24 October Thursday

നടുറോഡിലുമാവാം നെൽകൃഷിയുടെ ഭംഗി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
വെള്ളരിക്കുണ്ട്
 റോഡിലെ ഒഴിഞ്ഞ സ്ഥലങ്ങൾ സിമന്റിട്ടും ഇന്റർലോക്കിട്ടും ഭംഗിയാക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത്‌   കുന്നുംകൈ ടൗണിൽ നെൽകൃഷി ചെയ്‌താണ്‌ കാഴ്‌ച്ചക്ക്‌ ഭംഗി പകരുന്നത്‌.  മലയോരത്തിന്റെ പ്രവേശനകവാടമാണ് കുന്നുംകൈ ടൗൺ. ചിറ്റാരിക്കാലിലേക്കും, വെള്ളരിക്കുണ്ട്, കൊന്നക്കാട്, കമ്പല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വഴിപിരിയുന്ന മൂന്ന് കൂടിയ വിശാലമായ കവല. അതിന്റെ ഒത്ത നടുക്കാണ് യാത്രക്കാരുടെ കണ്ണിനും മനസിനും കുളിർമ്മ നൽകുന്ന നെൽചെടികളുടെ മനോഹര കാഴ്ച. ഒരു വർഷം മുമ്പാണ് ഒരു കോടി രൂപ ചെലവഴിച്ച് കുന്നുംകൈ ടൗൺ നവീകരിച്ചത്. പണി പൂർത്തിയായപ്പോൾ നടുക്ക് കുറച്ച് ഭാഗത്ത്‌ ചെറിയ തുരുത്ത് ബാക്കിയായി.ഇവിടെ ത്രികോണാകൃതിയിൽ  സിമന്റ് ഉപയോഗിച്ച് കെട്ടിനിർത്തി. ഇവിടെയാണ് കർഷകസംഘം പ്രവർത്തകർ നെൽവിത്ത് വിതച്ചത്. വെറുമൊരു കൗതുകത്തിന് ചെയ്തതല്ല ഇതെന്ന് നെൽവിത്ത് വിതച്ച കർഷകസംഘം ഏരിയാ കമ്മിയംഗങ്ങളായ പി വിജയനും, യു കരുണാകരനും പറയുന്നു. തരിശുരഹിത ഭൂമിയെന്ന സർക്കാരിന്റെ ആഹ്വാനവും വിഷരഹിത ജൈവ കൃഷി എന്ന കർഷകസംഘം തീരുമാനവും ഈ പ്രവർത്തിക്ക് പിന്നിലുണ്ട്. യുവാക്കളെയും, പുതുതലമുറയേയും കൃഷിയിലേക്ക് ആകർഷിക്കാനും തൊടിയിലും, മട്ടുപ്പാവിലുംമാത്രമല്ല  ഏത് സ്ഥലവും കൃഷിക്ക് യോഗ്യമാണെന്ന സന്ദേശവും ഇതിലുണ്ട്. നൂറുകണക്കിന് ആളുകളാണ് ഓരോദിവസവും ഇതുവഴി കടന്നുപോകുന്നത്. അതിലൊരാളും ഈ കുളിർക്കാഴ്ച കാണാതെ പോകുന്നില്ല എന്നതാണ് സത്യം. ഉമ വിത്താണ് വിതച്ചത്. ചാണകവും, ഹോട്ടലുകളിലെ തേയില വേസ്റ്റും ആണ് വളമായി ഉപയോഗിച്ചത്. ജൈവ കീടനാശിനിയും ഉപയോഗിച്ചു. കൃഷി സംരക്ഷിക്കാൻ ഓട്ടോറിക്ഷ തൊഴിലാളികളും സജീവമാണ്. 
പ്രധാന വാർത്തകൾ
 Top