13 August Thursday

കണ്ണീർപാടങ്ങൾ

സ്വന്തം ലേഖകർUpdated: Saturday Aug 17, 2019

പെരുങ്കോന്നിലെ കളത്തിൽ വീട്ടിൽ പ്രദീപന്റെ നെൽകൃഷി നശിച്ച നിലയിൽ

കണ്ണൂർ
പേമാരിയിലും വെള്ളപ്പൊക്കത്തിലും ജില്ലയിലെ നെൽകൃഷിക്ക്‌ വൻ നാശം.  ഔദ്യോഗിക കണക്ക്‌ പ്രകാരം ജില്ലയിൽ കാർഷിക മേഖലയിലെ നഷ്‌ടം 49.67 കോടി  രൂപയാണ്‌. എന്നാൽ നെൽകൃഷിയിൽ മാത്രം ഇതിലേറെ നഷ്‌ടമുണ്ടായി.   1083 ഹെക്ടർ നെൽകൃഷി ദിവസങ്ങളായി വെള്ളത്തിൽ മുങ്ങിയെന്നാണ്‌ പ്രാഥമിക വിവരം.  കേളകം, കണിച്ചാർ, മയ്യിൽ, നാറാത്ത്‌, ചെങ്ങളായി, ഏഴോം, ഉദയഗിരി, തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ്, ആലക്കോട്  പഞ്ചായത്തുകളിലും ശ്രീകണ്‌ഠപുരം,  ആന്തൂർ നഗരസഭകളിലുമാണ്‌  വ്യാപക നാശം.
ചെങ്ങളായി പഞ്ചായത്തിൽ തവറൂർ, പെരിങ്കോന്ന്, കൊയ്യം, പാറക്കാടി, മലപ്പട്ടം പഞ്ചായത്തിലെ അടിച്ചേരി, കൊവുന്തല, ചൂളിയാട്, പാവന്നൂർകടവ് എന്നിവിടങ്ങളിലെ 25 ഏക്കറോളവും ഇരിക്കൂർ ചേടിച്ചേരി മേഖലയിലെ ഒരേക്കറോളവും കൃഷി നശിച്ചു. പടിയൂർ പഞ്ചായത്തിലെ കുയിലൂർ മേഖലയിലും ശ്രീകണ്ഠപുരം പ്രദേശത്തും നെൽകർഷകർക്കും  കണ്ണീരിന്റെ പേമാരിയായിരുന്നു.
മയ്യിൽ പഞ്ചായത്തിലെ പാവന്നൂർ, ഇരുവാപ്പുഴ നമ്പ്രം, കണ്ടക്കൈ, കയരളം, മുല്ലക്കൊടി, നണിയൂർ നമ്പ്രം, കൊളച്ചേരി പഞ്ചായത്തിലെ കൊളച്ചേരി, നാറാത്ത്‌, കുറ്റ്യാട്ടൂർ, ആന്തൂർ നഗരസഭയിലെ  ആന്തൂർ, നണിച്ചേരി,കോടല്ലൂർ, ചേര പാന്തോട്ടം, ഉടുപ്പ, കാനൂൽ, വെള്ളരിച്ചാൽ എന്നിവിടങ്ങളിലും  വെള്ളപ്പൊക്കത്തിൽ നെൽകൃഷി നശിച്ചു.  മയ്യിൽ പഞ്ചായത്തിൽ 252 ഹെക്ടറിൽ 182 ഹെക്ടറും നശിച്ചു. കൊളച്ചേരിയിൽ 20 ഹെക്ടറിലാണ്‌ നാശം. കുറ്റ്യാട്ടൂരിലെ 120 ഹെക്ടർ നെൽകൃഷിയിൽ 40 ഹെക്ടറിലാണ്‌ നാശം. നാറാത്ത്‌ എട്ട്‌ ഹെക്ടർ കൃഷി നശിച്ചു. ഏഴോത്ത് അവത്തേ കൈകയ്പാട്ടിൽ  100 ഏക്കറിലധികം കൃഷി നശിച്ചു. ആറു ലക്ഷം  രൂപ വായ്പയെടുത്താണ് കർഷകർ  കൃഷിയിറക്കിയത്. നരിക്കോട് പാടശേഖരത്തിലും വ്യാപകമായ നാശമുണ്ടായി. അടിപ്പാലം കോട്ടുമണലിലും വെള്ളം കയറി.   ചെറുതാഴം പഞ്ചായത്തിലെ അതിയടം, ശ്രീസ്ഥ, മേൽ അതിയടം, രാമപുരം, അറത്തിൽ പാടശേഖരങ്ങളിലായി 50 ഏക്കറിലധികം  നെൽകൃഷി നശിച്ചു.  കടന്നപ്പള്ളി–- പാണപ്പുഴ പഞ്ചായത്തിലെ കൊക്കോട്ടു വയലിൽ 30 ഏക്കർ  കൃഷി നശിച്ചു. കുഞ്ഞിമംഗലം പഞ്ചായത്തിലും   നാശമുണ്ടായി. 
അപേക്ഷാ തിയതി നീട്ടിയേക്കും
വെള്ളപ്പൊക്കത്തിൽ കൃഷി നശിച്ചവർക്ക്‌ അപേക്ഷ നൽകാനുള്ള തിയതി നീട്ടിയേക്കും. നിലവിൽ ശനിയാഴ്‌ചയാണ്‌ അപേക്ഷ നൽകാനുള്ള അവസാന തിയതി. എന്നാൽ നൂറുകണക്കിന്‌ അപേക്ഷകരാണ്‌ കൃഷിഭവനിൽ ദിവസേന എത്തുന്നത്‌. ഇതിൽ മിക്കവരും ദുരിതാശ്വാസ ക്യാമ്പിലും ബന്ധുവീടുകളിലുമായതിനാൽ അപേക്ഷ നൽകുന്ന വിവരം അറിഞ്ഞില്ല. പ്രാദേശികമായി അപേക്ഷ സ്വീകരിക്കുന്ന സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. 
വെള്ളിയാഴ്‌ച മുതൽ കൃഷി ഭവനിൽ നേരിട്ടെത്തിയാണ്‌ അപേക്ഷ നൽകുന്നത്‌. കർഷക സംഘത്തിന്റെയും മറ്റും നേതൃത്വത്തിൽ ഹെൽപ്‌ ഡസ്‌ക്‌ അടക്കം പ്രവർത്തിക്കുന്നുണ്ടെങ്കിലും കർഷകരുടെ ബാഹുല്യം കാരണം അപേക്ഷ മുഴുവൻ സ്വീകരിക്കാനാവുന്നില്ല. കൃഷി ഓഫീസിൽനിന്ന്‌ ഇരുപതിനകം അപേക്ഷ കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം. മുപ്പതിനകം സർക്കാരിന്‌ ലഭിക്കണം. 
കർഷകസംഘം ജില്ലാകമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷാ തിയതി നീട്ടിയതായി അറിയുന്നു. സെപ്‌തംബർ എട്ടുവരെ അപേക്ഷിക്കാമെന്നാണ്‌ കർഷക സംഘം നേതാക്കളെ ബന്ധപ്പെട്ടവർ  അറിയിച്ചത്‌. തിയതി നീട്ടിയില്ലെങ്കിൽ അർഹരായ ഒട്ടേറെ പേരുടെ ആനുകൂല്യം  നഷ്ടമാവുമെന്ന്‌ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 
പ്രദീപന്റെ കൃഷി പ്രളയമെടുത്തു
ശ്രീകണ്‌ഠപുരം
ജൈവകൃഷി രീതി പിന്തുടരുന്ന പെരുങ്കോന്നിലെ കളത്തിൽ വീട്ടിൽ പ്രദീപന്‌ വൻ നഷ്ടം.  ബസ് ക്ലീനറായിരുന്ന പ്രദീപൻ ഇരുപത് വർഷം മുമ്പായിരുന്നു  കാർഷിക ജീവിതത്തിലേക്ക് തിരിഞ്ഞത്. സ്വന്തമായ  അഞ്ച് ഏക്കർ സ്ഥലത്തും തരിശായിക്കിടന്ന മറ്റ് കൃഷിയിടത്തിലും പ്രദീപൻ കഠിനാധ്വാനത്തിലൂടെ നേട്ടം  കൊയ്‌തു. നെല്ലും വാഴയും പച്ചക്കറികളുമായിരുന്നു സ്ഥിരമായി വിളയിച്ചത്. കഴിഞ്ഞ വർഷം മുതൽ മീനും കോഴിയും മുയലും ഉൾപ്പെടെയുള്ളവ  തുടങ്ങി.   പ്രളയം തകർത്തത് പ്രദീപന്റെ സ്വപ്‌നങ്ങളെയായിരുന്നു. മൂന്നരയേക്കർ നെൽകൃഷി ഉൾപ്പെടെ നഷ്ടമായി. നാല് ലക്ഷം രൂപയുടെ കൃഷി നാശം. വീട്ടിൽ സൂക്ഷിച്ച  നെൽവിത്തുകളും മുളച്ച് പൊങ്ങി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top