23 November Saturday

കണ്ണൂർ സഹകരണ സ്‌പിന്നിങ്‌ മില്ലിന്‌ ഐഎസ്‌ഒ ശുപാർശ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
കണ്ണൂർ
കണ്ണൂർ സഹകരണ സ്‌പിന്നിങ്‌ മില്ലിൽ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയായി. ടിയുവി നോർഡ്‌ ഇന്ത്യയാണ്‌ സർട്ടിഫിക്കേഷൻ ഓഡിറ്റിനുശേഷം മില്ലിനെ ഐഎസ്‌ഒ സർട്ടിഫൈഡ്‌ കമ്പനിയായി ശുപാർശ ചെയ്‌തത്‌. ഈ മാസം 14 മുതൽ 16 വരെയായിരുന്നു സർട്ടിഫിക്കേഷൻ ഓഡിറ്റിങ്. 
കേരളത്തിലെ പൊതുമേഖലയിൽ പ്രവർത്തിക്കുന്നവയിൽ ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന മലബാറിലെ ആദ്യ സ്‌പിന്നിങ് മില്ലാണ്‌ കണ്ണൂർ സഹകരണ സ്‌പിന്നിങ്‌ മിൽ. നവീകരണത്തിന്റെ ഭാഗമായി ആധുനിക മെഷീനുകൾ സ്ഥാപിച്ച്‌ നൂലിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്‌. ശ്രീലങ്കയിലേക്കും മ്യാൻമറിലേക്കും നൂൽ കയറ്റുമതിക്കുള്ള ഓർഡറും ലഭിച്ചിട്ടുണ്ട്‌. ചെയർമാൻ എം സുരേന്ദ്രന്റെയും എംഡി രമേഷ്‌ കുമാറിന്റെയും നേതൃത്വത്തിലാണ്‌ ഐഎസ്‌ഒ സർട്ടിഫിക്കേഷനുള്ള ശ്രമം തുടങ്ങിയത്‌. ഇതിന്റെ ഭാഗമായി തൊഴിൽ സാഹചര്യങ്ങളിലും മറ്റും മില്ലിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്‌ കൃത്യമായ മാർഗനിർദേശങ്ങളും ഉണ്ടാക്കി. ഗംഗാധരനാണ്‌ ഐഎസ്‌ഒ കോ–- ഓഡിനേറ്ററായി പ്രവർത്തിച്ചത്‌. അടുത്തകാലത്ത്‌ മില്ലിലെ താൽകാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തിയിരുന്നു. ഐഎസ്‌ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്നതോടെ യൂറോപ്യൻ രാജ്യങ്ങളിൽനിന്നടക്കം നൂൽ കയറ്റുമതിക്കുള്ള ഓർഡർ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top