20 November Wednesday

അമേരിക്കയിലെ അര്‍ബുദ ഗവേഷണ സ്ഥാപനത്തിന്‌ മലയാളി തലവൻ

സ്വന്തം ലേഖകൻUpdated: Friday Oct 18, 2019
തളിപ്പറമ്പ്
അമേരിക്കയിലെ പ്രശസ്ത അർബുദ ചികിത്സ–-- ഗവേഷണ സ്ഥാപനത്തിന്റെ തലവനായി മലയാളി ഡോക്ടർ ചുമതലയേറ്റു. ചപ്പാരപ്പടവ് ശാന്തിഗിരിയിലെ ഡോ. ജയിം എബ്രഹാമാണ്  ഒഹിയോവിലെ ക്ലീവ്‌ലാന്റ് ക്ലിനിക്ക് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ ഓങ്കോളജി വിഭാഗം ചെയർമാനായി ചുമതലയേറ്റത്. ഈ തസ്തികയിൽ നിയമിക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ ഡോക്ടറും മലയാളിയുമാണ് ഡോ. ജയിം ഏബ്രഹാം. 
ലോകമാകെ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്നതിന് ഓഹിയോ ആസ്ഥാനമായി 1921ൽ സ്ഥാപിച്ചതാണ് ക്ലീവ് ലാന്റ് ക്ലിനിക്ക്. ക്യാൻസർ ചികിത്സാ മേഖലയിലെ  സർക്കാർ- –-സർക്കാരിതരസ്ഥാപനങ്ങളുടെയും സമിതികളുടെയും പ്രധാന ചുമതലകൾ വഹിക്കുന്ന ഡോ. ജയിം എബ്രാഹിമിന്‌ നിരവധി ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്‌. ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. 
കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ് നേടിയ ഡോ. ജയിം ഉപരിപഠനത്തിനാണ് അമേരിക്കയിലെത്തിയത്. നിലവിൽ ടൗസിങ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്തനാർബുദ വിഭാഗം ഡയരക്ടറാണ്. ചപ്പാരപ്പടവ് ശാന്തിഗിരിയിലെ പരേതനായ കുട്ടപ്പായി എന്ന കുന്നപ്പള്ളി  ഏബ്രഹാംമിന്റെയും ലൂസിയുടെയും മകനാണ്. തളിപ്പറമ്പ്‌ ലൂർദ്‌ ആശുപത്രി ഉടമ ഡോ. കെ ജെ ദേവസ്യയുടെ മകൾ ഷൈല ജോബിതയാണ് ഭാര്യ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top