27 September Sunday

ലീഗ്‌ എംഎൽഎയുടെ ജ്വല്ലറിത്തട്ടിപ്പ്‌ പയ്യന്നൂരിലും തലശേരിയിലും നിക്ഷേപകരുടെ സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

പയ്യന്നൂരിൽ നടന്ന സത്യഗ്രഹം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു

പയ്യന്നൂർ/തലശേരി
ജ്വല്ലറിയുടെ മറവിൽ കോടികളുടെ തട്ടിപ്പുനടത്തിയ മുസ്ലിംലീഗ്‌ എംഎൽഎ എം സി ഖമറുദ്ദീൻ രാജിവയ്‌ക്കണമെന്നും കുറ്റക്കാരായ മുഴുവനാളുകൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിലും തലശേരിയിലുമായിരുന്നു  ജനകീയ പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ നടന്ന സത്യഗ്രഹത്തിൽ പാർടി പ്രവർത്തകർക്ക്‌ പുറമെ ജനപ്രതിനിധികളും തട്ടിപ്പിനിരയായ നിക്ഷേപകരും പങ്കെടുത്തു. 
രാഷ്‌ട്രീയ–- സാമുദായിക സ്വാധീനമുപയോഗിച്ച്‌ നടന്ന ആസൂത്രിത തട്ടിപ്പിൽ ജീവിതസമ്പാദ്യമാകെ നഷ്ടമായവർക്ക്‌ ഉടൻ പണം ലഭ്യമാക്കണമെന്നും സമരത്തിൽ ആവശ്യപ്പെട്ടു.
ഇതിനകം ഏഴ്‌ കേസുകൾ രജിസ്‌റ്റർ ചെയ്‌ത പയ്യന്നൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ സത്യഗ്രഹം ഉദ്‌ഘാടനം ചെയ്‌തു. ഫാഷൻ ഗോൾഡ‌് സ്വർണ നിക്ഷേപ തട്ടിപ്പി‌ന‌് ഇരയായവർ കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്നും ഇതിനെതിരായി നിക്ഷേപകരുടെ സമരം ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‌ നിക്ഷേപകർ പലരും ഭീതിയിലാണെന്നും വിശ്വസിക്കുന്ന രാഷ‌്ട്രീയ പ്രസ്ഥാനം വഞ്ചിച്ചത‌് അവരെ പ്രയാസത്തിലാക്കിയെന്നും ജയരാജൻ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ‌് എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കൃഷ‌്ണൻ എംഎൽഎ, വി നാരായണൻ, ഏരിയാ സെക്രട്ടറി വി കുഞ്ഞികൃഷ‌്ണൻ എന്നിവർ സംസാരിച്ചു. 
തലശേരി പഴയ ബസ്‌സ്‌റ്റാൻഡിൽ സംസ്ഥാനകമ്മിറ്റി അംഗം എ എൻ ഷംസീർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ സെക്രട്ടറി എം സി പവിത്രൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി ശശി, വാഴയിൽ ശശി, എ കെ രമ്യ എന്നിവർ സംസാരിച്ചു.
കാസർകോട്‌ ജില്ലയിൽ 20 കേന്ദ്രങ്ങളിൽ സമരം നടന്നു. കാഞ്ഞങ്ങാട്ട്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം  പി കരുണാകരൻ ഉദ‌്ഘാടനം ചെയ‌്തു.  ചെറുവത്തൂരിൽ  ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണനും നീലേശ്വരത്ത്  എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രനും ഉദ്ഘാടനം ചെയ്‌തു.
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top