26 September Monday

എല്ലാം ജൈവം, പ്രദീപന്റെ കൃഷി മാസ്സാണ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

കൂത്തുപറമ്പ് 

മനക്കരുത്തുണ്ടെങ്കിൽ മണ്ണിൽ പൊന്നുവിളയിക്കാമെന്ന് പ്രദീപൻ കാണിച്ചുതന്നത് കാടുകയറിയ എട്ടേക്കർ തരിശുഭൂമി പാട്ടത്തിനെടുത്ത് ഒന്നാന്തരം കൃഷിഭൂമിയാക്കി മാറ്റിയപ്പോഴാണ്.  കൂത്തുപറമ്പിൽനിന്ന് ചിറ്റാരിപ്പറമ്പിലേക്ക് പോകുമ്പോൾ പതിനാലാം മൈൽ കഴിഞ്ഞാൽ ഇടതുവശത്ത് രണ്ടിടങ്ങളിലായി ഏക്കറുകളോളം പരന്നുകിടക്കുന്ന ഈ  കൃഷിയിടം കാണാം. ‘‘കൃഷി ജീവിതമാർഗമല്ല അതിനോടുള്ള താൽപ്പര്യമാണ് എന്നെ കർഷകനാക്കിയത്’’ –-ചിറ്റാരിപ്പറമ്പ് കോട്ടയിലെ സി പ്രദീപന്റെ വാക്കുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്‌.  
15 ഏക്കറിൽ വാഴയും വിവിധ സ്ഥലങ്ങളിലായി എട്ടേക്കറിൽ പച്ചക്കറിയും വിളയിക്കുന്നു. ജൈവകൃഷിയിലൂടെ മെച്ചപ്പെട്ട ഉൽപ്പാദനമാണ് ലഭിക്കുന്നത്‌. ലാഭത്തേക്കാൾ കാർഷിക വിളകൾ വാങ്ങാനെത്തുന്നവരുടെ സംതൃപ്തിയാണ് പ്രദീപന്റെ സന്തോഷം. പതിനാലാം മൈലും ഇരട്ടക്കുളങ്ങരയിലും വിപണിക്കായി പ്രദീപൻ സ്റ്റാളുമൊരുക്കിയിട്ടുണ്ട്‌.  
ഭാര്യ ലിനിറ്റും സജീവമായി സഹായത്തിനുണ്ട്‌. മക്കളായ അശ്വതിയും, അമലും സ്റ്റാളുകളിലെ വിൽപ്പനക്ക്‌ സഹായിക്കുന്നു. പതിനാലാം മൈൽ റോഡരികിലെ തോട്ടത്തിൽ വെള്ളരിയുടെയും കക്കിരിയുടെയും വിളവെടുപ്പ് തുടങ്ങി. കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ വി ബാലൻ അധ്യക്ഷനായി. പി ജിനീഷ്, കെ വിനോദൻ, കെ ഷൈജ, അനിൽകുമാർ എന്നിവർ സംസാരിച്ചു. 
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  പച്ചക്കറി കൃഷി. സിപിഐ എം കോട്ടയിൽ ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം ചിറ്റാരിപ്പറമ്പ് മേഖലാ ട്രഷററുമാണ് പ്രദീപൻ. ഫോൺ: 9446960131.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top