06 August Friday

വെള്ളിവെളിച്ചം കാത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 17, 2021
തലശേരി
വെള്ളിത്തിരയിൽ വെളിച്ചമെത്തുന്നതും കാത്തിരിക്കുകയാണ്‌ ഫിലിം ഓപ്പറേറ്റർ ധർമടം ബ്രണ്ണൻ കോളേജിനടുത്ത എ ഇ സജീവ്‌കുമാർ. ഓലമേഞ്ഞ ടാക്കീസിലെ പഴയ ഫോട്ടോഫോൺ മെഷീനിൽ തുടങ്ങിയ സിനിമാ ഓപ്പറേറ്ററുടെ ജീവിതയാത്രയിലാണ്‌ കോവിഡ്‌ ഇരുൾ വീഴ്‌ത്തിയത്‌. മുപ്പത്തിയൊന്ന്‌ വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇത്രയേറെക്കാലം ടാക്കീസ്‌ അടച്ചിട്ടത്‌ ആദ്യമെന്ന്‌ തലശേരി ലിബർട്ടി ടാക്കീസിലെ സിനിമാ ഓപ്പറേറ്ററായ സജീവ്‌കുമാർ പറയുന്നു. 
   കോവിഡിനോളം ചലച്ചിത്രമേഖലയെ തകർത്ത മറ്റൊരു ദുരന്തമില്ല. മാസങ്ങൾ അടച്ചിട്ട്‌ തുറന്നതിനുപിന്നാലെയാണ്‌ രണ്ടാംതരംഗമെത്തിയതും ലോക്ക്‌ വീണതും. പോസ്‌റ്ററൊട്ടിക്കുന്നവർ മുതൽ നിർമാതാവുവരെ എല്ലാവരും പ്രതിസന്ധിയിലായി. ടാക്കീസ്‌ തുറക്കുന്നതും കാത്ത്‌ ഒരുപിടി ചിത്രങ്ങൾ പെട്ടിയിലുണ്ട്‌. 
ഓണത്തിൽ പ്രതീക്ഷ
ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട്‌ ജീവിക്കുന്ന പതിനായിരങ്ങളെയാണ്‌ അടച്ചിടൽ ബാധിച്ചത്‌. ഓണക്കാലത്തെങ്കിലും ടാക്കീസുകളിൽ സിനിമയെത്തുമെന്ന പ്രതീക്ഷയിലാണിപ്പോൾ. ഒന്നാം തരംഗത്തിനുശേഷം സിനിമക്ക്‌ ഉണർവേകിയ വിജയ്‌ ചിത്രം ‘മാസ്‌റ്റർ’ പോലെ മറ്റൊന്ന്‌ വരുമെന്നാണ്‌ പ്രതീക്ഷ. 
    തിയേറ്റർ അടച്ചപ്പോൾ ഒടിടി റിലീസിലൂടെ പിടിച്ചുനിൽക്കാൻ ശ്രമിച്ച നിർമാതാക്കളുണ്ട്‌. അതേസമയം, ഒടിടി റിലീസിങ്‌ ചലച്ചിത്രമേഖലക്ക്‌ ഗുണംചെയ്യില്ലെന്ന്‌ കരുതുന്നവരും ഏറെ. ഓൺലൈനിൽ റിലീസ്‌ ചെയ്‌ത സിനിമകൾ കോപ്പിചെയ്‌ത്‌ ടെലഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെത്തിയതും വലിയ ചർച്ചയായി.
സർക്കാർപിന്തുണ വേണം
സിനിമ അനുബന്ധമേഖലയാകെ ലോക്കായ നിലയിലാണെന്ന്‌ ഫിലിം എക്‌സിബിറ്റേഴ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ലിബർട്ടി ബഷീർ പറഞ്ഞു. ജീവിതമാർഗം മുട്ടി. തിയേറ്റർ ഉടമകളിൽ 10 ശതമാനം മാത്രമാണ്‌ ഭേദപ്പെട്ട നിലയിലുള്ളവർ. ബാക്കിയുള്ളവരുടെ കാര്യം കഷ്‌ടമാണ്‌. 
ഒടിടി റിലീസ്‌ ചെയ്യാതെവച്ച ‘മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം’ സംസ്ഥാനത്തെ 650 തിയേറ്ററിലും മൂന്നാഴ്‌ച പ്രദർശിപ്പിക്കാൻ ധാരണയായിട്ടുണ്ട്‌. ടാക്കീസ്‌ തുറക്കാൻ അനുമതി ലഭിക്കുന്നമുറയ്‌ക്ക്‌  പ്രദർശനത്തിനെത്തും. കഴിഞ്ഞ ലോക്‌ഡൗണിൽ സർക്കാരിന്റെ പിന്തുണ സിനിമാമേഖലയ്‌ക്ക്‌ ലഭിച്ചു.  ഇത്തവണയും അത്‌ പ്രതീക്ഷിക്കുന്നുണ്ടെന്ന്‌ ലിബർട്ടി ബഷീർ പറഞ്ഞു.
മറ്റുമാർഗമില്ല 
25 വർഷമായി വിവിധ തിയേറ്ററുകളിലായി ഓപ്പറേറ്റർജോലി ചെയ്യുകയാണ്. ലോക്‌ഡൗൺ ഇതുവരെയില്ലാത്ത പ്രതിസന്ധിയാണ് കൊണ്ടുവന്നത്. താൽക്കാലിക ആശ്വാസത്തിനായി പല ജോലിക്കും ശ്രമിച്ചെങ്കിലും  കാര്യമുണ്ടായില്ല. ഈ ജോലിയല്ലാതെ മറ്റൊരു മാർഗമില്ല.
സിനിമാ ഓപ്പറേറ്റർ
ബേബി സിനിമാസ്, 
കൂത്തുപറമ്പ്

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top