22 October Thursday

പോരാട്ട പ്രതിജ്ഞയോടെ നൂറാണ്ടിന്റെ ഓർമ

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020

കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഇന്ത്യ രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തുന്നു

കണ്ണൂർ
നിസ്വജനതയുടെ വിമോചന സ്വപ്‌നങ്ങൾക്കു നിറം പകർന്ന കമ്യൂണിറ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ രൂപീകരണത്തിന്റെ നൂറാം വാർഷികം  ജില്ലയിൽ ആവേശപൂർവം ആഘോഷിച്ചു. സിപിഐ എം നേതൃത്വത്തിൽ ബ്രാഞ്ചുകളിലും പാർടി ഓഫീസുകളിലും ചെങ്കൊടി ഉയർത്തിയായിരുന്നു ആഘോഷം. ഇരുപതിനായിരത്തോളം കേന്ദ്രങ്ങളിൽ പതാക ഉയർത്തി.  തലമുറകൾ പൊരുതി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യ–- മതനിരപേക്ഷ മൂല്യങ്ങളും സംരക്ഷിക്കാൻ പോരാട്ടം തുടരുമെന്ന്‌ പ്രവർത്തകർ പ്രതിജ്ഞ ചെയ്‌തു. 
കോവിഡ്‌ പരിമിതികൾക്കിടയിലും പാർടി ഓഫീസുകളും പ്രധാന കേന്ദ്രങ്ങളുമെല്ലാം കൊടിതോരണങ്ങളാൽ അലങ്കരിച്ചിരുന്നു. പാർടിയുടെ ചോരകിനിയുന്ന ചരിത്രത്തിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ എന്നിവയും സംഘടിപ്പിച്ചു. വൈകിട്ട്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഉദ്‌ഘാടന പ്രസംഗം ഓൺലൈനായി മുഴുവൻ പ്രവർത്തകരിലുമെത്തിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരകമന്ദിരത്തിൽ രാവിലെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പതാക ഉയർത്തി. പാട്യം ഗോപാലൻ പഠനഗവേഷണ കേന്ദ്രം തയ്യാറാക്കിയ ‘ചരിത്രം സമരായുധം’ ഡിജിറ്റൽ മാഗസിൻ പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഓൺലൈനായി പ്രകാശനം ചെയ്‌തു. ഡയറക്ടർ പി ഹരീന്ദ്രൻ സംസാരിച്ചു. സി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു.
പാട്യത്തെ പാട്യം ഗോപാലൻ സ്‌മാരക മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ പതാക ഉയർത്തി. പാട്യം രാജൻ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയിംസ്‌ മാത്യു എംഎൽഎ പുഴാതി രാമതെരുവിലും എ എൻ ഷംസീർ എംഎൽഎ കോടിയേരി മാടപ്പീടികയിലും പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ വത്സൻ പനോളി കൂത്തുപറമ്പ്‌ നൂഞ്ഞമ്പാറ ഈസ്‌റ്റിലും കാരായി രാജൻ കതിരൂർ ടൗണിലും എൻ ചന്ദ്രൻ മൂന്നാംപാലത്തും ടി ഐ മധുസൂദനൻ പയ്യന്നൂരിലും പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി കെ ഗോവിന്ദൻ മലപ്പട്ടം പൂക്കണ്ടം ബ്രാഞ്ചിൽ പതാക ഉയർത്തി. പയ്യന്നൂർ വെള്ളൂരിൽ സി കൃഷ്‌ണൻ എംഎൽഎയാണ്‌ പതാക ഉയർത്തിയത്‌.  കണ്ണൂർ ദേശാഭിമാനിയിൽ പി അജീന്ദ്രൻ പതാക ഉയർത്തി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top