25 August Sunday

വയൽച്ചന്തം നിറയ‌്ക്കാൻ സഹകാരികളും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019
പിലാത്തറ
നെൽകൃഷിയിൽ നഷ്ടത്തിന്റെ കഥ ഇനി പഴങ്കഥ. കർഷകരോട് കൈകോർത്ത് ചെറുതാഴം പഞ്ചായത്തിലെ നെൽവയലിൽ ചെറുതാഴം സഹകരണ ബാങ്ക് കൃഷിയിറക്കുന്നു. അതിയടം, മേലതിയടം, ശ്രീസ്ഥ, രാമപുരം പാടശേഖരങ്ങളിലെ 250 ഏക്കറിലാണ് കൃഷിയിറക്കുക. പ്രാദേശികഘടകങ്ങളായ ജെ എൽ ജി ഗ്രൂപ്പുകൾക്കാണ‌് നേതൃത്വം. നാല് പാടശേഖരങ്ങൾക്കുമായി 11 ജെഎൽജി ഗ്രൂപ്പുകളാണുണ്ടാവുക. കൺവീനറുടെ നേതൃത്വത്തിലുള്ള കോ ഓഡിനേഷൻ കമ്മിറ്റിയും പ്രവർത്തിക്കും. 
മണ്ണ് പരിശോധന, വളപ്രയോഗം, ട്രാക്ടർ, നടീൽയന്ത്രം, മെതിയന്ത്രം എന്നിവയുടെ മോണിറ്ററിങ്ങും ഈ ഗ്രൂപ്പുകൾ നിർവഹിക്കും. ബാങ്ക് കർഷകർക്ക് പലിശരഹിത വായ്പനൽകും. ഉൽപന്നങ്ങൾ കർഷകർക്ക് നേരിട്ട് എടുക്കുകയോ ബാങ്കിൽ നൽകുകയോചെയ്യാം. ബാങ്ക് ഏറ്റെടുക്കുന്ന നെല്ല് പഞ്ചായത്തിന്റെ അധീനതയിലുള്ള മില്ലിൽ സംസ്കരിച്ച് വിപണനംചെയ്യും. മാർക്കറ്റിങ‌് ബാങ്ക്തന്നെ നേരിട്ട് ഏറ്റെടുക്കുന്നതിനാൽ ഇടനിലക്കാർ ഉണ്ടാവില്ല. കർഷകർക്ക് ന്യായവില കിട്ടും. ആവശ്യക്കാർക്ക് മില്ലിൽനിന്ന് തന്നെ അരി ശേഖരിക്കാം. ഒരു ഹെക്ടറിൽനിന്ന് എട്ടു ടൺ ഉൽപ്പാദനമാണ് ബാങ്ക് ലക്ഷ്യമിടുന്നത് .
തടയണകൾ, ജലസേചനസൗകര്യം എന്നിവയ‌്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഗവൺമെന്റിന്റെയും സഹായം ലഭ്യമാക്കും. കർഷകരുടെ പരമാവധി കൃഷിഭൂമി പ്രയോജനപ്പെടുത്തി ലാഭകരമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ‌് സി എം വേണുഗോപാലൻ പറഞ്ഞു. ശ്രീസ്ഥയിൽ നടന്ന കൃഷിക്കാരുടെ ആലോചനാ യോഗത്തിൽ വൈസ് പ്രസിഡന്റ‌് വി വി ഗോവിന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ‌് പി കുഞ്ഞിക്കണ്ണൻ, കൃഷി ഓഫീസർ പി നാരായണൻ, കെ ദാമോദരൻ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top