ല. 
ധാരണയുണ്ടാക്കിയ കെ സുധാകരൻ ഇക്കാര്യത്തിൽ ഇടപെട്ടില്ല. ഇതിനെതിരെ  കോൺഗ്രസിലും ലീഗിലും അമർഷം പുകയുകയാണ്‌. ധാരണ പ്രകാരം  മാർച്ചിൽ  കോൺഗ്രസ്‌ മേയർ സ്ഥാനം ലീഗിന്‌ കൈമാറേണ്ടതാണ്‌. അതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമാകുന്നതിനിടയിലാണ്‌  രാഗേഷ്‌  കേസുമായി മുന്നോട്ടുപോകുന്നത്‌.
പ്രധാന വാർത്തകൾ
 Top