കണ്ണൂർ
മഴക്കെടുതിയിൽ രൂക്ഷമായ ദുരിതമനുഭവിക്കുന്ന ചാലക്കുടി, ആലുവ മേഖലയിൽ രക്ഷാപ്രവർത്തനത്തിന് കണ്ണൂരിൽനിന്ന് 38 യാനങ്ങളും രക്ഷാപ്രവർത്തനത്തിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുമെത്തി. ആലുവ, ചാലക്കുടി ഭാഗങ്ങളിൽ നൂറുകണക്കിനാളുകൾ കുടുങ്ങി കിടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് വ്യാഴാഴ്ച രാത്രി കലക്ടർ മീർ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം എന്നിവരുടെ നേതൃത്വത്തിൽ ചെറുവള്ളങ്ങൾ സംഘടിപ്പിച്ചത്. 30 ലോറികളിൽ രാത്രിതന്നെ വള്ളങ്ങൾ കയറ്റി അയച്ചു. ചുമട്ടു തൊഴിലാളികളും വളപട്ടണം ഖലാസികളും സഹായത്തിനെത്തി. മീൻപിടിത്തത്തിന് ഉപയോഗിക്കുന്ന ഇടത്തരം യാനങ്ങളാണ് ഇവ. കണ്ണൂരിൽനിന്നുള്ള ബോട്ടുകളും തൊഴിലാളികളും ആലുവയിലും ചാലക്കുടിയിലുമെത്തിയ ഉടൻ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി.
അഴീക്കൽ, നീർക്കടവ്, മുഴപ്പിലങ്ങാട്, തലായി, അഴിയൂർ, ചോമ്പാല എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികളാണ് വള്ളങ്ങൾ ദുരിതാശ്വാസപ്രവർത്തനത്തിന് വിട്ടുനൽകിയത്. ആവശ്യമാണെങ്കിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ വള്ളങ്ങൾ എത്തിക്കാൻ തയ്യാറാണെന്ന് കണ്ണൂർ തഹസിൽദാർ വി എം സജീവൻ പറഞ്ഞു. 20ഓളം വള്ളങ്ങളും ലോറികളും തൊഴിലാളികളെയും ഒരുക്കി നിർത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മത്സ്യബന്ധന തുറമുഖങ്ങളിൽനിന്നുംവിവിധ ദുരിതാശ്വാസ മേഖലയിലേക്ക് ബോട്ടുകൾ എത്തിച്ചിട്ടുണ്ടെന്നും ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ തിരുവനന്തപുരത്ത് അറിയിച്ചു.